കേരളം

kerala

ETV Bharat / entertainment

'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' വീണ്ടും ചരിത്രം തീര്‍ക്കുന്നു; ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷന്‍ - ALL WE IMAGINE AS LIGHT

മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്.

Payal kadadia  kani kusruthi  Divya prabha  Golden globe award
ALL WE IMAGINE AS LIGHT (ETV Bharat)

By

Published : Dec 9, 2024, 11:01 PM IST

കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) വീണ്ടും ചരിത്രം തീര്‍ക്കുന്നു. ഗോൾഡൻ ഗ്ലോബിൽ രണ്ടു നോമിനേഷനുകൾ നേടിയിരിക്കുകയാണ് പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്.

സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽനിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നതെന്ന പ്രത്യകതയുമുണ്ട്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി അവാര്‍ഡും പായൽ കപാഡിയ സ്വന്തമാക്കിയിരുന്നു.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്‌സിൻ്റെ കഥയാണ് ചിത്രം പറയുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തിയത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷം ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ മലയാളത്തിൽ‌ പ്രദർശനത്തിനെത്തിയ ചിത്രം ഇവിടെയും വാർത്തകളിൽ നിറഞ്ഞിരുന്നു.‌

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയവരാണ് കനി കുസൃതിയും സംവിധായിക പായല്‍ കപാഡിയയും. കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി അവാര്‍ഡ് വാങ്ങാന്‍ പായൽ കപാഡിയയും നടിമാരും എത്തിയത് രാജ്യന്തര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടെലിവിഷൻ നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച നടപടിക്കെതിരെ നടന്ന സമരത്തിൻ്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു പായൽ കപാഡിയ.

139 ദിവസം നീണ്ടുനിന്ന സമരത്തെത്തുടർന്ന് പൊലീസ് അറസ്റ്റു ചെയ്‌ത 35 വിദ്യാർഥികളിൽ 25-ാം പ്രതിയായിരുന്നു പായൽ. ഇതിനെത്തുടർന്ന് പായലിൻ്റെ സ്‌കോളർഷിപ്പ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് റദ്ദാക്കിയിരുന്നു. ഇന്ന് ഇന്ത്യൻ സിനിമാ ചരിത്രത്തിൻ്റെ നാഴികക്കല്ലാണ് പായൽ. കൂടാതെ ചിത്രത്തിലെ ചില രംഗങ്ങളെ പറ്റി കേരളത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതെല്ലാം കാറ്റിപ്പറത്തിയാണ് സിനിമയുടെ ചരിത്ര മുന്നേറ്റം. പായൽ സംവിധാനം ചെയ്‌ത എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് 2021ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയിരുന്നു. ചിത്രത്തിൻ്റെ ആദ്യപ്രദർശനം മേളയിലെ ഡയറക്‌ടറേഴ്‌സ് ഫോർട് നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറൻ്റോ ചലച്ചിത്രമേളയിൽ ആംപ്‌ളിഫൈ വോയ്‌സസ് അവാർഡും ഈ ഡോക്യുമെൻ്ററിക്ക് ലഭിക്കുകയുണ്ടായി. ബുസാൻ മേളയിൽ ഈ ചിത്രം സിനിഫൈൽ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

1986ൽ മുംബൈയിൽ ജനിച്ച പായൽ സെൻ്റ് സേവിയേഴ്‌സ് കോളജ്, സോഫിയ കോളജ് എന്നിവിടങ്ങളിൽ നിന്നായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചലച്ചിത്ര സംവിധാനം പഠിക്കാനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ വിദ്യാർഥിയായിരിക്കെ സംവിധാനം ചെയ്‌ത ആഫ്റ്റർനൂൺ ക്‌ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മേളയിൽ സെലക്ഷൻ ലഭിച്ച ഏക വിദ്യാർഥിയായിരുന്നു അന്ന് പായൽ.

ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലെ ജൂറി ഗ്രാന്‍ഡ് പ്രൈസ്, ഗോതം അവാര്‍ഡിലെ മികച്ച ഇൻ്റര്‍നാഷണല്‍ ഫീച്ചര്‍, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിളിൻ്റെ മികച്ച അന്താരാഷ്‌ട്ര ചലച്ചിത്ര അവാര്‍ഡ് എന്നിവയും ഇതിന് ലഭിച്ചിട്ടുണ്ട്. പായൽ കപാഡിയക്ക് പുറമേ എമിലിയ പെരസിന് ജാക്വസ് ഓഡിയാർഡ്, അനോറയ്‌ക്ക് ഷോൺ ബേക്കർ, കോൺക്ലേവിന് എഡ്വേർഡ് ബെർഗർ, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോർബറ്റ്, ദ സബ്സ്റ്റാൻസിന് കോറലി ഫാർഗെറ്റ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് 82ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിനുള്ള നോമിനേഷനുകൾ‌ പ്രഖ്യാപിച്ചത്. ജനുവരി 5നാണ് പുരസ്‌കാര പ്രഖ്യാപനം.

Read More: ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, ദുബായില്‍ നിന്ന് വന്നത് സ്വന്തം ചെലവില്‍, കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം: ആശ ശരത്ത്

ABOUT THE AUTHOR

...view details