മെഗാസ്‌റ്റാർ മമ്മൂട്ടിക്ക് ആസിഫ് അലിയുടെ വക മധുരമുള്ള ഒരുമ്മ. 'രേഖാചിത്രം' സിനിമയുടെ സക്‌സസ് മീറ്റിനിടെയാണ് ആ അസുലഭ മുഹൂർത്തത്തിന് വേദിയൊരുങ്ങിയത്. വിജയാഘോഷത്തിന്‍റെ ഭാഗമായി മധുരം വിളമ്പുന്നതിനിടെയായിരുന്നു ആസിഫ് അലി മമ്മൂട്ടിക്ക് സ്നേഹ ചുംബനം നൽകിയത്.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. സിനിമയുടെ വിജയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്‍റെ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയിരുന്നു. ജോഫിൻ ടി ചാക്കോ നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, വേണു കുന്നപ്പള്ളി, ആസിഫ് അലി, അനശ്വര രാജൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
2022ല്‍ റിലീസായ മമ്മൂട്ടിയുടെ മിസ്‌റ്ററി ത്രില്ലര്‍ 'റോഷാക്കി'ല്‍ മുഖം കാണിക്കാതെ അഭിനയിച്ചതിന്, ആസിഫ് അലിക്ക് മമ്മൂട്ടി ഒരു റോളക്‌സ് വാച്ച് സമ്മാനമായി നല്‍കിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി നായകനായ 'രേഖാചിത്ര'ത്തില്‍ മമ്മൂട്ടിയും ഭാഗമായിരിക്കുകയാണ്. ഇതിന് താന്‍ എന്ത് നല്‍കണമെന്ന ആസിഫ് അലിയുടെ ചോദ്യത്തിന് കവിളിൽ ഒരു ചുംബനം സമ്മാനമായി നൽകാൻ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.
മമ്മൂട്ടി ചോദിക്കേണ്ട താമസം, ആസിഫ് അലി മമ്മൂട്ടിയുടെ കവിളിൽ ചുംബിച്ചു. ഇതേതുടര്‍ന്ന് വേദിയില്‍ സന്നിഹിതരായവരില്‍ നിന്നും കരഘോഷവും ആര്‍പ്പുവിളികളും ഉയര്‍ന്നു. സ്‌നേഹ ചുംബനത്തിന് പിന്നാലെ മമ്മൂട്ടിയെ കുറിച്ചും ആസിഫ് വാചാലനാവുകയും ചെയ്‌തു.
താന്‍ സിനിമയിൽ വന്ന കാലം മുതൽ, തന്നെ ഏറ്റവും അധികം പിന്തുണച്ചത് നടൻ മമ്മൂട്ടിയാണെന്ന് ആസിഫ് അലി വേദിയിൽ പറഞ്ഞു. തന്നെ മമ്മൂട്ടി എന്നും, മമ്മൂക്ക എന്നും അഭിസംബോധന ചെയ്‌തിരുന്ന പുതിയ തലമുറയെ കൊണ്ട് മമ്മൂട്ടി ചേട്ടൻ എന്ന് വിളിക്കാൻ കാരണമായത് 'രേഖാചിത്രം' എന്ന സിനിമയാണെന്നും ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു.
എന്നാല്‍ മമ്മൂട്ടി ചേട്ടൻ എന്ന പേര് 'രേഖാചിത്രം' എന്ന സിനിമയ്‌ക്ക് മുമ്പ് തന്നെ സംഭവിച്ചിട്ടുള്ളതാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് പ്രശസ്‌തമായൊരു ഹോട്ടലിന്‍റെ മേല്‍വിലാസമാണ് തന്‍റെ മേല്‍വിലാസമായി നാനാ സിനിമ വാരികയിൽ കൊടുത്തിരുന്നത്. ആ മേല്‍വിലാസത്തില്‍ ഒരു ദിവസം നൂറിലധികം കത്തുകൾ വരുമായിരുന്നുവെന്നും താരം പറഞ്ഞു.
"ഈ കത്തുകളൊക്കെ പരിശോധിക്കുന്നത് നടൻ ശ്രീനിവാസനാണ്. അങ്ങനെ വന്ന ഒരു കത്തിലെ അഭിസംബോധനയാണ് മമ്മൂട്ടി ചേട്ടൻ. ഇത്തരമൊരു കത്ത് എഴുതിയ കഥാപാത്രത്തിലൂടെ രേഖാചിത്രം എന്ന കഥ സഞ്ചരിക്കുന്നുണ്ട്. ഈ സിനിമയിൽ ആകെ രണ്ട് ഡയലോഗുകൾ മാത്രമെ എന്‍റേതായിട്ടുള്ളൂ എന്നും മമ്മൂട്ടി പറഞ്ഞു. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നുവെന്ന് കേട്ടപ്പോൾ പഴയ ഓർമ്മകളുടെ പിൻബലത്തിലാണ് രേഖാചിത്രത്തിൽ സഹകരിക്കാമെന്ന് ഏറ്റത്," -മമ്മൂട്ടി പറഞ്ഞു.
Also Read: സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ.. ജോഫിൻ ടി ചാക്കോ അഭിമുഖം - JOFIN T CHACKO INTERVIEW