നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രം ലക്കി ഭാസ്‌കര്‍ വമ്പന്‍ ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എല്ലാ ഭാഷയിലെയും പ്രേക്ഷകര്‍ ഹൃദയം കൊണ്ടാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. ദുല്‍ഖറിന്‍റെ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
ഒരേസമയം മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം ഇപ്പോഴിതാ ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. തെലുഗില്‍ ഹാട്രിക് ബ്ലോക്ക്ബസ്‌റ്റര്‍ നേടുന്ന ആദ്യത്തെ മലയാളി താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം രണ്ടാഴ്‌ചയ്ക്കുള്ളില്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ 100 കോടി മെഗാ ബ്ലോക്ക് ബസ്‌റ്റര്‍ വിജയം ട്രെയിലര്‍ പങ്കുവച്ചാണ് അറിയിച്ചിരിക്കുന്നത്.
സിനിമ ഇതിനോടകം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 10 കോടിരൂപയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 ദിവസങ്ങള്‍കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നും ഇത്രയും തുക നേടിയത്. ശിവകാര്‍ത്തിയേകന്‍ ചിത്രം അമരന്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ലക്കി ഭാസ്‌കറിന്‍റെ ഈ വലിയ നേട്ടവും എന്നത് ശ്രദ്ധേയമാണ്.
കേരളത്തിലും 15 കോടി ഗ്രോസ് കടന്ന് മുന്നേറുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് ആയി മാറിയിട്ടുണ്ട്. ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്‌ത ചിത്രം രണ്ടാം വാരത്തിലും 200 ലധികം സ്ക്രീനുകളിലാണ് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്നത്. ഒക്ടോബർ 31 ന് ആഗോള റിലീസായാണ് ലക്കി ഭാസ്‌കര്‍ തിയേറ്ററില്‍ എത്തിയത്.