കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ 1994 നു ശേഷം ഒരു ഇന്ത്യൻ ചിത്രം മത്സരവിഭാഗത്തിൽ ആദ്യാവസാനം വരെ മത്സരിക്കുന്നത് ഇതാദ്യം. മറാത്തി സംവിധായിക പായൽ കപാഡിയ ഒരുക്കിയ 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' 2024 ൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം.
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ കനി കുസൃതി, ദിവ്യ പ്രഭ തുടങ്ങിയവർ രാജ്യാഭിമാനം വാനോളം ഉയർത്തി പ്രശസ്‌തിയുടെയും പ്രശംസയുടെയും കൊടുമുടിയിലാണ്. ഈ അഭിമാന നിമിഷത്തിൽ ചിത്രത്തിൽ മറ്റൊരു മർമ്മ പ്രധാന വേഷം കൈകാര്യം ചെയ്‌ത അസീസ് നെടുമങ്ങാട് തൻ്റെ സന്തോഷം ഇടിവി ഭാരതിനോട് പങ്കുവെച്ചു .
അസീസിന്‍റെ വാക്കുകൾ:
"ഒരിക്കലും ഉൾക്കൊള്ളാനാകാത്ത സന്തോഷം, ജീവിതത്തിൽ ഒരിക്കലും ഞാൻ ഭാഗമായ ഒരു സിനിമ ആഗോള തലത്തിൽ ചർച്ച വിഷയം ആകുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ല . മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിക്കുക, അവസരങ്ങൾ കൃത്യമായി ലഭിക്കുന്ന ഒരു കലാകാരനായി മാറുക എന്ന ഉദ്ദേശത്തോടു കൂടി മിമിക്രിയിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയ വ്യക്‌തിയാണ് ഞാൻ. ഇവയൊക്കെ ഒതുങ്ങി കൂടുക എന്ന ചിന്തയുള്ള എന്നെപോലെ ഒരാൾ ഭാഗമായ സിനിമയ്ക്ക് ലഭിച്ച അഗീകാരം വലിയ സന്തോഷം പകരുന്നതാണ്.
സത്യത്തിൽ ഓൾ വി ഇമാജിൻ അസ് ലൈറ്റ് ലോക ശ്രദ്ധ ആകർഷിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സത്യത്തിൽ ചിത്രം കാനിൽ പ്രദർശിപ്പിക്കുന്നതിനു സെലക്ഷൻ കിട്ടി എന്നറിഞ്ഞപ്പോഴേ വലിയ അഭിമാനം തോന്നി. ഗ്രാൻഡ് പ്രിക്‌സ് ലഭിച്ചതോടെ ഉള്ളിലെ ആഹ്ളാദം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ സംവിധായികയ്‌ക്കൊപ്പം വർക്ക് ചെയ്യുന്നത്. പായൽ കപാഡിയ എന്ന സംവിധായികയെക്കുറിച്ച് സത്യത്തിൽ എനിക്കറിയില്ലായിരുന്നു. അവരുടെ മുൻ സിനിമകളെക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല.
പായൽ കപാഡിയ എന്ന സംവിധായികയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് സത്യത്തിൽ ലൊക്കേഷനിൽ വച്ചാണ്. സിനിമയുടെ ഒരു പ്രത്യേക തരംഗം ചിത്രീകരിക്കുന്ന സമയം ധാരാളം ജൂനിയർ ആർട്ടിസ്‌റ്റുകളെ ആവശ്യമായി ഉണ്ട്. ആശുപത്രി സീൻ ആയതുകൊണ്ട് തന്നെ നഴ്‌സിൻ്റെ വേഷത്തിലാണ് മലയാളി പെൺകുട്ടികളായ ജൂനിയർ ആർട്ടിസ്‌റ്റുകൾക്ക് വേഷമിടേണ്ടത്. ജൂനിയർ ആർട്ടിസ്‌റ്റുകളായി എത്തിയ പലരും പൂനെ അടക്കമുള്ള ഫിലിം ഇൻസ്‌റ്റ്യൂട്ടുകളിൽ നിന്നും അഭിനയം പഠിച്ച് എത്തിയവരാണ്. അവർ പരസ്‌പരം സംവിധായികയായ പായൽ കപാഡിയയെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേൾക്കാനിടയായി. പായൽ കപാഡിയയുടെ ഒരു ചിത്രത്തിൽ ഏതെങ്കിലും ഒരു പാസിങ് ഷോട്ടിൽ അഭിനയിച്ചാലും മതി എന്നുള്ള ആഗ്രഹമായിരുന്നു ചർച്ചാവിഷയം.