എറണാകുളം: വൈകിയെത്തിയ അംഗീകാരത്തിൽ മനം നിറഞ്ഞ് സിബി മലയിൽ. ഏറെ പ്രതീക്ഷയോടെ ഓരോ ഫ്രെയിമും നെയ്തെടുക്കും പോലെ സ്വപ്‌ന പദ്ധതിയായി സിബി മലയിൽ ഒരിക്കൽ ആവിഷ്‌കരിച്ചതാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥ അക്ഷരാർത്ഥത്തിൽ സിബി മലയിലിനെ ഞെട്ടിച്ചുകളഞ്ഞു.
സംഗീതവും സൂപ്പർ നാച്ചുറാലിറ്റിയും ഇമോഷൻസും എല്ലാം ഇടകലരുന്ന അപൂർവ്വ കഥാസംഗ്രഹം. ഓരോ കഥാപാത്ര സൃഷ്‌ടിയിലും സസൂഷ്‌മം ശ്രദ്ധ ചെലുത്തിയ സംവിധായകന് ഉറപ്പുണ്ടായിരുന്നു വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത ഒരു കലാസൃഷ്‌ടി ആയിരിക്കും ദൈവദൂതൻ എന്ന്. നിർമ്മാതാവ് സിയാദ് കോക്കറിനും സിനിമയുടെ ഉള്ളടക്കത്തെ പറ്റി യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
സെവൻ ബെൽസ് എന്ന സംഗീത ആശയം തന്നിലെ സംഗീതജ്ഞനെ വരെ ഞെട്ടിച്ചു കളഞ്ഞു എന്ന് വിദ്യാസാഗർ അഭിപ്രായപ്പെടുകയുണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിൽ ദേവദൂതനോളം മികച്ച ഫ്രെയിമുകൾ ഉള്ള ഒരു ചിത്രമോ, ദേവദൂതനിലെ പാട്ടുകൾക്ക് പകരം വയ്ക്കാൻ മറ്റൊരു സൃഷ്‌ടിയോ രൂപപ്പെടുത്തിയെടുക്കാൻ ആയിട്ടില്ല എന്നുള്ളതാണ് വാസ്‌തവം.
ചിത്രത്തിന്‍റെ പരിഷ്‌കരിച്ച രൂപം ആധുനിക ടെക്നോളജിയിൽ കണ്ടാസ്വദിച്ച മലയാളികൾ ഓരോ ഫ്രെയിമും മൊബൈൽ ക്യാമറയിൽ പകർത്തി ചില്ലിട്ട് വയ്ക്കാം എന്നാണ് അഭിപ്രായപ്പെട്ടത്. നരസിംഹം എന്ന സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം മോഹൻലാലിന്‍റേതായി പുറത്തിറങ്ങുന്ന ചിത്രം. ക്ലാസിക് ചിത്രമായിരുന്നിട്ടുകൂടി മോഹൻലാൽ ആരാധകർക്ക് വേണ്ടിയാണ് ഒരു ആക്ഷൻ രംഗം പോലും തിരുകിക്കയറ്റിയതെന്ന് സിബി മലയിലിന്‍റെ പിൽക്കാലത്തുള്ള തുറന്നു പറച്ചിൽ.
റിലീസിന് മുമ്പുള്ള പല പ്രദർശനങ്ങളിലും ആർക്കും ഈ ചിത്രം പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീണുപോകുമെന്ന് തോന്നിയതേയില്ല. സ്വന്തം സിനിമ എത്ര മികച്ചതാണെങ്കിലും വലിയ അഭിപ്രായപ്രകടനങ്ങൾ നടത്താത്ത വ്യക്തിത്വമാണ് മോഹൻലാലിന്‍റേത്. പക്ഷേ സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ ശേഷം സിബി മലയിലിനെ കെട്ടിപ്പിടിച്ച് ഇങ്ങനെയൊരു കഥാപാത്രവും സിനിമയും നൽകിയതിന് നന്ദി അറിയിച്ചു.