കേരളം

kerala

ETV Bharat / entertainment

'ഹൃദയഭേദകം, ശ്രുതിയുടെ കൂടെ ഈ നാട് തന്നെ ഉണ്ടെന്ന് മുഖ്യമന്ത്രി'; അഭ്യര്‍ത്ഥനയുമായി കൃഷ്‌ണ പ്രഭ - Pinarayi Vijayan on Jenson s death - PINARAYI VIJAYAN ON JENSON S DEATH

ജെന്‍സന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും കെകെ ഷൈലജ ടീച്ചറും. ഫേസ്‌ബുക്കിലൂടെയായിരുന്നു ഇരുവരും പ്രതികരിച്ചത്. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്ന് മുഖ്യമന്ത്രി.

SHAILAJA TEACHER ON JENSON S DEATH  JENSON S DEATH  PINARAYI VIJAYAN  ജെന്‍സന് അനുശോചനം
Jenson s death (ETV Bharat)

By ETV Bharat Entertainment Team

Published : Sep 12, 2024, 4:44 PM IST

Updated : Sep 13, 2024, 1:42 PM IST

അപകടത്തില്‍ മരിച്ച ജെന്‍സന് കേരളക്കരയുടെ അന്ത്യാഞ്ജലി. ജെന്‍സന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ജെന്‍സന് അനുശോചനം അറിയിച്ചിരിക്കുകയാണ്.

ഉറ്റവരെ നഷ്‌ടമായ ശ്രുതിയ്‌ക്ക് മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നത് ഹൃദയഭേദകമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു.

'വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്‌ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്.

കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്‍റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്‌ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെ ഉണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്‍റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.'-മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥനയുമായാണ് കൃഷ്‌ണ പ്രഭ ജെന്‍സന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്. സർക്കാർ തലത്തിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ ശ്രുതിയ്‌ക്ക് ജോലി നൽകണമെന്നാണ് കൃഷ്‌ണ പ്രഭയുടെ അഭ്യര്‍ത്ഥന. നഷ്‌ടങ്ങൾക്ക് ഇത് പകരമാവില്ലെങ്കിലും ശ്രുതിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അത് സഹായമാകുമെന്നാണ് കൃഷ്‌ണ പ്രഭ പറയുന്നത്.

'ഏറെ വേദനയോടെയാണ് ഈ വാർത്ത കേട്ടത്! വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്‍റെ ഉറ്റവരെ എല്ലാം നഷ്‌ടമായ ശ്രുതി എന്ന പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനായ ജെൻസനെയും നഷ്‌ടമായിരിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ അതിയായ ദുഃഖം തോന്നി. ആ പെൺകുട്ടിക്ക് അത് താങ്ങാനുള്ള കരുത്തുണ്ടാകണേ.. അവൾക്ക് ഉണ്ടായ നഷ്‌ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല.. ഈ നാടും നമ്മളും അവൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പാണ്! ശ്രുതിയുടെയും ജെൻസന്‍റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.. എല്ലാം അതിജീവിക്കാൻ ശ്രുതിക്കാവട്ടെ..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോട് ഒരു അഭ്യർത്ഥനയുണ്ട്.. ഒരുപാട് നഷ്‌ടങ്ങൾ ജീവിതത്തിൽ സംഭവിച്ച ആ പെൺകുട്ടിക്ക് സർക്കാർ തലത്തിൽ തന്നെ ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി നൽകിയാൽ അത് വലിയ ഒരു സഹായമാകും.. നഷ്‌ടങ്ങൾക്ക് പകരമാവില്ലെങ്കിലും അവൾക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് അത് സഹായമാകുമെന്ന് തോന്നുന്നു.' -കൃഷ്‌ണ പ്രഭ ഫേസ്‌ബുക്കില്‍ കുറിച്ചു.

സിപിഎം നേതാവ് കെ.കെ ഷൈലജ ടീച്ചറും ജെന്‍സന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാട് അങ്ങേയറ്റം വേദനാജനകമാണെന്നും പ്രതിസന്ധികളെ അതിജീവിച്ച് എത്രയും വേഗം ശ്രുതി തിരിച്ചു വരട്ടെ എന്നും ഷൈലജ ടീച്ചര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

'ശ്രുതിയെ തനിച്ചാക്കി ജെൻസനും വിട പറഞ്ഞു... വയനാട് ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ ഒണ്‍പത് പേരെ നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസന്‍. പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാട് അങ്ങേയറ്റം വേദനാജനകമാണ്. പ്രതിസന്ധികളെ അതിജീവിച്ച് പരിക്കുകൾ സുഖമായി ശ്രുതി എത്രയും വേഗം ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരട്ടെ...' -ഇപ്രകാരമാണ് ഷൈലജ ടീച്ചര്‍ കുറിച്ചത്.

'കാലത്തിന്‍റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ' -എന്നാണ് ഫഹദ് ഫേസ്‌ബുക്കില്‍ കുറിച്ചത്. 'ജെന്‍സന്‍റെ വിയോഗം വലിയ ദു:ഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറമാണ്... സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്‍റെ പ്രിയപ്പെട്ടവര്‍ക്കും. ' -ഇപ്രകാരമാണ് ജെന്‍സന്‍റെ വിയോഗത്തില്‍ മമ്മൂട്ടി പ്രതികരിച്ചത്.

Also Read: 'എന്‍റെ സഹോദരാ, കാലത്തിന്‍റെ അവസാനം വരെ നീ ഓര്‍ക്കും'; ദു:ഖം പങ്കുവച്ച് ഫഹദ് ഫാസില്‍ - Fahadh Faasil on Jenson s death

Last Updated : Sep 13, 2024, 1:42 PM IST

ABOUT THE AUTHOR

...view details