സിനിയിലെ ഇരട്ട വേഷങ്ങൾ പ്രേക്ഷകര്‍ക്ക് കൗതുകമാകാറുണ്ട്. എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ കൗതുകമായിരിക്കുകയാണ് സംഗീതജ്ഞരായ ഇരട്ട സഹോദരങ്ങള്‍. തുളസീധരനും മധുസൂദനനും. ഇരട്ട സഹോദരങ്ങളെന്ന് അപരിചിതര്‍ വിളിക്കുമ്പോള്‍ ചീരാണിക്കര ബ്രദേഴ്‌സ് എന്ന് നാട്ടുകാര്‍ വിളിക്കും.
രൂപത്തിലും ഭാവത്തിലും ശബ്‌ദത്തിലും വസ്ത്രവിധാനത്തിലും മാത്രമല്ല, ഉപയോഗിക്കുന്ന വാച്ചുകള്‍, ചെരുപ്പുകള്‍, കണ്ണടകള്‍ പോലും ഒരുപോലെയാണ്. ഇവരെ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
Cheeranikkara Brothers (ETV Bharat) പ്രായം 70 ആയെങ്കിലും മനസ്സിൽ എപ്പോഴും മധുര പതിനേഴ്. പ്രായാധിക്യം കൊണ്ട് ശരീരത്തിന് സംഭവിച്ച ക്ഷീണങ്ങൾ മനസ്സിനെ ബാധിച്ചിട്ടില്ല എന്നാണ് ഈ ഇരട്ടകള്‍ പറയുന്നത്. ഇടിവി ഭാരതിനോട് മനസ്സുതുറന്ന് ചീരണിക്കര ബ്രദേഴ്‌സ്.
ഈ ഇരട്ട സഹോദരന്‍മാരില്‍ മധുവിനെയും തുളസിയെയും തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്ഥിരം കാണുന്ന നാട്ടുകാർക്ക് പോലും ഇവരെ തിരിച്ചറിയാനാകില്ല.
ഞങ്ങൾ രണ്ട് പേരല്ലാ ഒന്നാണെന്നാണ് ഇവര്‍ പറയുന്നത്. മധു എന്ന് വിളിച്ചാലും തുളസി എന്ന് വിളിച്ചാലും ഇവര്‍ രണ്ട് പേരും വിളി കേൾക്കും. അതുകൊണ്ട് ആരാണ് മധു, ആരാണ് തുളസി എന്നുള്ള കൺഫ്യൂഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യമില്ലെന്നാണ് ഈ ഇരട്ട സഹോദരന്‍മാര്‍ പറയുന്നത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമെ ഇരുവരും നേടിയിട്ടുള്ളു. കുട്ടിക്കാലം മുതൽ തന്നെ ഇരുവര്‍ക്കും സംഗീതത്തോടായിരുന്നു അഭിനിവേശം. അമ്മയും സംഗീത പ്രേമിയായിരുന്നു. കുട്ടിക്കാലത്ത് നാട്ടിലെ റേഡിയോ കിയോസ്‌കുകളിൽ പോയി പാട്ട് കേൾക്കുക പതിവായിരുന്നു.
എന്നാല്‍ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ ഇരുവരും മരപ്പണിക്കാരായി. പൊടി അലർജി ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതോടെ ഇരുവരും റബ്ബർ ടാപ്പിംഗ് തൊഴിലിലേയ്‌ക്ക് തിരിഞ്ഞു. അതിനിടയിൽ കിട്ടുന്ന സമയത്ത് സ്വന്തമായി ഗാനങ്ങൾ എഴുതി ട്യൂൺ ചെയ്‌ത് പൊതുവേദികളിൽ അവതരിപ്പിച്ചു. ഇതോടെ ഇരുവരും നാട്ടിൽ പ്രശസ്‌തരായി.
വലിയ രൂപ സാദൃശ്യമുള്ള ഈ ഇരട്ട സഹോദരന്‍മാരുടെ കലാപ്രകടനങ്ങൾ നാട്ടിൽ പ്രശസ്‌തമായതോടെ ഇവരെ തേടി മാധ്യമങ്ങൾ എത്തി. ഇവരെ കുറിച്ച് മാധ്യമങ്ങള്‍ വലിയ വാർത്ത പ്രാധാന്യത്തോടെ കേരളക്കരയെ എഴുതി അറിയിച്ചു. ശേഷം ഇവര്‍ക്ക് സിനിമകളിൽ അവസരം ലഭിച്ചു. മോഹൻലാല്‍, ജയറാം എന്നിവര്‍ക്കൊപ്പം അഭിനയിച്ചു.
രൂപത്തിൽ മാത്രമല്ല, സ്വഭാവത്തിലും ഇവര്‍ക്ക് ഒത്തൊരുമ്മ ഉണ്ട്. അതുകൊണ്ട് തന്നെ ഒരുദിവസം പോലും കാണാതിരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഒന്നിച്ചാണ് താമസവും. കൂട്ടിനൊരു പഴയ ഹാർമോണിയവും കൈ മണിയും ഒപ്പമുണ്ട്. സംഗീതമാണ് ഇവരുടെ ജീവിതം.
കുറച്ചു നാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കലാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാല്‍ ഇതൊരു ഇടവേള മാത്രം. അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഇവര്‍ ചുറുചുറുക്കോടെ തിരികെയെത്തും.
Also Read: കാർത്തിയുടെ ഫേക്ക് ഫേസ്‌ബുക്ക് ഐഡിയും തഞ്ചാവൂർ ഫുഡ് അടിച്ച് തടിച്ച കഥയും; വിശേഷങ്ങളുമായി കാർത്തിയും, അരവിന്ദ് സ്വാമിയും - Karthi and Arvind Swamy Interview