കേരളം

kerala

ETV Bharat / entertainment

'എന്തര് ത്രിഡി അണ്ണാ? നമുക്ക് നോക്കാം...': ബറോസ് വിശേഷങ്ങള്‍ പങ്കുവച്ച് സന്തോഷ് ശിവൻ - SANTOSH SIVAN INTERVIEW

'സെറ്റില്‍ മോഹന്‍ലാലുമായി പിണങ്ങും. രണ്ടുവശങ്ങളില്‍ പോയി ഇരിക്കും. പിന്നെ മുഖത്ത് നോക്കില്ല...' -സന്തോഷ് ശിവന്‍ പറയുന്നു.

CINEMATOGRAPHER SANTOSH SIVAN  BARROZ MOVIE  SANTOSH SIVAN ABOUT MOHANLAL  SANTOSH SIVAN BARROZ EXPERIENCE
Santosh Sivan With Mohanlal (ETV Bharat)

By ETV Bharat Kerala Team

Published : Dec 25, 2024, 3:45 PM IST

Updated : Dec 25, 2024, 3:52 PM IST

ലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്‌ത ബറോസ് എന്ന ചിത്രം ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തി. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് ശിവൻ A.S.C ഇടിവി ഭാരതിനോട് സംസാരിക്കുന്നു. ഇന്ത്യൻ ചലച്ചിത്രലോകത്ത് പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭയാണ് സന്തോഷ് ശിവൻ. മോഹൻലാലിന്‍റെ കരിയറിലെ പ്രധാനപ്പെട്ട എല്ലാ സിനിമകൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവൻ ആയിരുന്നു.

ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് യാത്ര ചെയ്‌ത് ഛായഗ്രഹകനായും സംവിധായകനായും സന്തോഷ് ശിവൻ തന്‍റേതായ സ്ഥാനം നേടിയെടുത്തു. മോഹൻലാലിന്‍റെ അഭിനയ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന സന്തോഷ് ശിവൻ മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തിനും ഒപ്പം ഉണ്ടാകാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു.

സന്തോഷ് ശിവന്‍റെ അഭിപ്രായപ്രകാരം ഇന്ത്യയിൽ പൂർണമായും ത്രിഡിയിൽ ചിത്രീകരിക്കുന്ന രണ്ടാമത്തെ സിനിമയാണ് ബറോസ്. പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ സിനിമയും 40 വർഷങ്ങൾക്കു മുമ്പ് മലയാളത്തിൽ തന്നെയാണ് സംഭവിക്കുന്നത്. 1984 ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ ത്രിഡി ക്യാമറ ഉപയോഗിച്ച് പൂർണമായും ത്രിഡിയിൽ ചിത്രീകരിച്ച സിനിമയാണ്. അതിനുശേഷം ഇറങ്ങിയിട്ടുള്ള ത്രിഡി ഇന്ത്യൻ ചിത്രങ്ങളെല്ലാം തന്നെ ടുഡിയിൽ ചിത്രീകരിച്ച ശേഷം ത്രിഡിയിലേക്ക് കൺവെർട്ട് ചെയ്‌ത് റിലീസ് ചെയ്‌തിട്ടുള്ളതാണ്.

ബറോസ് സിനിമ പോസ്റ്റര്‍ (ETV Bharat)

പ്രായോഗികമായി ഒരു ഇന്ത്യൻ സിനിമ പൂർണമായും ത്രിഡിയിൽ ചിത്രീകരിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സന്തോഷ് ശിവൻ അഭിപ്രായപ്പെട്ടു. എന്നാൽ ബറോസ് പൂർണമായും ത്രിഡി ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ലോകോത്തര ഹോളിവുഡ് ത്രിഡി ചിത്രങ്ങളുടെ അതേ നിലവാരം ബറോസിന് ഉണ്ടാകുമെന്ന് സന്തോഷ് ശിവൻ ഇടിവി ഭാരതിനോട് പറഞ്ഞു.

മോഹൻലാൽ വിളിച്ചതുകൊണ്ട് മാത്രമല്ല...

ബറോസ് എന്ന സിനിമയുടെ ഛായാഗ്രഹകൻ ആകാൻ തീരുമാനിക്കുന്നത് മോഹൻലാൽ എന്ന അടുത്ത സുഹൃത്തും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാവുമായ വ്യക്തി ക്ഷണിച്ചത് കൊണ്ട് മാത്രമല്ല എന്ന് സന്തോഷ് ശിവൻ വെളിപ്പെടുത്തി. മോഹൻലാൽ വിളിച്ചത് കൊണ്ടാണോ ബറോസിന്‍റെ ഭാഗമായത് എന്ന ചോദ്യത്തിന് സന്തോഷ് ശിവൻ മറുപടി പറഞ്ഞത് ഇപ്രകാരമാണ്.

'മോഹൻലാൽ ഉറ്റ ചങ്ങാതിയാണ്. ഞങ്ങൾ തിരുവനന്തപുരംകാര് അങ്ങോട്ടുമിങ്ങോട്ടും അണ്ണാ എന്നാണ് വിളിക്കുന്നത്. അണ്ണൻ ഒരു കാര്യം വിളിച്ച് ആവശ്യപ്പെട്ടാൽ അതൊരിക്കലും നിരസിക്കാൻ ആകില്ല. എന്നാൽ മോഹൻലാൽ എന്ന വ്യക്തിയെ മുൻനിർത്തി മാത്രമല്ല ബറോസ് എന്ന സിനിമയുടെ ഭാഗമാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ ചർച്ച ചെയ്യുന്ന ആശയം ഒരു പ്രധാന ഘടകമാണ്. പിന്നെ എനിക്ക് എന്തെങ്കിലും പുതുതായിട്ട് ചെയ്യാൻ ഉണ്ടോ എന്ന് ഉറപ്പായും നോക്കും. ആ രീതിയിൽ ഒരു ഛായാഗ്രഹകന് ലഭിക്കാവുന്ന ഏറ്റവും വലിയ ചലഞ്ച് ആയിരുന്നു ഈ ചിത്രം. പൂർണമായും ത്രിഡി ഞാൻ ആദ്യമായാണ് വർക്ക് ചെയ്യുന്നത്. നല്ല ആശയം, നല്ല സംവിധായകൻ, ചലഞ്ചിങ് ആയ ജോലി. ബറോസിന് നോ പറയാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു' -സന്തോഷ് ശിവൻ വ്യക്തമാക്കി.

സന്തോഷ് ശിവന്‍ (ETV Bharat)

മോഹൻലാൽ എന്ന സംവിധായകൻ

ഒരു ഒറിജിനൽ ഫിലിം മേക്കർ ആണെന്ന് വേണമെങ്കിൽ മോഹൻലാലിനെ വിശേഷിപ്പിക്കാം എന്നായിരുന്നു സന്തോഷ് ശിവൻ പറഞ്ഞത്.

'വ്യത്യസ്‌തമായ ഒരു ആശയം തന്‍റെ പക്കൽ എത്തിച്ചേരുകയാണെങ്കിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മോഹൻലാലിന് ആഗ്രഹം ഉണ്ടായിരുന്നു. ബറോസിന്‍റെ ആശയം ജിജോ പൊന്നൂസ് വഴി മോഹൻലാലിലേക്ക് എത്തിയപ്പോൾ മോഹൻലാലിന്‍റെ ഉള്ളിലെ സംവിധാന മോഹം സടകുടഞ്ഞ് എണീറ്റു. മോഹൻലാൽ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ചു. സംവിധാനമോഹം അദ്ദേഹത്തിന്‍റെ ഉള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ഒരിക്കൽപോലും ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മോഹൻലാൽ എന്നോട് പറഞ്ഞിട്ടില്ല. അഭിനയരംഗത്ത് ഇത്രയും തിരക്കുള്ള ഒരാൾ ഇതൊക്കെ മാറ്റി വച്ചിട്ട് എങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യാനാണ്? അതും ത്രിഡിയിൽ. എന്‍റെ ചിന്ത ഇപ്രകാരമായിരുന്നു. മോഹൻലാൽ ബറോസിന്‍റെ കാര്യം എന്നോട് പറഞ്ഞപ്പോൾ എന്തുകൊണ്ട് ഈ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചു എന്നാണ് ഞാൻ ആദ്യം അങ്ങോട്ട് ചോദിച്ചത്.

'കുട്ടികൾക്കൊക്കെ ഇഷ്‌ടപ്പെടുന്ന തരത്തിൽ ഒരു സിനിമ ചെയ്യണമെന്ന് ഒരുപാട് കാലംകൊണ്ട് ഉള്ളിലുള്ള മോഹമായിരുന്നു' -എന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്.

മോഹന്‍ലാലിനൊപ്പം സന്തോഷ് ശിവന്‍ (ETV Bharat)

നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ള ഒരു ഹോളിവുഡ് സിനിമകളുടെയും റഫറൻസ് ഈ സിനിമയിൽ കാണാൻ ആകില്ല. എല്ലാം മോഹൻലാൽ എന്ന സംവിധായകന്‍റെ മനസിൽ ഉദിച്ചത് തന്നെയാണ്. ഒറിജിനൽ ആണ് എല്ലാം. ലോകനിലവാരത്തിനുള്ള ഒരു ചിത്രം. കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്‌ടപ്പെടും.

എന്നുകരുതി മുതിർന്നവർക്ക് ഇഷ്‌ടപ്പെട്ടില്ല എന്ന് അർഥമാക്കരുത്. പിന്നെ ഒരു ടിപ്പിക്കൽ മോഹൻലാൽ ചിത്രം പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് ദയവായി പോകരുത്. മോഹൻലാൽ അഭിനയിച്ച നരസിംഹം, സ്‌ഫടികം, ആറാം തമ്പുരാൻ ചിത്രങ്ങളിലുള്ളത് പോലെ അടിപിടിയും റൊമാൻസും ഒന്നും ഈ സിനിമയിൽ ഇല്ല. സാങ്കൽപിക ലോകത്തിൽ ഒരു ഭൂതത്തിന്‍റെയും ഒരു കുട്ടിയുടെയും കഥ പറയുകയാണ് ബറോസ്' ലോകനിലവാരത്തിലുള്ള ഒരു ക്ലാസിക് ചിത്രം എന്നുള്ള രീതിയിൽ വേണം പ്രേക്ഷകര്‍ ഈ സിനിമയെ സമീപിക്കാൻ എന്ന് സന്തോഷ് ശിവൻ പറഞ്ഞു.

ത്രിഡി ചിത്രം എന്ന ചലഞ്ച്

ഒരു ത്രിഡി സിനിമയുടെ ഭാഗമായി പ്രവർത്തിക്കാൻ ആരംഭിക്കുമ്പോൾ ടെക്‌നിക്കൽ വശങ്ങളെക്കുറിച്ച് പെട്ടെന്ന് വിളിച്ചു ചോദിക്കാൻ ഇന്ത്യയിൽ അധികം ആളുകൾ ഇല്ല എന്ന് സന്തോഷ് ശിവൻ വ്യക്തമാക്കി. 'മോഹൻലാൽ എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ത്രിഡിയിലുള്ള ഛായാഗ്രഹണം പുതിയ അനുഭവമായിരുന്നു. പക്ഷേ ഞാൻ ഒരുപാട് ത്രിഡി ക്യാമറകൾ വച്ചുള്ള ടെസ്റ്റ് ഷൂട്ട് ഒക്കെ ഇതിനു മുൻപ് ചെയ്‌തിട്ടുണ്ട്. പക്ഷേ ഒരു സിനിമ പൂർണമായും ചിത്രീകരിക്കുക എന്ന് പറയുമ്പോൾ പരിമിതമായ അറിവ് പോരാ. നമ്മളെല്ലാം പഠിച്ച് മനസിലാക്കിക്കൊണ്ടല്ലല്ലോ ഈ ഭൂമിയിലേക്ക് വന്നത്. ഓരോ നിമിഷവും പഠിച്ചുകൊണ്ടിരിക്കുന്നു. മോഹൻലാൽ എന്നോട് ആദ്യം പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. അണ്ണാ ഇത് നമുക്ക് ത്രിഡിയിൽ ആണ് ചിത്രീകരിക്കേണ്ടത്.

എന്തോന്ന് ത്രിഡി അണ്ണാ. നമുക്ക് നോക്കാം. എന്‍റെ മറുപടി ഇങ്ങനെയായിരുന്നു. സാധാരണ ഒരു സിനിമയ്ക്ക് ഒരുക്കേണ്ട ലൈറ്റിങ് അല്ല ത്രിഡി ക്യാമറ വച്ചു ഷൂട്ട് ചെയ്യുമ്പോൾ ഒരുക്കേണ്ടത്. പല രംഗങ്ങളെയും പൂർണമായും എക്‌സ്‌പിരിമെന്‍റ് രീതിയിലായിരുന്നു സമീപിച്ചത്' -സന്തോഷ് ശിവൻ പറഞ്ഞു.

ബറോസ് സിനിമ പോസ്റ്റര്‍ (ETV Bharat)

'സെറ്റിൽ ചിലപ്പോൾ സംവിധായകനായ മോഹൻലാലും ഛായാഗ്രഹകനായ ഞാനും തമ്മിൽ ചില പിണക്കങ്ങൾ ഒക്കെ ഉണ്ടാകും. പുള്ളി ഒരു ഷോട്ട് പറയും. പെട്ടെന്ന് ഫ്രെയിം എക്‌സിക്യൂട്ടീവ് ചെയ്‌ത് എടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഞാൻ തിരിച്ചു പറയും. രണ്ടുപേരും പിണങ്ങും രണ്ടു വശത്തേക്ക് പോയിരിക്കും. പിന്നെ കുറച്ചു നേരം മുഖത്തുനോക്കില്ല.

ഒടുവിൽ ഞാൻ അദ്ദേഹം പറഞ്ഞ രീതിയിലൊക്കെ ഫ്രെയിം സെറ്റ് ചെയ്യും. പുള്ളി വന്നു നോക്കിയിട്ട് പറയും നിങ്ങളല്ലേ പറഞ്ഞത് ഇതൊന്നും പറ്റില്ല എന്ന്. ലാലേ ഞാനും ഇത് ആദ്യമായിട്ടാണ് ചെയ്യുന്നത് ആ മറുപടിയിൽ സംവിധായകനായ മോഹൻലാൽ ഒക്കെ ആകും. മോഹൻലാലിനെ തന്‍റെ സിനിമ എങ്ങനെയായിരിക്കണം എന്ന് ഉള്ളിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. മോഹൻലാലിന്‍റെ മനസിലുള്ളത് പ്രായോഗികമാക്കി കൊടുക്കാൻ പരമാവധി ശ്രമിച്ചിട്ടുള്ളതായി സന്തോഷ് ശിവൻ വിശദീകരിച്ചു.

ബറോസിലെ ലോക നിലവാരത്തിലുള്ള ത്രിഡി

ഒരു ത്രിഡി ചിത്രമാണെന്ന് കരുതി ഒരുപാട് കാര്യങ്ങൾ ഫ്രെയിമിനുള്ളിൽ കുത്തി നിറയ്ക്കാൻ ആകില്ല എന്ന് സന്തോഷ് ശിവൻ പറഞ്ഞു.

'സിനിമ ടുഡി ആണെങ്കിലും ത്രിഡി ആണെങ്കിലും ഒരു പ്രേക്ഷകന്‍റെ കാഴ്‌ചപ്പാടിലാണ് ഫോട്ടോഗ്രാഫിയെ നമ്മൾ സമീപിക്കേണ്ടത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അവന്‍റെ കണ്ണിനു കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ കഥ പറച്ചിലിന് ബുദ്ധിമുട്ട് വരാതെയുള്ള ഫ്രെയിമുകൾ ഛായാഗ്രഹകൻ ഒരുക്കണം. ത്രിഡി ആണെന്ന് കരുതി വിഷ്വൽ ഇംപാക്‌ട് കൂട്ടാൻ ഒരുപാട് കാര്യങ്ങൾ ഫ്രെയിമിനുള്ളിൽ ചെയ്‌തു വച്ചാൽ ഒരു പരിധി കഴിയുമ്പോൾ തീയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് തലവേദന എടുക്കും. ത്രിഡി സിനിമ ചെയ്യുമ്പോൾ എല്ലാ ലെൻസുകളും ഉപയോഗിക്കാൻ പറ്റില്ല എന്നൊരു ബുദ്ധിമുട്ടുണ്ട്. ത്രിഡി ക്യാമറ ഉപയോഗിക്കുമ്പോൾ പരിമിതികളുമുണ്ട് മേന്മകളും ഉണ്ട്.

മോഹന്‍ലാലും സന്തോഷ്‌ ശിവനും വേദിയില്‍ (ETV Bharat)

അത് കൃത്യമായി മനസിലാക്കി കാര്യങ്ങളെ സമീപിച്ചാൽ മികച്ച ഒരു കലാസൃഷ്‌ടി ലഭിക്കും. ലോകനിലവാരത്തിലുള്ള ത്രിഡി അനുഭവം തന്നെയാണ് ബറോസ് നിങ്ങൾക്ക് സമ്മാനിക്കുക. പിന്നെ ടെക്‌നിക്കൽ ബ്രില്ല്യൻസുകൾ ഒരു സിനിമയുടെ വിജയ ഘടകം ഒരിക്കലും ആവുകയില്ല. സുഗമമായ കഥപറച്ചിലിനുള്ള വഴികൾ മാത്രമാണ് ത്രിഡി ഒക്കെ. കഥയ്ക്കും കഥാപാത്രങ്ങൾക്കും ആണ് ഇമ്പോർട്ടൻസ് കൂടുതൽ. പല സിനിമകളും ഷൂട്ട് ചെയ്യുമ്പോൾ ചില രംഗങ്ങളിലെ വൈകാരിക നിമിഷങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ചിരിപ്പിച്ചിട്ടുണ്ട്. കരയിപ്പിച്ചിട്ടുണ്ട്. ആ സമയത്ത് ഞാൻ ക്യാമറാമാൻ ആണെന്ന് മറന്നു പോകും. ചിത്രീകരണ സമയത്ത് ക്യാമറ ചലിപ്പിക്കുന്ന എന്നെപ്പോലുള്ളവരെ പോലും ക്യാമറയ്ക്ക് മുന്നിലെ കഥാപാത്രങ്ങൾക്കും കഥയ്ക്കും സ്വാധീനിക്കാൻ കഴിയുമെങ്കിൽ തിയേറ്ററിനുള്ളിൽ ടെക്‌നിക്കൽ വശങ്ങളെക്കാൾ സിനിമയുടെ ആശയത്തിനാകും പ്രേക്ഷകരെ സ്വാധീനിക്കാൻ ആകുന്നത്' -സന്തോഷ് ശിവൻ വ്യക്തമാക്കി.

ഇപ്പോഴുമുണ്ട് ടെൻഷൻ

ഒരു സിനിമയുടെ വിജയ പരാജയങ്ങളെ കുറിച്ച് ടെൻഷനുള്ള വ്യക്തിയാണ് താണെന്ന് സന്തോഷ് ശിവൻ പറഞ്ഞു. 'ഇത്രയും കാലം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചു. വളരെയധികം പ്രയത്നിച്ച ഒരു സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന ഭയം എല്ലാ കാലത്തും ഉണ്ടായിരുന്നു. ഞാൻ സിനിമകളെ പേഴ്‌സണലൈസ്‌ഡ് ആയും വസ്‌തുനിഷ്‌ഠമായും സമീപിക്കുന്നത് കൊണ്ട് പലപ്പോഴും ജഡ്‌ജ് ചെയ്യാൻ സാധിക്കാറില്ല. അതുകൊണ്ടൊക്കെ സിനിമയുടെ വിജയപരാജയങ്ങളെ കുറിച്ച് റിലീസിന് മുൻപുള്ള ദിവസങ്ങളിൽ ടെൻഷൻ ഉണ്ടാകാറുണ്ട്' -സന്തോഷ് ശിവൻ പ്രതികരിച്ചു.

Also Read: ബറോസ് ശരവേഗത്തിൽ റെക്കോർഡുകൾ തകർക്കുമോ? ആദ്യ പ്രേക്ഷക പ്രതികരണം

Last Updated : Dec 25, 2024, 3:52 PM IST

ABOUT THE AUTHOR

...view details