തെന്നിന്ത്യന്‍ താരം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും ചെന്നൈ കുടുംബ കോടതിയില്‍ ഹാജരായി. വിവാഹമോചനവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇരുവരും കോടതിയെ അറിയിച്ചു.
നവംബര്‍ 27ന് ഇരുവരുടെയും വിവാഹമോചന ഹര്‍ജിയില്‍ അന്തിമ വിധി വരും. നേരത്തെ മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തില്‍ ഏര്‍പ്പെടുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിലൂടെയാണ് തങ്ങള്‍ വേര്‍പിരിയുന്നുവെന്ന് ഇരുവരും അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളാണ്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022ലാണ് ഇരുവരും വേര്‍പിരിയുന്ന കാര്യം ഈ ലോകത്തെ അറിയിച്ചത്.
"സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്‌പരം സഹകരിച്ച് 18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും വിട്ടുവീഴ്‌ച്ചകളുടെയും പൊരുത്തപ്പെടലിന്‍റെയും ഒക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.
പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്‍മയ്‌ക്ക് സ്വയം മനസ്സിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ ഈ തീരുമാനത്തെ ദയവായി മാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."-ഇപ്രകാരാണ് ഇരുവരും പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നത്.
വേര്‍പിരിയുകയാണെങ്കിലും പരസ്‌പരം ബഹുമാനം കല്‍പ്പിക്കുന്നവരാണ് ഇരുവരുമെന്ന് ഇതിനോടകം തന്നെ തെളിച്ചിട്ടുണ്ട്. മുമ്പൊരിക്കല്‍ ഐശ്വര്യയെ കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകള്‍ ഇതിന് തെളിവാണ്. ഒരു അഭിമുഖത്തില്‍ ധനുഷ് തങ്ങളുടെ ആദ്യ കൂടിക്കാഴ്‌ചയെ കുറിച്ച് പറഞ്ഞിരുന്നു.
രജനികാന്തിനേക്കാള്‍ പത്തിരട്ടി ലാളിത്യമുള്ള ആളാണ് ഐശ്വര്യ എന്നാണ് ധനുഷ് ഐശ്വര്യയെ പ്രകീര്‍ത്തിച്ചത്. രജനികാന്തിന്‍റെ മകള്‍ ആയത് കൊണ്ടാണോ മുന്‍ ഭാര്യയോടുള്ള താല്‍പര്യത്തിന് കാരണം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
"ഞാന്‍ അവളെ അങ്ങനെ കണ്ടിട്ടില്ല. എനിക്ക് അവളുടെ ലാളിത്യം ഇഷ്‌ടമായിരുന്നു. അവളുടെ അച്ഛന്‍ (രജനികാന്ത്) സിംപിളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഐശ്വര്യ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്. ഐശ്വര്യ എല്ലാവരെയും തുല്യരായി കാണുന്നു. ആരുമായും ചങ്ങാത്തം കൂടും. അവള്‍ ഞങ്ങളുടെ മക്കളെ നന്നായി വളര്‍ത്തുന്നു എന്നതും എനിക്ക് ഇഷ്‌ടമാണ്."-ധനുഷ് പറഞ്ഞു.
Also Read: രജനികാന്തിനേക്കാള്‍ നൂറിരട്ടി ലാളിത്യമുള്ളവള്‍, മുന്‍ ഭാര്യ ഐശ്വര്യയെ പ്രകീര്‍ത്തിച്ച് ധനുഷ്; ഇരുവരും വീണ്ടും ഒന്നിക്കുമെന്ന് സൂചന