ദുൽഖർ സൽമാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. സിനിമയുടെ ട്രെയിലര്‍ റിലീസ് തീയതി പുറത്ത്. ഒക്ടോബർ 21നാണ് 'ലക്കി ഭാസ്‌കര്‍' ട്രെയിലര്‍ റിലീസ് ചെയ്യുക. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദീപാവലി റിലീസായി ഒക്ടോബർ 31ന് ചിത്രം തിയേറ്ററുകളിലും എത്തും.
ഒരു സാധാരണക്കാരൻ്റെ അസാധാരണമായ കഥയാണ് ചിത്രം പറയുന്നത്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ്. ചിത്രത്തില്‍ ഒരു ബാങ്ക് കാഷ്യറുടെ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റർറ്റെയിന്‍മെന്‍റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശ്രീകര സ്‌റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുക.