ഹൈദരാബാദ് : സിനിമാരംഗത്ത് പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രശസ്‌തനാണ് സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ അനുരാഗ് കശ്യപ്. താരത്തിന്‍റെ പുതിയ പ്രഖ്യാപനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്‍റെ സമയവും ഉപദേശവും ഇനി മുതല്‍ സൗജന്യമായി നൽകില്ല എന്നാണ് അനുരാഗ് കശ്യപിന്‍റെ പ്രഖ്യാപനം. കൺസൾട്ടേഷനുകൾക്ക് 5 ലക്ഷം വരെ ഫീസ് ഈടാക്കുമെന്നും താരം പറഞ്ഞു. കുറുക്കുവഴികള്‍ തേടുന്നവരെ കൊണ്ടുള്ള ശല്യം സഹിക്കാതെയാണ് തീരുമാനമെടുക്കുന്നതെന്നും താരം വ്യക്തമാക്കി.
'പുതുമുഖങ്ങളെ സഹായിക്കാന്‍ വേണ്ടി ഞാൻ ഒരുപാട് സമയം പാഴാക്കി. കൂടുതലും വൃഥാവിലാവുകയാണ് ചെയ്‌തത്. അതുകൊണ്ടുതന്നെ സർഗാത്മകതയുള്ളവരാണെന്ന് സ്വയം കരുതുന്നവരെ കണ്ട് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഇനി മുതല്‍ എന്നെ കാണാന്‍ നിരക്കുകൾ ഉണ്ടാകും. എന്നെ 10-15 മിനിറ്റ് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ലക്ഷം. അര മണിക്കൂറിന് 2 ലക്ഷം.ഒരു മണിക്കൂറിന് 5 ലക്ഷം എന്നിങ്ങനെ ഈടാക്കും. നിങ്ങൾക്ക് അത് താങ്ങാൻ കഴിയുമെങ്കില്‍ മാത്രം എന്നെ വിളിക്കുക. അല്ലെങ്കില്‍ മാറി നില്‍ക്കുക'. പണം മുൻകൂറായി നൽകണമെന്ന് കൂടി വ്യക്തമാക്കിയാണ് അനുരാഗ് കശ്യപിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.