ഡിസംബര്‍ 25 .. ആ ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. 47 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത 'ബറോസ്' എന്ന ചിത്രം റിലീസ് ചെയ്യുന്ന ദിവസം. ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടി തകര്‍ത്തോടുമ്പോഴാണ് മോഹന്‍ലാലിന് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ പ്രിയ എഴുത്തുകാരന്‍റെ മരണം. സന്തോഷത്തേക്കാള്‍ സങ്കടം നിറഞ്ഞ ദിനമായിരുന്നു മോഹന്‍ലാലിന് ഈ ക്രിസ്‌മസ്.
ഏതാണ്ട് 1650 ദിവസത്തോളമെടുത്ത് ചിത്രീകരിച്ച സിനിമയാണ് 'ബറോസ്'. അങ്ങനെ 1650 ദിനങ്ങള്‍ക്ക് ശേഷമാണ് തനിക്ക് മോക്ഷം കിട്ടിയെന്നാണ് മോഹന്‍ലാല്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ സന്തോഷത്തോടെ പറഞ്ഞത്.
മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ മലയാളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ സംവിധാന കുപ്പായമണിയുന്നുവെന്നറിഞ്ഞത് മുതല്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. ആ പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്താതെയാണ് 'ബറോസ്' ആഗോളതലത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്.
തന്‍റെ ആദ്യ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ലാല്‍. എന്നാല്‍ ആ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല. മോഹന്‍ലാലിന് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ എഴുത്തുകാരന്‍റെ വിയോഗ വാര്‍ത്തയില്‍ ആ സന്തോഷം കെട്ടുപ്പോയി.
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ് എം ടി വാസുദേവന്‍ നായരെന്ന് ആദ്യം വിശേഷിപ്പിച്ചത് മോഹന്‍ലാലാണ്. എംടിയെന്ന ആ സാഹിത്യപ്രതിഭയുമായി മോഹന്‍ലാലിന് ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. എം ടിയുടെ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളു.
എന്നാല്‍ ആ താരത്തെ വ്യത്യസ്‌തമായ തലത്തിലേക്ക് അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു അതൊക്കെ. മോഹന്‍ലാല്‍ എംടിയുമായി ബന്ധപ്പെടുന്നത് തന്നെ ഐവി ശശിയുടെ ചിത്രങ്ങളിലൂടെയാണ്. ഐവി ശശിയും എംടിയും ചേര്‍ന്ന് ഏകദേശം 12 സിനികളിലോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.