എറണാകുളം:ഹിറ്റില്‍ നിന്ന് സൂപ്പര്‍ഹിറ്റിലേക്ക് പ്രേമലു കുതിക്കുമ്പോള്‍ തങ്ങളുടെ പുതിയ ചിത്രം അനൗണ്‍സ് ചെയ്‌തുകൊണ്ട് ഭാവനാ സ്‌റ്റുഡിയോസ്. 'കരാട്ടെ ചന്ദ്രന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്‍റെ കോ-ഡയറക്‌ടർ ആയിരുന്ന റോയ് ആണ്. എസ് ഹരീഷും വിനോയ് തോമസും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത് ഫഹദ് ഫാസിലാണ് (Bhavana Studios announces new film Karate chandran).
ചിത്രത്തിന്‍റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗിരീഷ് എഡി സംവിധാനം ചെയ്‌ത പ്രേമലു ആണ് ഭാവനാ സ്‌റ്റുഡിയോസിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫിസില്‍ മുന്നേറുന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് നസ്ലനും മമിതയും ആണ്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എഡി ഒരുക്കിയ 'പ്രേമലു' ചിത്രം ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. ഭാവന സ്‌റ്റുഡിയോസ് 'പ്രേമലു'വിന്‍റെ നിർമാണം ഏറ്റെടുക്കാനുള്ള ഒരേയൊരു കാരണം സംവിധായകൻ ഗിരീഷ് എഡിയിലുള്ള വിശ്വാസമാണെന്ന് സംവിധായകനായ ദിലീഷ് പോത്തൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.