ഹേമ കമ്മിറ്റി റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്‌ക. കമ്മിറ്റി കാണേണ്ട ആളുകളെ തെരഞ്ഞെടുത്ത രീതിയിൽ ഫെഫ്‌ക്കയ്‌ക്ക് വിയോജിപ്പുണ്ടെന്ന് ഫെഫ്‌ക ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡബ്ല്യൂസിസിക്ക് അയച്ചതു പോലെയുള്ള ചോദ്യാവലി എന്തുകൊണ്ട് തങ്ങൾക്ക് അയച്ചില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ ചോദിച്ചു.
നിർമ്മാതാക്കളുടെയും താരങ്ങളുടെയും സംഘടന എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു? വലിയ ട്രേഡ് യൂണിയനായ ഫെഫ്ക്കയുടെ നേതാക്കളെയും കണ്ടില്ല. കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലും ഫെഫ്ക്കയുടെ വനിതാ അംഗങ്ങൾ ഉൾപ്പെട്ടില്ല. ഫെഫ്‌ക ഡാൻസേഴ്‌സ് യൂണിയനിലെ രണ്ട് വനിത അംഗങ്ങളെ കമ്മിറ്റി കേട്ടു. അവർക്ക് നേരെ ലൈംഗിക ചൂഷണം ഉണ്ടായില്ല എന്നാണ് അവർ മൊഴി നൽകിയത്. എന്നാൽ കമ്മിറ്റി രേഖപ്പെടുത്തിയത് വസ്‌തുതകൾ മറച്ചു വെച്ച് മൊഴി നൽകി എന്നാണെന്നും ഫെഫ്‌ക പറഞ്ഞു.
അതേസമയം, മലയാള സിനിമയുടെ ചരിത്രത്തിലെ നിർണ്ണായക ഡോക്യുമെൻ്റാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നും ഫെഫ്‌ക ഭാരവാഹികൾ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകൾ പുറത്ത് വരണമെന്നും ബി. ഉണ്ണികൃഷ്‌ണൻ ആവശ്യപ്പെട്ടു. സിനിമയിലെ ലൈംഗിക അതിക്രമത്തെ ഫെഫ്‌ക യാഥാർത്ഥ്യമായി കാണുന്നു.
വർഷങ്ങൾക്ക് ശേഷം പരാതി നൽകിയാലും വിമർശിക്കാൻ കഴിയില്ല. സിനിമയിലെ നല്ല ആളുകളുടെയും ചീത്ത ആളുകളുടെയും കണക്കെടുപ്പല്ല ഈ റിപ്പോർട്ട് എന്ന് ഫെഫ്‌ക്കയ്‌ക്കറിയാം. മലയാള സിനിമയിലെ പവർ ഗ്രൂപ്പ് സംബന്ധിച്ച അവ്യക്തത മാറണം. 15 അംഗ പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അവരുടെ പേരുകൾ പുറത്ത് വരണം.
ഒരു നടനാണ് ഫെഫ്‌ക ഉണ്ടാക്കിയത് എന്ന പരാമർശം, കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് ദൗർഭാഗ്യകരമാണ്. ഡബ്ല്യൂസിസി അംഗങ്ങളെ സിനിമയിൽ നിന്ന് മാറ്റി നിർത്തി എന്ന പരാമർശത്തെ കുറിച്ച് ഫെഫ്‌ക പരിശോധിച്ചു. എന്നാൽ ആ നിരീക്ഷണം വസ്‌തുതാപരമല്ല. പാർവ്വതി തിരുവോത്ത് ഡബ്ല്യൂസിസിയിൽ അംഗമാവുന്നതിന് മുൻപും ശേഷവും സിനിമകൾ ചെയ്‌തിട്ടുണ്ട്. പിന്നീട് സിനിമകളിലേയ്‌ക്ക് ക്ഷണിച്ചെങ്കിലും പ്രതിഫലമടക്കമുള്ള വിഷയങ്ങളെ തുടർന്ന് ഒഴിവാകുകയായിരുന്നു.
സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന പരാതി പരിഹാര സെൽ രൂപീകരിച്ചതായും ഫെഫ്‌ക അറിയിച്ചു. സെപ്റ്റംബർ 25 മുതൽ ഇത് നിലവിൽ വരും. ഫെഫ്‌ക ജനറൽ സെക്രട്ടറി എന്ന നിലയിൽ നയരൂപീകരണ സമിതിയിൽ പങ്കെടുത്ത് സംഘടനയുടെ നിലപാട് അറിയിക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. നയരൂപീകരണ സമിതി അംഗമായിരിക്കെ അത് സാധ്യമാകില്ല, അതിനാൽ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പിന് കത്ത് നൽകിയെന്നും ബി. ഉണ്ണികൃഷ്‌ണൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Also Read: കാസ്‌റ്റിങ് കൗച്ച് ഉണ്ട്, പവർ ഗ്രൂപ്പില്ല; വിവാദങ്ങളില്‍ പ്രതികരിച്ച് ബി ഉണ്ണികൃഷ്‌ണൻ - B Unnikrishnan about Power Group