കേരളം

kerala

ETV Bharat / entertainment

'എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാര്‍ ഇന്ന് സമൂഹത്തിന്‍റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നു': വിനയന്‍ - Vinayan reacts on Hema Committee - VINAYAN REACTS ON HEMA COMMITTEE

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് വിനയന്‍. സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ അറ്റാക്ക് നടത്തി തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് സമൂഹത്തിന്‍റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍.

VINAYAN REACTS TO HEMA COMMITTEE  VINAYAN FACEBOOK POST  വിനയന്‍  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
VINAYAN (Facebook Official)

By ETV Bharat Entertainment Team

Published : Aug 20, 2024, 12:17 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിനയന്‍റെ പ്രതികരണം. സിനിമയിലെ ചിലര്‍ ചേര്‍ന്ന് മാക്‌ട ഫെഡറേഷനെ തകര്‍ത്തതാണെന്നും അതിന്‍റെ തിക്‌ത ഫലങ്ങളാണ് സിനിമ മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

'ഹേമ കമ്മിറ്റി റിപ്പോർട്ട് വേളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേയ്‌ക്കൊന്നു നോക്കൂ…. നിങ്ങളുടെ മുഖം വികൃതമല്ലേ…? സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേയ്‌ക്ക് കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്ക് സംരക്ഷണം കൊടുക്കേണ്ടതിന്‍റെ പ്രഥമ കടമ സംഘടനകൾക്കാണ്.. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്.

സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവകരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്‍റെ മാഫിയ വത്‌ക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ലാക്ക്‌മെയില്‍ തന്ത്രം. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിന് വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമർശിച്ചതിന്‍റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്‍റെ പേരിൽ എന്‍റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണ് നിങ്ങൾ..

ഏതു പ്രമുഖന്‍റെയും മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറയാൻ ഏതു ജൂണിയർ ആർട്ടിസ്‌റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാള സിനിമയിൽ ഉണ്ടായതിന്‍റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്? അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടെയും ആധുനിക സിനിമ ഗുണ്ടയിസത്തിന്‍റെയും വേലിയേറ്റം മലയാള സിനിമയെ കൂടുതൽ മലീമസമാക്കാൻ തുടങ്ങിയത്?

2008 ജൂലൈയിൽ എറണാകുളം സരോവരം ഹോട്ടലിൽ നിങ്ങൾ സിനിമ തമ്പുരാക്കൻമാർ എല്ലാം ഒത്തു ചേർന്ന് തകർത്തെറിഞ്ഞ “മാക്‌ട ഫെഡറേഷൻ”എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി.. നേരത്തെ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയന്‍റെ ഭാഗത്താണ് ന്യായം എന്ന് പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങൾ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്‍റെ മരണശേഷം ഞാൻ നിങ്ങടെ വിലക്കിനെതിരെ കോടതിയിൽ പോയി.. കോമ്പറ്റീഷൻ കമ്മീഷൻ നിങ്ങൾക്കെതിരെ വിധിച്ചു.. കോടികൾ മുടക്കി നിങ്ങൾ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു.. പക്ഷേ സത്യം എന്‍റെ ഭാഗത്തായിരുന്നു.. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്..

ഫെഫ്‌ക ഉൾപ്പടെ മറ്റ് സംഘടനകൾക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു. ചില പ്രമുഖ നടൻമാർ ശിക്ഷയിൽ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷപ്പെട്ടു എന്നത് സത്യമാണ്. വീണ്ടും തെളിവുകളുമായി അവരുടെ പുറകെ പോകാനൊന്നും ഞാൻ നിന്നില്ല. എനിക്ക് എന്‍റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷേ തൊഴിൽ വിലക്കിനും സിനിമയിലെ മാഫിയവത്‌ക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകൾ ഒന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്‌തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്ന് മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയിൽ ഒതുക്കുവാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..

വിമർശിക്കുന്നതിന്‍റെ പേരിൽ ഫാൻസുകാരെ കൊണ്ട് വീ ഹേറ്റ് വിനയന്‍ എന്ന ഓണ്‍ലൈന്‍ അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാരാണ് ഇന്നു സമൂഹത്തിന്‍റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നത്.. ഇതു കാലത്തിന്‍റെ കാവ്യ നീതിയാണ്.. മാക്‌ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂണിയർ ആർട്ടിസ്‌റ്റുകൾക്ക് വേണ്ടി ആയിരുന്നു.. അവിടെ സ്ത്രീകളായ ആർട്ടിസ്‌റ്റുകൾക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങൾ എടുത്തിരുന്നു..

ജുണിയർ ആർട്ടിസ്‌റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്‍റുമാർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. ചെറിയ ആർട്ടിസ്‌റ്റുകളെയും തൊഴിലാളികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളെയും സംവിധായകരെയും പരസ്യമായി മാക്‌ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു.. അങ്ങനെ ഒരു സംഘടന ഇവിടുത്തെ താര പ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തിൽപ്പെട്ട നിർമ്മാതാക്കൾക്കും കണ്ണിലെ കരടായി.. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലിൽ ഒത്തുച്ചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു..

എന്നിട്ട് ഇപ്പോ നടക്കുന്നത് പോലെ അവർക്ക് ഇഷ്‌ടാനിഷ്‌ടം പെരുമാറാൻ കൂട്ടുനിൽക്കുന്ന ഒരു സംഘടനയെ അവര്‍ തന്നെ കാശു കൊടുത്ത് സ്പോൺസർ ചെയ്‌ത് ഉണ്ടാക്കി.. ഇതല്ലായിരുന്നോ സത്യം..? നമ്മുടെ സിനിമ പ്രമുഖർക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാൻ പറ്റുമോ? ക്രിമിനൽ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെങ്കിലും സത്യസന്ധമായി ഒന്നു ചിന്തിക്കുമോ?' -വിനയന്‍ കുറിച്ചു.

Also Read:'ഇത് ചരിത്ര നിമിഷം, ഇനിയാണ് ഞങ്ങളുടെ ശരിക്കുള്ള ജോലികള്‍ തുടങ്ങുന്നത്': രേവതി - Revathi reacts over Hema Committee

ABOUT THE AUTHOR

...view details