കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്. ഒരു രൂപ പോലും വാങ്ങിയിട്ടില്ല, ദുബായില്‍ നിന്ന് എത്തിയത് സ്വന്തം ചെലവിലാണെന്നും ആശ ശരത്ത് വ്യക്തമാക്കി. കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷമാണെന്നും താരം വ്യക്തമാക്കി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ആരോപണം വലിയ വിവാദമായതിനെ തുടര്‍ന്നാണ് നടി പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഞാൻ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്‍റെ സ്വന്തം ചിലവിൽ ദുബായിൽ നിന്നും വരികയായിരുന്നു. കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. കലോത്സവം എന്നാൽ ഓരോ കലാകാരന്‍റെയും കലാകാരിയുടെയും സ്വപ്‌നവേദിയാണ്. അവിടെ നിന്നപ്പോൾ എന്‍റെ മനസില്‍ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നൽകുന്ന ഒരു അനുഭവമായിരുന്നു.
ഞാൻ പ്രതിഫലം ചോദിച്ചു എന്ന് ആരെങ്കിലും ചിന്തിക്കുന്നതിനു തന്നെ കാരണം എന്തെന്ന് എനിക്കറിയില്ല. ഞാൻ അത് സന്തോഷവും അഭിമാനവുമായി കാണുകയായിരുന്നു. പ്രതിഫലം ആവശ്യപ്പെടണമോ ഇല്ലയോ എന്നത് വ്യക്തിയുടെ തീരുമാനമാണ്.
ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾകൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളർന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണെന്നും നടി പറഞ്ഞു. ഞാന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ക്ഷണം സ്വീകരിച്ചത്. പണം വേണ്ട എന്നത് ഞാന്‍ സ്വയം തീരുമാനിച്ചതാണ്. എന്തെങ്കിലും ഡിമാന്‍ഡ് ഉണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഞാന്‍ സ്വയം വന്നു ചെയ്യാം എന്നത് ഞാന്‍ മുന്നോട്ടു വച്ച കാര്യമായിരുന്നു.