വാഷിങ്ടൺ: വാഷിങ്ടണ്‍ വിമാനാപകടത്തിൽപെട്ട മുഴുവൻ പേരുടെയും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തില്‍പെട്ട 67 പേരും മരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനത്തിലൂടെ അറിയിയിച്ചു. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെലികോപ്‌ടറില്‍ മൂന്ന് സൈനികർ ഉണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ വ്യോമ സുരക്ഷാ മാനദണ്ഡങ്ങൾ കുറച്ചതിന് മുൻ ഡെമോക്രാറ്റിക് പ്രസിഡന്‍റുമാരായ ജോ ബൈഡനെയും ബരാക് ഒബാമയെയും ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. പൗരന്മാരുടെ സുരക്ഷയ്ക്ക് പകരം നയങ്ങള്‍ക്കാണ് ഒബാമയെയും ബൈഡനും 'മുൻഗണന' നൽകിയതെന്ന് ട്രംപ് പറഞ്ഞു.
'ഡെമോക്രാറ്റുകൾ നയത്തിന് മുൻഗണന നൽകുന്നു, രാഷ്‌ട്രീയത്തെ ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തലത്തിലേക്ക് അവർ മാറ്റുന്നു. ഒബാമയുടെ കാലത്തുണ്ടായിരുന്ന വളരെ സാധാരണമായ മാനദണ്ഡങ്ങളെ ഞാന്‍ വളരെ മികച്ചതാക്കി മാറ്റി. ബുദ്ധിശക്തിയും മാനസികമായി ഉയർന്ന നിലവാരവുമുള്ളവർക്ക് മാത്രമേ എയർ ട്രാഫിക് കൺട്രോളർ തസ്‌തികയിലേക്ക് യോഗ്യത നേടാൻ അനുവാദമുണ്ടായിരുന്നുള്ളൂ എന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ?.
2016-ൽ ഞാൻ പ്രസിഡന്‍റാവുന്നത് വരെ അതു അങ്ങനെ ആയിരുന്നില്ല. അതിനാല്‍ തുടക്കം തന്നെ ഞാന്‍ അതു ചെയ്‌തു. എന്നാല്‍ എനിക്ക് പകരം എത്തിയ ബൈഡൻ അവയെ മുമ്പത്തേക്കാൾ താഴ്ന്നതിലേക്ക് മാറ്റുകയാണുണ്ടായത്'- ട്രംപ് പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ രണ്ട് ചൈനീസ് പൗരന്മാരും ഉണ്ടായിരുന്നതായി ചൈനീസ് എംബസി അറിയിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതടക്കമുള്ള കാര്യങ്ങള്‍ എംബസിയുമായി ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഞായറാഴ്‌ച അവസാനിച്ച ദേശീയ ചാമ്പ്യൻഷിപ്പിന് ശേഷമുള്ള ഒരു ഡെവലെപ്‌മെന്‍റ് ക്യാമ്പിൽ പങ്കെടുത്തു മടങ്ങിയ നിരവധി സ്കേറ്റർമാർ, പരിശീലകർ, കുടുംബാംഗങ്ങൾ എന്നിവർ വിമാനത്തിലുണ്ടെന്ന് യുഎസ് ഫിഗർ സ്കേറ്റിങ് മുമ്പ് സ്ഥിരീകരിച്ചിരുന്നു.
ബുധനാഴ്‌ച പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് അപകടമുണ്ടാവുന്നത്. ലാന്‍ഡിങ്ങിന് തയാറെടുക്കവെ അമേരിക്കൻ പ്രാദേശിക എയർലൈനായ പിഎസ്‌എ എയർലൈനിൻ്റെ ബൊംബാർഡിയർ സിആർജെ 700 ജെറ്റാണ് സൈന്യത്തിന്‍റെ സിറോസ്‌കി എച്ച്- 60 ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. കൻസാസിലെ വിഷ്യയിൽ നിന്നാണ് അമേരിക്കൻ എയർലൈൻസ് വിമാനം റൊണാൾഡ് റീഗൻ എയർപോർട്ടിലേക്ക് എത്തിയത്.
അപകടത്തിൻ്റെ ആഘാതത്തിൽ വിമാനം മൂന്നായി മുറിഞ്ഞ് തലകീഴായി പൊട്ടോമാക് തടാകത്തിൽ പതിച്ചു. ഹെലികോപ്റ്ററിൻ്റെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവിൽ റൊണാൾഡ് റീഗൻ എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാഷിങ്ടണിലെ തിരക്കേറിയ വ്യോമ പാത അപകടത്തിലേക്ക് നയിക്കുമെന്ന് മുൻപും വ്യോമയാന വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും പരിചയസമ്പന്നരായ പൈലറ്റുമാർക്ക് വരെ ലാൻഡിങ് വെല്ലുവിളിയായിരുന്നുവെന്നും വിരമിച്ച യുണൈറ്റഡ് എയർലൈൻസ് ക്യാപ്‌റ്റനും എയ്‌റോ കൺസൾട്ടിങ് എക്‌സ്‌പേർട്ടുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റോസ് ഐമർ പറഞ്ഞു.