ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രേഖാചിത്രം'. സിനിമയുടെ ടൈറ്റിലും ഫസ്‌റ്റ് ലുക്കും പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടൈറ്റിലും ഫസ്‌റ്റ് ലുക്കും സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്‌തത്.
ആസിഫ് അലിയും, അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അനശ്വരയും ആസിഫുമാണ് ഫസ്‌റ്റ്‌ലുക്കില്‍. തികച്ചും വേറിട്ട ലുക്കിലാണ് അനശ്വരയെ ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക. ആസിഫ് അലി പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടി നായകനായി എത്തിയ 'ദി പ്രീസ്‌റ്റി'ന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയുടെ നിര്‍മാണം വേണു കുന്നപ്പിള്ളിയാണ്. 'മാളികപ്പുറം', '2018' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിനൊരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യിലും ഇരുവരും ഒന്നിച്ചിരുന്നു.