ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍ താരമാണ് അമിതാഭ് ബച്ചന്‍. എന്‍പത്തിരണ്ടുകാരനായ അമിതാഭ് ബച്ചന്‍ ഇരുന്നൂറോളം ചിത്രങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതുകൊണ്ടു തന്നെ സ്‌ക്രീനിന് അകത്തും പുറത്തും ഒരുപോലെ പ്രേക്ഷക പ്രീതി നേടിയ നടനായി അദ്ദേഹം മാറി. അഭിനേതാവ് മാത്രമല്ല ഗായകന്‍, നിര്‍മാതാവ്, അവതാരകന്‍ എന്നിങ്ങനെ പല വേഷങ്ങളിലും ബിഗ് ബി നിറഞ്ഞു നിന്നു.
പല സന്ദര്‍ഭങ്ങളിലായി ഒട്ടേറെ പേരുടെ കൂടെ അദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത്. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്‍റെ സുഹൃത്തുക്കളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ബിഗ് ബിയുടെ സുഹൃത്തുകളെ കുറിച്ച് ആരാഞ്ഞപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. തനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ല. ഇതു കേട്ടയുടനെ ആളുകളിലുള്ള വിശ്വാസ കുറവ് കൊണ്ടാണോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദിച്ചു.
അതുന്നുമല്ല, കണ്ടുമുട്ടല്‍, പരിചയപ്പെടല്‍, ഓരോരുത്തരുടെയും അടുത്തിടപഴകല്‍ മുഴുവന്‍ പ്രക്രിയയും ഞാന്‍ കണ്ടെത്തുന്നു ആയിടത്ത് ഞാന്‍ വീഴില്ല എന്നായിരുന്നു അമിതാഭ് ബച്ചന്‍റെ മറുപടി. സുഹൃത്തുക്കളില്‍ ചിലര്‍ സിനിമാ രംഗത്തുള്ളവരും പുറത്തു നിന്നുള്ളവരുമാണ്. അതില്‍ ഒരാളാണ് അന്തരിച്ച മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി, അമിതാഭ് ബച്ചന്‍ പറഞ്ഞു.
തന്‍റെ ഉറ്റ സുഹൃത്തായിരുന്നു രാജീവ് ഗാന്ധി. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍. തനിക്ക് നാലു വയസുള്ളപ്പോള്‍ അലഹബാദില്‍ വച്ചാണ് രാജീവ് ഗാന്ധിയെ ആദ്യമായി കാണുന്നത്. അന്ന് രാജീവിന് രണ്ട് വയസായിരുന്നു.
തന്‍റെ താമസ സ്ഥലമായ അലഹബാദിലെ ബാങ്ക് റോഡില്‍ ഒരു ഫാന്‍സി ഡ്രസ് പാര്‍ട്ടിക്കിടെയായിരുന്നു അത്. സ്വാതന്ത്ര്യ സമര പോരാളിയുടെ വേഷമണിഞ്ഞ് നില്‍ക്കുന്ന രണ്ടുവയസുകാരനായ രാജീവ് ഗാന്ധിയെ അന്നാണ് കാണുന്നത്. അന്ന് തങ്ങള്‍ രണ്ടുപേരും കുട്ടികളായിരുന്നതിനാല്‍ പല ചെറിയ കളികളില്‍ മുഴുകി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരകുട്ടികളാണ് തന്‍റെ കൂടെയുള്ളതെന്നൊന്നും അന്ന് അറിയില്ലായിരുന്നു. ബച്ചന്‍ ഓര്‍ത്തെടുത്തു.
സിനിമാ അഭിനയത്തിന് പുറമെ തന്‍റെ പ്രിയ സുഹൃത്ത് രാജീവ് ഗാന്ധിയുടെ സ്വാധീനത്തില്‍ രാഷ്‌ട്രീയത്തിലും ബച്ചന്‍ ഒരു കൈ നോക്കിയിരുന്നു. എന്നാല്‍ ശോഭിക്കാനായില്ല. അത് മാനസികമായും സാമ്പത്തികമായു ബച്ചനെ തളര്‍ത്തി. എന്നിട്ടും തന്‍റെ അഭിനയ പ്രകടനത്തിലൂടെ ആരാധകരിലേക്ക് അദ്ദേഹം വീണ്ടും തിരിച്ചെത്തി.
1942 ഒക്ടോബര്‍ 11ന് കവിയായ ഹരിവംശ് റായ് ബച്ചന്‍റേയും സാമൂഹിക പ്രവര്‍ത്തക തേജി ബച്ചന്‍റെയും മൂത്ത പുത്രനായാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്.