നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'ബിഗ് ബെൻ'. യുകെയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ അതിഥി രവിയും അനു മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അന്യ രാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ജൂൺ 28ന് 'ബിഗ് ബെൻ' തിയേറ്ററുകളിലെത്തും.
യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് 'ബിഗ് ബെൻ' സിനിമയുടെ കഥ പുരോഗമിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ലൗലി എന്ന യുവതി തന്‍റെ കുഞ്ഞിനേയും ഭർത്താവിനേയും അവിടേക്ക് കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അതിഥി രവിയാണ് ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭർത്താവ് ജീൻ ആന്‍റണി എന്ന കഥാപാത്രമായി അനു മോഹനും വേഷമിടുന്നു.