എറണാകുളം: മലയാള സിനിമാ നിർമാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്‌ത സിനിമാ പണിമുടക്കിന് യാതൊരു വിധ പിന്തുണയും നൽകില്ലെന്ന് താര സംഘടന എഎംഎംഎ (അമ്മ) പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പ്രതിഫലം സംബന്ധിച്ച് ചര്‍ച്ചയാകാമെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാ വ്യവസായത്തെ ചിലരുടെ പിടിവാശിമൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കും. മാത്രമല്ല, സിനിമയെ ആശ്രയിച്ചു കഴിയുന്ന നിരവധി തൊഴിലാളികളെയും സമരം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങൾ 'അമ്മ' ജനറൽ ബോഡിക്ക് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്നും യോഗം വിലയിരുത്തി. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഏത് സംഘടനകളുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും യോഗത്തിൽ തീരുമാനമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'അമ്മ'യിലെ അഡ്‌ഹോക്ക് കമ്മിറ്റി അംഗം ജയൻ ചേർത്തലക്ക് എല്ലാവിധ നിയമ സഹായവും സംഘടന വാഗ്‌ദാനം ചെയ്‌തു. 'അമ്മ' ആസ്ഥാനത്ത് നടന്ന യോഗത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ടോവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്ജ്, ബിജു മേനോൻ, വിജയരാഘവൻ, സായികുമാർ തുടങ്ങി അൻപതോളം പ്രധാന അംഗങ്ങൾ പങ്കെടുത്തു. മമ്മൂട്ടി ഉൾപ്പടെയുള്ള ചില താരങ്ങൾ ഓൺലൈനായും യോഗത്തില്‍ പങ്കെടുത്തതായിതായും താര സംഘടന അറിയിച്ചു.
അതേസമയം, ഫിലിം ചേംബറും കൊച്ചിയിൽ യോഗം ചേർന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാത്തതാണ് ചലച്ചിത്ര മേഖലയിലെ നിര്‍മ്മാണ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാറിന്‍റെ പ്രസ്‌താവന ചലച്ചിത്ര മേഖലയിലെ സംഘടനകൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം നടത്തുമെന്ന് സുരേഷ് കുമാര്‍ പ്രഖ്യാപിച്ചതും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് താര സംഘടന 'അമ്മ'യും ഫിലിം ചേംബറും കൊച്ചിയിൽ യോഗം ചേർന്നത്.
അതേസമയം, സിനിമാ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനോട് വിശദീകരണം തേടാനും കേരള ഫിലം ചേംബർ തീരുമാനിച്ചു. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത് ശരിയായില്ല, ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്ന് കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗം ആവശ്യപ്പെട്ടു. ആന്‍റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോഗത്തിൽ ആവശ്യമുയർന്നു.
ആന്‍റണി പോസ്റ്റ് പിൻവലിക്കണമെന്നും ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരിയല്ലെന്നും അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടിസെന്നും ഫിലിം ചേംബർ വ്യക്തമാക്കി. സിനിമാ വ്യവസായം പ്രതിസന്ധിയിലാണ്. ഫിലിം ചേംബറിൻ്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തും. മറ്റ് സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്നും സൂചന പണിമുടക്ക് തീയതി പിന്നീട് അറിയിക്കുമെന്നും ചേംബർ ഭാരവാഹികൾ അറിയിച്ചു.
അന്ന് സിനിമാ മേഖല സ്‌തംഭിക്കും. സൂചന പണിമുടക്ക് വ്യക്തികൾക്കോ സംഘടനകൾക്കോ എതിരല്ല. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് ചേംബറിൻ്റെ വിഷയമല്ല. ചേംബർ നിലനിൽക്കുന്നത് വ്യവസായത്തിന് വേണ്ടിയാണ്. ഒരു താരവും സിനിമ വ്യവസായത്തിൽ അഭിവാജ്യ ഘടകം അല്ല. ആറ് മാസം കാണാതിരുന്നാൽ ജനം ഇവരെ മറക്കുമെന്നും ഫിലിം ചേംബർ അംഗങ്ങൾ പറഞ്ഞു.
അതേസമയം കൊച്ചി ഫിലിം ചേംബർ ആസ്ഥാനത്ത് നടന്ന യോഗത്തിൽ നിന്നും ആന്‍റണി പെരുമ്പാവൂർ വിട്ടു നിന്നു. സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്തു. സിനിമാ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിർമാതാവ് ജി സുരേഷ് കുമാറും പറഞ്ഞു. ആന്‍റണി പെരുമ്പാവൂരുമായി ഇനിയൊരു സമവായ ചർച്ചയ്ക്ക് സാധ്യതയില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
Also Read:"മഞ്ജു വാര്യര്‍ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്", മുറവിളിയുമായി സനല്‍കുമാര്‍ ശശിധരന്‍ - SANAL KUMAR ABOUT MANJU WARRIER