ന്യൂഡല്‍ഹി: പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള ഹൈക്കോടതി ജഡ്‌ജിയുമായിരുന്ന കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞയാഴ്‌ചയാണ് സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്‌തത്. ഇതിനുപിന്നാലെ കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
"ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരങ്ങൾ പ്രകാരം രാഷ്ട്രപതിയുമായും ഇന്ത്യൻ ചീഫ് ജസ്റ്റിസുമായും കൂടിയാലോചിച്ച ശേഷം, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് കൃഷ്‌ണൻ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കുന്നു," എന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2011 നവംബർ 08 ന് കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, 2023 മാർച്ച് 29-ന് പട്‌നയിലെ ജുഡീഷ്യൽ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയർത്തപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ബെഞ്ചിൽ കേരള ഹൈക്കോടതിയിൽ നിന്ന് പ്രാതിനിധ്യം ഇല്ലെന്ന വസ്‌തുത കൊളീജിയം പരിഗണിച്ചതിന് പിന്നാലെയാണ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചത്.
മലയാളിയായ ജസ്റ്റിസ് സി ടി രവികുമാർ കഴിഞ്ഞയാഴ്‌ച വിരമിച്ചതോടെ കേരളത്തിൽ നിന്നുള്ള ഒരു ജഡ്‌ജിയും സുപ്രീം കോടതിയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇതിനുപിന്നാലെയാണ് സുപ്രീം കോടതി ജഡ്‌ജിയായി വിനോദ് ചന്ദ്രനെ നിയമിച്ചത്. നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. വ്യത്യസ്‌ത നിയമ മേഖലകളിൽ പരിചയ സമ്പത്തുള്ള ആളാണ് വിനോദ് ചന്ദ്രനെന്ന് സിജെഐ സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം അഭിപ്രായപ്പെട്ടു.