ദിലീപ് നായകനായി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന പുതിയ സിനിമയിലാണ് ദിലീപ് നായകനായി എത്തുന്നത്. ബിന്‍റോ സ്റ്റീഫൻ ആണ് പേരിടാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ പൂജയും സ്വിച്ചോണും ഏപ്രിൽ 3ന് നടക്കാവിൽ വച്ചു നടന്നു.
ദിലീപിന്‍റെ കരിയറിലെ 150-മത്തെ ചിത്രം കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫന്‍റെ ആദ്യ ദിലീപ് ചിത്രവും. പൂജ ചടങ്ങിൽ സിദ്ധിഖ്, ബി ഉണ്ണികൃഷ്‌ണൻ, സിബി മലയിൽ, എം രഞ്ജിത്, സിയാദ് കോക്കർ, എബ്രഹാം, ഷീലു എബ്രഹാം, അനിൽ തോമസ്, ജോർജ് സെബാസ്റ്റ്യൻ, ജിബു ജേക്കബ് സംവിധായകൻ ബിന്‍റോ സ്റ്റീഫന്‍റെ മാതാപിതാക്കൾ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. ബെനിറ്റ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.
എബ്രഹാമും ഷീലു എബ്രഹാമും ചേർന്ന് ആദ്യ ക്ലാപ്പടിച്ചു. ചടങ്ങിൽ പങ്കെടുത്ത സിനിമാ രംഗത്തെ പ്രമുഖർ ചിത്രത്തിന് ആശംസകൾ നേർന്നു. ഷാരിസ് മുഹമ്മദ് ആണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രം കൂടിയാണിത്.
ഒരു ഫാമിലി എന്‍റർടെയിനറായാണ് ഈ സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. പുതുമുഖം നായികയായി എത്തുന്ന ഈ സിനിമയിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്‍റണി, ജോസ് കുട്ടി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.