സിനിമ സെറ്റില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തി ഫ്രൈഡേ ഫിലിം ഹൗസ്. 'പടക്കളം' എന്ന സിനിമയുടെ സെറ്റിലാണ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയത്. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍റെ ആശയമാണ് ഈ പുതിയ പരിഷ്‌കാരത്തിന് പിന്നില്‍.
സിനിമ സെറ്റില്‍ ജോലി ചെയ്യുന്ന അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ബാധകമാകുന്ന ബോയോമെട്രിക് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍, അസിസ്‌റ്റന്‍സ്, പ്രൊഡക്ഷന്‍ ബോയ്‌സ് തുടങ്ങി എല്ലാവരും ബയോമെട്രിക് സംവിധാനം വഴി ഹാജര്‍ രേഖപ്പെടുത്തണം.
സാധാരണ ഒരു ഓഫിസ് സംവിധാനത്തില്‍ ഉള്ളതുപോലെയാണ് സിനിമ സെറ്റിലും ബോയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയത്. രാവിലെ വരുമ്പോള്‍ പഞ്ച് ഇന്‍ ചെയ്യണം. തിരിച്ചു പോകുമ്പോള്‍ പഞ്ച് ഔട്ട് ചെയ്യണം. ഒരാള്‍ വന്നില്ലെങ്കില്‍ അറിയാന്‍ പറ്റും.
ഇതിലൂടെ ഒരു സെറ്റില്‍ എത്ര പേര്‍ ജോലിയെടുക്കുന്നുണ്ടെന്ന് നിര്‍മാതാവിന് കൃത്യമായി അറിയാന്‍ പറ്റും. ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. എപ്പോള്‍ വന്നു എപ്പോള്‍ പോയി തുടങ്ങിയ കാര്യങ്ങളില്‍ കൃത്യത ഉണ്ടാകും.