മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ജേക്‌സ് ബിജോയ് ഇപ്പോള്‍ ബോളിവുഡിലും തരംഗം സൃഷ്‌ടിക്കുകയാണ്.
ഷാഹിര്‍ കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത 'ദേവ' എന്ന ബോളിവുഡ് ചിത്രത്തിന് സംഗീതം ഒരുക്കിക്കൊണ്ടാണ് ജേക്‌സ് ബിജോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'ദേവ' നാളെ (ജനുവരി 31) ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ തന്‍റെ സംഗീത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ജേക്‌സ് ബിജോയ്.
2014ൽ 'എയ്ഞ്ചൽസ്' എന്ന മലയാളം ചിത്രത്തിലൂടെ സംഗീത സംവിധായകനായി സിനിമയില്‍ അരങ്ങേറിയ ജേക്‌സ് ബിജോയ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത് 2025ല്‍ ബോളിവുഡില്‍ ചുവടുവച്ചിരിക്കുകയാണ്. ജേക്‌സ് ബിജോയ് എന്ന സംഗീത സംവിധായകന്‍റെ വിജയത്തെ കുറിച്ച് അദ്ദേഹത്തിന് ചിലത് പറയാനുണ്ട്.
"ഏതു ഭാഷയിലാണെങ്കിലും എന്‍റെ സംഗീതം സിനിമകൾക്ക് വര്‍ക്കൗട്ട് ആയിട്ടുണ്ടെങ്കിൽ അതിനുള്ള ഒറ്റ ഉത്തരം പരീക്ഷണമാണ്. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ ഏതുതരം മ്യൂസിക്ക് ആകും ആ ചിത്രത്തിന് അനുയോജ്യമെന്ന് ഒരു ബോധ്യം ആദ്യം തന്നെ ഉണ്ടാകും. എന്നാൽ കാലത്തിനും ട്രെൻഡിനും അനുസരിച്ചുള്ള സംഗീത നിർവ്വഹണത്തിന് പലപ്പോഴും സഹായിക്കുന്നത് സംവിധായകരാണ്," ജേക്‌സ് ബിജോയ് പറഞ്ഞു.
തന്‍റെ മാനസികാവസ്ഥയുമായി ചേർന്ന് പോകുന്ന സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. "എന്‍റെ മാനസികാവസ്ഥയുമായി ചേര്‍ന്ന് പോകുന്ന സംവിധായകർക്ക് എന്‍റെ ഒരു ടേസ്‌റ്റ് എന്താണെന്ന് അറിയാം. ഞാൻ ഉണ്ടാക്കുന്ന സംഗീതത്തിന്‍റെ സ്വഭാവത്തെ ഉൾക്കൊണ്ടാവും ആശയത്തിനും കാലത്തിനും അനുസരിച്ച് സംഗീത സംവിധാനം നിർവ്വഹിക്കാൻ സിനിമയുടെ സംവിധായകൻ നിർദ്ദേശങ്ങൾ നൽകുക," അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ സംഗീത സംവിധായകനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 13 വർഷങ്ങൾ പിന്നിടുകയാണ് ജേക്ക്‌സ് ബിജോയ്. തെലുങ്ക് സിനിമ മേഖലയില്‍ എട്ട് വർഷത്തെ പ്രവർത്തി പരിചയമാണ് അദ്ദേഹത്തിനുള്ളത്. ഇതേക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
"എല്ലാ ഭാഷയും സംഗീതത്തിന്‍റെ ഒരു സ്വഭാവം, മീറ്റർ ഇതൊക്കെ എനിക്ക് വ്യക്‌തമാണ്. മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകളെ കുറിച്ച് എനിക്ക് ധാരണയുണ്ട്. മലയാള സിനിമകൾക്ക് സംഗീതം നൽകുമ്പോൾ ഒരുപാട് ഉയർച്ചയിലുള്ള സംഗീതത്തിലുപരി ഒരു അണ്ടർ സ്കോർ രീതിയിലാണ് ട്രീറ്റ് ചെയ്യേണ്ടത്. എന്നാൽ തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവർക്ക് കുറച്ചു കൂടി ലൗഡായുള്ള സംഗീതം വേണം. ചിലപ്പോൾ ഈ രീതികളൊക്കെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പരീക്ഷിക്കും. അത് നല്ല രീതിയിൽ ഗുണം ചെയ്‌തിട്ടുണ്ട്. എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകൾ കേൾക്കാൻ ശ്രമിക്കാറുണ്ട്," ജേക്‌സ് ബിജോയ് പറഞ്ഞു.
നാനി നായകനായ 'സൂര്യാസ് സാറ്റർഡേ' എന്ന സിനിമയ്‌ക്ക് ബാക്ക്‌ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയതിനെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. 2024 ഓഗസ്‌റ്റില്‍ റിലീസായ വിവേക് അത്രേയ ചിത്രമാണ് 'സൂര്യാസ് സാറ്റർഡേ'. റിലീസ് ചെയ്‌ത് കുറച്ച് നാള്‍ കഴിഞ്ഞെങ്കിലും ചിത്രത്തിലെ ബാക്ക്‌ഗ്രൗണ്ട് സ്‌കോര്‍ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. എന്നാല്‍ ഇതൊരുക്കാന്‍ താന്‍ അധികം പണിപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം തുറന്നു പറയുന്നത്. തന്‍റെ വിജയ പരാജയങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
"ഇൻസ്‌റ്റഗ്രാമിൽ ഈ മ്യൂസിക്കിനെ പുകഴ്ത്തി എന്നെ ടാഗ് ചെയ്യുന്ന പോസ്‌റ്റുകളൊക്കെ കാണാറുണ്ട്. എന്‍റെ കലാസൃഷ്‌ടി ജനങ്ങൾ ആസ്വദിക്കുന്നതിൽ സന്തോഷം. അതിലുപരി ഇതിനൊന്നും അമിതപ്രാധാന്യം കൊടുക്കാറില്ല. കഴിഞ്ഞത് കഴിഞ്ഞു. പുതിയതിനെ കുറിച്ച് മാത്രമാണ് എപ്പോഴും ചിന്ത. ഇനി എന്ത് ചെയ്യാമെന്ന് ചിന്തിക്കേണ്ട സമയത്ത് മുമ്പ് ചെയ്‌ത വർക്കുകളെ കുറിച്ച് ആലോചിക്കാറില്ല. ചെയ്‌ത വർക്കുകൾ വിജയിച്ചാലും പരാജയപ്പെട്ടാലും സന്തോഷിക്കാറുമില്ല സങ്കടപ്പെടാറുമില്ല," ജേക്‌സ് ബിജോയ് വ്യക്‌തമാക്കി.
സൂര്യാസ് സാറ്റർഡേയുടെ ട്രെയിലറിന് സംഗീതം ഒരുക്കിയ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. ഈ സിനിമയുടെ ട്രെയിലറിന് സംഗീതം ഒരുക്കാന്‍ ഒരു ദിവസമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"വളരെ പെട്ടെന്ന് ഒരു ബീറ്റ് സംഗീതം ഒരുക്കി സംവിധായകനെ കേൾപ്പിച്ചു. ബീറ്റ് മാത്രം പോരാ എന്തെങ്കിലും പഞ്ച് ആയിട്ട് കൂടി വേണമെന്ന് സംവിധായകന്‍റെ നിർദ്ദേശം ലഭിച്ചു. ആ നിമിഷത്തിൽ ബക ബക എന്നു തുടങ്ങുന്ന വരികൾ ഉണ്ടാക്കുന്നു.. ഒറ്റ ടേക്കിൽ പാടുന്നു. സംവിധായകന്‍ ഓക്കെ. വലിയ കഷ്‌ടപ്പാടൊന്നും ആ സംഗീതം ഉണ്ടാക്കുന്നതിന് പിന്നിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം," ജേക്‌സ് ബിജോയ് പറഞ്ഞു.
ട്രെയിലർ ഇറങ്ങി കഴിഞ്ഞപ്പോൾ ബാക്ക്‌ഗ്രൗണ്ട് സ്‌കോര്‍ വലിയ രീതിയിൽ ട്രെൻഡായി മാറിയെന്നും അദ്ദേഹം പറഞ്ഞു. "അല്ലെങ്കിലും ചില കാര്യങ്ങൾ അങ്ങനെയാണ്. കഷ്‌ടപ്പെട്ട് ഒരുപാട് സമയമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കപ്പെടില്ല. ഇതുപോലെ അവസാന നിമിഷം വലിയ എഫോർട്ട് ഒന്നുമില്ലാതെ ചെയ്യുന്ന ട്യൂണുകൾ വലിയ ഹിറ്റാകും. ഒരു സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം സിനിമയിലെ സംഗീതത്തിന്‍റഎ വിജയം എന്ന് പറയുന്നത് ആക്‌സിഡന്‍റൽ ഡിസ്‌കവറീസാണ്. ഏതു വിജയിക്കും ഏതു പരാജയപ്പെടും എന്ന് ഒരിക്കലും പറയാനാകില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളഞ്ഞ് കിട്ടിയ സംഗീതത്തെ കുറിച്ചും അദ്ദേഹം വാചാലനായി. പൃഥ്വിരാജിന്‍റെ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സമയത്തെ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. കടുവ സിനിമയിലെ പാലാപ്പള്ളി എന്ന ഗാനം പിറവികൊണ്ടതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
"പല സിനിമകൾക്ക് വേണ്ടിയും സംഗീതം ചെയ്യാൻ റിസർച്ചിന്‍റെ ഭാഗമായി ചില യാത്രകൾ നടത്താറുണ്ട്. കഥ നടക്കുന്ന കാലം, ദേശം ഇതൊക്കെ സംഗീതത്തിന്‍റെ കൂടി അടിസ്‌ഥാനമാണ്. അത്തരത്തിൽ വിലായത്ത് ബുദ്ധയ്‌ക്ക് വേണ്ടിയും ഒരു യാത്ര നടത്തിയിരുന്നു. വിലായത്ത് ബുദ്ധയ്ക്ക് വേണ്ടി അതുൽ നറുകര എന്ന ഫോക്ക് സംഗീതജ്ഞനോടൊപ്പം ആയിരുന്നു യാത്ര ചെയ്‌തത്. ഫോക്ക് സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണിത്. അതുകൊണ്ടാണ് അതുലിനെ കൂടെ കൂട്ടിയത്. യാത്രക്കിടയിൽ അതുൽ വെറുതെ മൂളിയ ഒരു വരി മനസ്സിൽ പെട്ടെന്ന് ചേക്കേറി. ഒരുപാട് നാൾ ആ വരിയും ട്യൂണും മനസ്സിൽ നിന്നും മാഞ്ഞു പോയില്ല. 'യാവോ ദാമാരോ' എന്നൊരു വരിയാണ് അതുൽ മൂളിയിരുന്നത്. കടുവ എന്ന സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുമ്പോൾ ഈ ട്യൂൺ ഉപയോഗിച്ചാലോ എന്ന് പെട്ടെന്ന് തോന്നി. അങ്ങനെയാണ് 'പാലാപ്പള്ളി' എന്ന ഹിറ്റ് ഗാനം പിറവികൊള്ളുന്നത്," അദ്ദേഹം പറഞ്ഞു.
കടുവ സിനിമയിലെ 'പാൽ വർണ്ണ കുതിരമേൽ' എന്ന ഗാനത്തിന്‍റെ ട്യൂണും ഏകദേശം സമാന രീതിയിലാണ് തന്നിലേക്ക് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. "കോട്ടയം പാലാ ഭാഗത്ത് നടക്കുന്ന ഒരു കഥയാണ് കടുവ. പാലാക്കാരുടെ ഹീറോയാണ് ഗീവർഗീസ് പുണ്യാളൻ. ഒരു പള്ളി പെരുന്നാളിൽ പങ്കെടുക്കുന്നതിനിടെയാണ് 'പാൽ വർണ്ണ കുതിരമേൽ' എന്ന ഗാനത്തിന്‍റെ ട്യൂണിന് ജന്‍മം ലഭിക്കാൻ ആസ്‌പദമായ മറ്റൊരു ട്യൂൺ ആ പരിസരത്ത് നിന്നും കേൾക്കാൻ ഇടയാകുന്നത്. ഇത്തരത്തിൽ യാദൃശ്ചികമായി ലഭിക്കുന്ന ട്യൂണുകൾ ഞാൻ റെക്കോർഡ് ചെയ്‌ത് വയ്ക്കും. പിന്നീട് സംഗീതം ഒരുക്കാനിരിക്കുമ്പോൾ എന്‍റേതായൊരു പ്രോസസിലൂടെ പണിപ്പെട്ടാണ് യഥാർത്ഥ ട്യൂണിന് രൂപം നൽകുന്നത്," ജേക്‌സ് ബിജോയ് കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ സംഗീതം എന്ന് പറയുന്നത് സിനിമയിലെ ആവശ്യകതയ്ക്ക് അനുസരിച്ച് സൃഷ്‌ടിക്കപ്പെടുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. നഞ്ചിയമ്മ എന്ന ഗായികയെ മലയാളിക്ക് ലഭിക്കാനുണ്ടായ കാരണവും അദ്ദേഹം പറഞ്ഞു.
"ഒരു സിനിമയ്ക്ക് വേണ്ടി വെറുതെ കുറെ പാട്ടുകൾ ചെയ്യാമെന്ന് കരുതിയാൽ ആ ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരം. ഒരു അയ്യപ്പൻ നായരും അട്ടപ്പാടി എന്ന ഗ്രാമവുമാണ് നഞ്ചിയമ്മ എന്ന ഗായികയെ മലയാളിക്ക് സമ്മാനിച്ചത്. അയ്യപ്പൻ നായരുടെ കഥ മറ്റൊരു ഗ്രാമത്തിൽ ആയിരുന്നു നടന്നിരുന്നുവെങ്കിൽ നഞ്ചിയമ്മയുടെ പാട്ടുകൾ ഒരുപക്ഷേ സിനിമയിലൂടെ മലയാളികൾ കേൾക്കില്ലായിരുന്നു," അദ്ദേഹം പറഞ്ഞു.
ഇക്കുറിയാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഇരുള നൃത്തം, പണിയ നൃത്തം തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഈ കലാരൂപങ്ങളുടെ സംഗീതത്തിന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഗീതവുമായി വളരെയധികം സാമ്യമുണ്ട്. ഇക്കാര്യവും അദ്ദേഹം വിശദീകരിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ സംഗീതവും ഒരു കഥ പറയുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
"അയ്യപ്പനും കോശിയും എന്ന സിനിമയുടെ ആത്‌മാവ് സംഗീതമാണ്. ഇതുപോലൊരു സംഗീതം ആ ചിത്രത്തിന് വേണ്ടി ചെയ്യണമെന്ന് ആരും പ്ലാൻ ചെയ്‌തതല്ല, വന്ന് ചേരുകയായിരുന്നു. പിന്നീട് ഈ സ്വഭാവമുള്ള സംഗീതത്തിൽ അലിഞ്ഞ് ചേർന്നാണ് ആ സിനിമയുടെ മുഴുവൻ വർക്കും പൂർത്തിയാക്കിയത്. എന്‍റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ് അയ്യപ്പനും കോശിയും. പ്രേക്ഷകരിലേക്ക് ആഴത്തിൽ പതിഞ്ഞൊരു സംഗീതമാണ് ആ ചിത്രത്തിലേത്. ഇരുള, പണിയ സംഗീതത്തിന്‍റെ അടിസ്ഥാനത്തിലാണ് വർക്ക് ചെയ്‌തിരിക്കുന്നത്," ജേക്‌സ് ബിജോയ് പറഞ്ഞു.
ഇരുള, പണിയ എന്നീ ട്രൈബൽ സംഗീതത്തിന്‍റെ അടിസ്ഥാനത്തിൽ റൂട്ട് സീരീസ് എന്ന പേരിൽ സ്വതന്ത്ര ആൽബം ചെയ്യാൻ ഉദ്ദേശിക്കുന്നതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "റൂട്ട് സീരീസിന് വേണ്ടി പല പാട്ടുകളും റെക്കോർഡ് ചെയ്‌തു കഴിഞ്ഞു. ഈ ട്രൈബൽ സംഗീതമുള്ള പല നാടുകളിലും യാത്ര ചെയ്‌തു. അവരുടെ സംഗീതം പഠിച്ചു. ഉൾക്കൊണ്ട സംഗീതത്തെ ഞങ്ങളുടെ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ്. റൂട്ട് സീരീസ് ഉടൻ പ്രേക്ഷകരിലേക്ക് എത്തും," ജേക്‌സ് ബിജോയ് പറഞ്ഞു.
ഫോക്ക് ട്രൈബൽ സംഗീതത്തിന് ഇന്ന് വലിയ ജന സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇന്ന് ഫോക്ക് ഇല്ലാത്ത ഒരു സിനിമ സംഗീതവും കേൾക്കാൻ സാധിക്കില്ല എന്നതാണ് വാസ്‌തവം. പണ്ടൊക്കെ സിനിമയിൽ ഫോക്ക് സംഗീതം ഉപയോഗിക്കാൻ പലർക്കും മടിയായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ഫോക്ക് ഉപയോഗിക്കുമ്പോഴാണ് ജന സ്വീകാര്യത വർദ്ധിക്കുന്നത്. പ്രേക്ഷകർക്ക് ആ സംഗീതം വളരെയധികം റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്," അദ്ദേഹം വ്യക്‌തമാക്കി.
ടൊവിനോ തോമസ് നായകനായ കൽക്കി എന്ന സിനിമയിലെ ബാക്ക്‌ഗ്രൗണ്ട് സ്കോർ സംഭവിച്ചതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കൽക്കിയിലെ ബാക്ക്‌ഗ്രൗണ്ട് സ്കോർ
ഏറ്റവുമധികം ആഘോഷിക്കപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്.
"വലിയ ചിന്തയോ പണിപ്പെടലോ എടുക്കാതെ വളരെ പെട്ടെന്ന് സ്പോട്ടിൽ ചെയ്‌തുകൊടുത്ത ഒരു മ്യൂസിക്കാണ് കൽക്കിയിലേത്. ടൊവിനോ തോമസിന്‍റെ ഒരു എൻട്രി ഷോട്ട് സംവിധായകൻ എനിക്ക് അയച്ചു തന്നു. എന്തെങ്കിലും ഒരു മ്യൂസിക്ക് മിക്‌സ് ചെയ്‌ത് അയച്ചു തരുമോ എന്ന് ചോദിച്ചു. മനസ്സിൽ തോന്നിയ ഒരു സാധനം റെക്കോർഡ് ചെയ്‌തു അപ്പോഴേ അയച്ചുകൊടുത്തു. അവർക്കത് ഓക്കെയായിരുന്നു. എങ്ങനെ അത് ഹിറ്റായി? ആ ട്യൂൺ എങ്ങനെ മനസ്സിൽ തോന്നി? എന്നൊക്കെ ചോദിച്ചാൽ കുഴങ്ങി പോവും," സംഗീത സംവിധായകന്‍ പറഞ്ഞു.
സിനിമയിൽ ചെയ്യുന്ന സംഗീതം, ഒരു കുഞ്ഞിന് ജന്‍മം നൽകുന്നത് പോലെയാണെന്നാണ് അദ്ദേഹം പറയുന്നത്. "നമ്മുടെ കടമ നിർവ്വഹിച്ച് ആ കുഞ്ഞിനെ സമൂഹത്തിലേക്ക് ഇറക്കിവിടുന്നു. ആ കുഞ്ഞ് സമൂഹത്തിൽ എങ്ങനെ വളരുന്നു എന്നുള്ളത് നമുക്കൊരിക്കലും പ്രഡിക്‌ട് ചെയ്യാൻ ആകില്ലല്ലോ. നമ്മൾ ആ സിനിമയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ കൊടുത്ത് വിടും. അതങ്ങ് പറന്നു പോകും. ചില സംഗീതം വളരെയധികം ജനങ്ങളെ ഇൻഫ്ലുവെൻസ് ചെയ്യും. അങ്ങനെയൊരു സംഗീതമാണ് കൽക്കിയിലേത്. കൽക്കി എന്ന ചിത്രം വലിയ വിജയം അല്ലായിരുന്നെങ്കിലും സിനിമയിലെ സംഗീതം രാജ്യങ്ങൾ കടന്ന് സഞ്ചരിച്ചു," ജേക്‌സ് ബിജോയ് പറഞ്ഞു.
രണം എന്ന സിനിമയിലെ ഗാനം ചെയ്‌തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "രണം എന്ന ചിത്രത്തിലെ ഗാനത്തിന് എന്‍റെ ജീവിതവുമായി വളരെയധികം ബന്ധമുണ്ട്. അമേരിക്കയിലാണ് കഥ നടക്കുന്നത്. കുടിയേറ്റക്കാരുടെ കഥയാണ് പറയുന്നത്. വില്ലൻ ഒരു തമിഴനാണ്. അവരുടെ മാനസികാവസ്ഥയിലൂടെയും സംഘർഷങ്ങളിലൂടെയും ആണ് രണം കഥ പറഞ്ഞു പോകുന്നത്. ഞാൻ ഒരുപാട് നാൾ അമേരിക്കയിൽ ജോലി ചെയ്‌ത ഒരാളാണ്. ഇവരുടെയൊക്കെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് വളരെ വ്യക്‌തമായി മനസ്സിലാകും. ഒരുപക്ഷേ ആ പാട്ടിന് ഇപ്പോഴും പുതുമ ജീവിതത്തിൽ തോന്നുന്നുണ്ടെങ്കിൽ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ഏട് സംഗീതമായി രൂപകൽപ്പന ചെയ്‌തത് കൊണ്ടാണ്," അദ്ദേഹം പറഞ്ഞു.
രണത്തിലെ ഗാനം ഹിറ്റാകാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. സംഗീത സംവിധായകൻ നൽകിയ പൂർണ സ്വാതന്ത്ര്യമാണ് സിനിമയിലെ ഗാനത്തിന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
"പാട്ടു തുടങ്ങുമ്പോൾ ഒരു റാപ്പ് വേണമെന്ന് തോന്നി. പിന്നീട് വളരെ സ്വാഭാവികമായി ഒരു ഹുക്ക് ലൈൻ മനസ്സിൽ രൂപപ്പെട്ടു. പിന്നീട് അതിനോടൊപ്പം ഒരു തില്ലാന ചെയ്യണമെന്ന് തോന്നി. പാട്ടിന്‍റെ സ്വഭാവത്തെപ്പറ്റി സംവിധായകന്‍ ഒരുതരത്തിലുള്ള നിർദ്ദേശവും തന്നിൽ അടിച്ചേൽപ്പിച്ചില്ല. പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഇഷ്‌ടമുള്ള സംഗീതം ഒരു നൂലിൽ മുത്തുകൾ ചേർക്കുന്നത് പോലെ കോർത്ത് കോർത്ത് വന്നപ്പോൾ രണം എന്ന സിനിമയിലെ ഹിറ്റ് ഗാനം ജനിച്ചു," ജേക്‌സ് ബിജോയ് വിശദീകരിച്ചു.
സിനിമയുടെ തിരക്കുകൾക്കപ്പുറം സ്വതന്ത്ര സംഗീതവുമായി യാത്ര ചെയ്യാൻ സമയം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. "കാലത്തെ അതിജീവിക്കുന്ന സംഗീതം സ്വതന്ത്രമായി ചിന്തിച്ചാൽ മാത്രമെ ഉണ്ടാവുകയുള്ളൂ. സ്വതന്ത്രമായി ചിന്തിച്ച് പാട്ടുകൾ ഉണ്ടാക്കാൻ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ്. കാരണം ഒരു വർഷത്തിൽ അത്രയധികം സിനിമകൾ ഞാൻ ചെയ്യുന്നുണ്ട്," അദ്ദേഹം പറഞ്ഞു.
അടിച്ചുപൊളി പാട്ടുകൾ ചെയ്യുമ്പോള്‍ പ്രയോഗിക്കുന്ന തന്ത്രത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "അടിച്ചുപൊളി പാട്ടുകൾക്ക് അധികം ആയുസ്സ് ഉണ്ടാകില്ല. പാട്ട് ഇറങ്ങുമ്പോൾ വലിയ ട്രെൻഡാകും. എല്ലാവരും കേൾക്കും. പക്ഷേ ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ അത് ക്രിഞ്ച് ആയി തോന്നും. അടിച്ചുപൊളി പാട്ടുകൾ ചെയ്യുമ്പോൾ ഈയൊരു ധാരണ ഉള്ളത് കൊണ്ട് ഞാനൊരു തന്ത്രം പ്രയോഗിക്കാറുണ്ട്. മെലഡി ഗാനങ്ങൾക്ക് കാലത്തെ അതിജീവിച്ച് സഞ്ചരിക്കാനുള്ള ഒരു മാന്ത്രിക ശക്‌തിയുണ്ട്. എത്ര അടിച്ചുപൊളി ഗാനങ്ങൾ ചെയ്‌താലും അതിനുള്ളിൽ മെലഡിയുടെ ഒരു സ്വഭാവം കൂടി കൊണ്ടുവരാൻ ശ്രമിക്കും. കിംഗ് ഓഫ് കൊത്തയില്‍ കലാപക്കാര എന്ന ഗാനത്തില്‍ ശ്രേയ ഘോഷാൽ പാടുന്ന വരികളിൽ ഞാനൊരു മെലഡിയുടെ എസൻസ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ ഗാനം കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു അരോചകം തോന്നുകയില്ല," ജേക്‌സ് ബിജോയ് വെളിപ്പെടുത്തി," അദ്ദേഹം വെളിപ്പെടുത്തി.
2014 ൽ ഇന്ദ്രജിത്ത് നായകനായ 'എയ്ഞ്ചൽസ്' എന്ന സിനിമയ്‌ക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് ജേക്‌സ് ബിജോയ് സിനിമയിലേക്ക് കടന്നുവരുന്നത്. അക്കാലത്ത് അദ്ദേഹം അമേരിക്കയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഷോർട്ട് ഫിലിംസിനും പരസ്യങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിക്കുമായിരുന്നു. ഇതേ കുറിച്ചും അദ്ദേഹം സംസാരിച്ചു.
"പ്രിയപ്പെട്ട സുഹൃത്ത് ശ്രീജിത്തിന് സിനിമയില്‍ ഒരു അവസരം ലഭിച്ചപ്പോൾ എന്നെ സംഗീതം നിർവ്വഹിക്കാൻ ക്ഷണിച്ചു. അമേരിക്കയിൽ ഇരുന്ന് ചെയ്‌താൽ പോരേ എന്ന് ഞാൻ ശ്രീജിത്തിനോട് ചോദിച്ചതാണ്. ഇല്ല, പറ്റില്ല ഇവിടെ വന്ന് തന്നെ ചെയ്യണമെന്ന് ശ്രീജിത്ത് മറുപടി പറഞ്ഞു. അങ്ങനെ വന്നതാണ്, ഇതുവരെ തിരികെ പോയിട്ടില്ല. ഞാൻ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിലെ മേൽ ഉദ്യോഗസ്ഥനോട് ആറ് മാസത്തെ അനുമതി ചോദിച്ച് എത്തിയതാണ് ഇവിടെ. എന്‍റെ സാധനങ്ങൾ പോലും എടുക്കാതെയാണ് അമേരിക്കയിൽ നിന്നും ഇവിടെ വന്നത്. പിന്നെ തിരിച്ചു പോയില്ല. അവിടെയുള്ള എന്‍റെ സാധനങ്ങളൊക്കെ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു," ജേക്‌സ് ബിജോയ് പറഞ്ഞു.
എയ്ഞ്ചൽസ് എന്ന സിനിമയ്‌ക്ക് ശേഷമുള്ള കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. "തിരിച്ചു പോയില്ലെന്ന് പറയുമ്പോൾ എല്ലാവരും കരുതും ധാരാളം അവസരങ്ങൾ ലഭിച്ചുവെന്ന്. ഒരു വർഷത്തിൽ ഒരു സിനിമ മാത്രമായിരുന്നു അക്കാലത്ത് ലഭിച്ചിരുന്നത്. എയ്ഞ്ചൽസിന് ശേഷം തമിഴിൽ അരുൺ വിജയ് നായകനായ താക്ക താക്ക എന്ന ചിത്രമാണ് ലഭിക്കുന്നത്. പിന്നീട് ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത് എന്ന ചിത്രം ലഭിച്ചു. ശേഷം മൺസൂൺ മാംഗോസാണ്. അഞ്ചാറ് വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്‌ത് ഞാൻ മുന്നോട്ടു പോയി. ആ സമയത്ത് എല്ലാവരും എന്നോട് ചോദിച്ച് തുടങ്ങിയിരുന്നു, എന്തിനാടാ അമേരിക്കയിലെ ജോലി കളഞ്ഞ് നീ ഇങ്ങനെ കഷ്‌ടപ്പെടുന്നതെന്ന്? അമേരിക്കയിലൊക്കെ പോകാൻ സാധിക്കുക എന്നാൽ അത്ര എളുപ്പമുള്ള കാര്യമാണോ? ആ ചോദ്യങ്ങൾ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ എനിക്കൊരു ആത്‌മവിശ്വാസം ഉണ്ടായിരുന്നു. പരാജയപ്പെടില്ലെന്ന്. വർഷത്തിൽ ഒരു സിനിമ ചെയ്‌തുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ ഒരു വർഷത്തിൽ 11ൽ അധികം സിനിമകൾ ചെയ്യുന്നുണ്ട്." അദ്ദേഹം പറഞ്ഞു.
ഒരുപാട് അഭിനേതാക്കളെ കൊണ്ട് പാട്ടു പാടിച്ച ചരിത്രവും ജേക്‌സ് ബിജോയ്‌ക്കുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ബിജുമേനോൻ, തമിഴ് താരം കാർത്തി തുടങ്ങിയവരെ കൊണ്ട് സ്വന്തം സംഗീതത്തിൽ അദ്ദേഹം പാട്ടുകൾ പാടിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
"ഒരു സിനിമ നടൻ പാട്ടുപാടുന്നു എന്നൊരു കൗതുകം എത്ര വലിയ ഗായകനെ കൊണ്ട് പാടിച്ചാലും പ്രേക്ഷകർക്ക് ലഭിക്കുകയില്ല. അങ്ങനെ ഒരു ഉദ്ദേശത്തിന്‍റെ പുറത്താണ് ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുന്നത്. ഉദാഹരണത്തിന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജും ബിജുമേനോനും ചേർന്ന് പാടുന്ന ഒരു പോരാട്ട പാട്ടുണ്ട്. 'വന്നോട്ടെ വന്നോട്ടെ' എന്നതാണ് ഗാനം. ഈ ഗാനം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകർ വന്ന് പാടിയാലും പ്രേക്ഷകർക്ക് ഒരു കൗതുകം ലഭിക്കുമെന്ന് തോന്നുന്നില്ല. ഈ പറഞ്ഞവരൊക്കെ അഭിനേതാക്കൾ മാത്രമല്ല, നല്ല ഗായകർ കൂടിയാണ്," ജേക്‌സ് ബിജോയ് പറഞ്ഞു.