കേരളം

kerala

ETV Bharat / entertainment

'ഞങ്ങൾ കൊടുത്തതിലും പത്തിരട്ടി നജീബിന് കൂട്ടത്തിലൊരാൾ നൽകി; ആടുജീവിതം 16 വർഷത്തെ കഠിനയാത്രയുടെ ഫലം'; ബ്ലെസി പറയുന്നു - Blessy about Aadujeevitham

സിനിമയിൽ നിന്നും ആ രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. പുഴയിൽ നിന്നും മരുഭൂമിയിലേക്കുള്ള ട്രാൻസിഷൻ വിഎഫ്‌എക്‌സ് ഇല്ലാത്ത കാലത്ത് ചിന്തിച്ചതാണ്'- ഇടിവി ഭാരതിനോട് മനസുതുറന്ന് ബ്ലെസി

AADUJEEVITHAM MOVIE  ആടുജീവിതം നജീബ് വിവാദങ്ങൾ  AADUJEEVITHAM record  prithviraj as najeeb
Blessy about aadujeevitham

By ETV Bharat Kerala Team

Published : Apr 8, 2024, 7:34 PM IST

സംവിധായകൻ ബ്ലെസി ഇടിവി ഭാരതിനോട്

ഭാഷയുടെ അതിർവരമ്പുകൾ താണ്ടി 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച്, മലയാള ചലച്ചിത്രലോകത്ത് പുതുചരിത്രം കുറിച്ചിരിക്കുകയാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ആടുജീവിതം. കേരളത്തിന് പുറത്തേക്ക് മലയാള സിനിമ വളരുന്നതും അതിനൊരു കാരണമാകാൻ ആടുജീവിതത്തിന് ഭാഗ്യം ലഭിച്ചതും സന്തോഷമുളവാക്കുന്ന കാര്യമാണെന്ന് സംവിധായകൻ ബ്ലെസി ഇടിവി ഭാരതിനോട് പ്രതികരിച്ചു.

നജീബ് എന്തുകൊണ്ട് അർബാബിൽ നിന്ന് ആദ്യമേ തന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നില്ല എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയാണ്. അതിന് മറുപടി പറഞ്ഞുകൊണ്ട് ബ്ലെസി സംസാരിച്ചുതുടങ്ങി. നജീബ് ഒരു കൊമേഴ്‌സ്യൽ സിനിമയിലെ നായകനല്ല. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ വരച്ചുകാട്ടിയ ചിത്രമാണിത്.

എങ്കിലും കണ്ണത്താദൂരത്തോളമുള്ള മരുഭൂമിയും തോക്കിൻമുനയിലെ ജീവിതവും ഒക്കെ അയാളെ രക്ഷപ്പെടുന്നതിൽ നിന്ന് സ്വയം വിലക്കിയ കാരണങ്ങളാണ്. അത് ചിത്രത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ആദ്യദിവസം തന്നെ നജീബ് മരുഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന രംഗങ്ങളും സിനിമയ്‌ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നു.

നജീബിന് രക്ഷപ്പെടാൻ മാർഗങ്ങൾ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിൽ തെറ്റൊന്നുമില്ല. ഇനി ഇവിടെ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്ന് കാണിക്കുന്ന ചില രംഗങ്ങളും മേൽപ്പറഞ്ഞ രംഗവും ഉൾപ്പടെ സിനിമയുടെ ദൈർഘ്യം കാരണം ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും ബ്ലെസി പറഞ്ഞു.

'ആടുജീവിതം' നോവലിനും സിനിമയ്‌ക്കും ആധാരമായ ഷുക്കൂർ എന്ന യഥാർഥ നജീബും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് ഇന്ന് സുപരിചിതനാണ്. സിനിമയുടെ അണിയറ പ്രവർത്തകർ നജീബിന് വേണ്ടി എന്ത് ചെയ്‌തു എന്നതും പ്രേക്ഷകർ ഉയർത്തുന്ന ചോദ്യമാണ്. എന്നാൽ അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നായിരുന്നു സംവിധായകന്‍റെ മറുപടി. സിനിമ ഇറങ്ങുന്നതിനുമുമ്പും നജീബ് ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു.

നജീബിന് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഒരു തുക നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ തങ്ങൾ നൽകിയതിനെക്കാൾ 10 ഇരട്ടി സഹായം കൂട്ടത്തിൽ ഒരാൾ അയാൾക്ക് ചെയ്‌തുകൊടുത്തിട്ടുണ്ട്. അത് ആരാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തതുകൊണ്ടുതന്നെ ആടുജീവിതം സിനിമയെ കുറിച്ചുള്ള സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് താൻ കാതു കൊടുക്കാറില്ല. ഒരു സൃഷ്‌ടി പുറത്തിറങ്ങുമ്പോൾ അതിന് ഏതുതരത്തിലും വിമർശിക്കാനുള്ള അധികാരം കാഴ്‌ചക്കാർക്ക് ഉണ്ട്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നു പറയുന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിൽ നിലവിൽ ഉണ്ടല്ലോ.

16 വർഷത്തെ കഠിന യാത്ര തന്നെയായിരുന്നു ആടുജീവിതം സിനിമയ്ക്ക് വേണ്ടി നടത്തിയത്. സിനിമയുടെ ഇന്നുകണ്ട പല ടെക്‌നിക്കുകളും അക്കാലത്തുതന്നെ ചിന്തിച്ചു വച്ചതാണ്. നടൻ വിക്രമിനെ പൃഥ്വിരാജിന് പകരം ചിന്തിച്ചിരുന്നു എന്നുള്ളത് വസ്‌തുതയാണെന്നും ബ്ലെസി വെളിപ്പെടുത്തി. കാഴ്‌ച എന്ന സിനിമയുടെ ചിന്തകൾ നടക്കുന്ന കാലം തൊട്ട് വിക്രമിനെ പരിചയമുണ്ട്. കാഴ്‌ചയും ഭ്രമരവും വിക്രമിനോടാണ് ആദ്യം കഥ പറയുന്നത്.

ഒരിക്കലും പൃഥ്വിരാജ് എന്ന നടന്‍റെ താരമൂല്യത്തെ അടിസ്ഥാനപ്പെടുത്തി അല്ല നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തെ കാസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ പ്രാരംഭഘട്ടത്തിൽ ഇപ്പോഴുള്ള താരമൂല്യം പൃഥ്വിരാജിന് ഇല്ലായിരുന്നു എന്നതും ഓർക്കണമെന്ന് ബ്ലെസി കൂട്ടിച്ചേർത്തു..

ALSO READ:'മരുഭൂമിയിലെ ജീവിതം എനിക്ക് പുത്തരിയല്ല, ഞാന്‍ മറ്റൊരു നജീബ്'; ജിമ്മി ജീൻ ലൂയിസ്

ABOUT THE AUTHOR

...view details