കേരളം

kerala

ETV Bharat / entertainment

കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ? - who is Payal Kapadia - WHO IS PAYAL KAPADIA

'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ കാനിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് പായൽ കപാഡിയ. ഇതാദ്യമായല്ല അന്താരാഷ്‌ട്ര വേദിയിൽ പായലിന്‍റെ പേര് മുഴങ്ങുന്നത്.

PAYAL KAPADIA HISTORY STUDENT LIFE  PAYAL KAPADIA MOVIES DOCUMENTARIES  പായൽ കപാഡിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്  ALL WE IMAGINE AS LIGHT
Payal Kapadia (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 12:47 PM IST

Updated : May 26, 2024, 1:11 PM IST

പായൽ കപാഡിയ, 2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക. പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാനിൽ 'ഗ്രാന്‍ഡ് പ്രി' പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ ഇന്ത്യന്‍ ചലച്ചിത്രലോകമൊന്നടങ്കം അഭിമാനത്താൽ ഊറ്റംകൊണ്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ഒരു ഇന്ത്യൻ സംവിധായികയ്‌ക്ക് ഗ്രാന്‍ഡ് പ്രി ലഭിക്കുന്നതും ചരിത്രത്തിലാദ്യം.

പാം ഡി ഓറിന് ശേഷം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അംഗീകാരമാണ് കാൻ ഗ്രാൻഡ് പ്രിക്‌സ്. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും പുരസ്‌കാരം സ്വന്തമാക്കുന്നതും. ഷാജി എൻ കരുണിൻ്റെ 'സ്വാഹം' (1994) ആണ് ഏറ്റവും ഒടുവിൽ കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം.

ആരാണ് പായൽ കപാഡിയ?

ലോക സിനിമയുടെ നെറുകില്‍ ഇന്ത്യന്‍ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ട ദിനത്തിൽ ഏവരും അന്വേഷിക്കുന്ന പേരാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' സിനിമയുടെ സംവിധായികയായ പായൽ കപാഡിയയുടേത്. ആരാണ് യഥാർഥത്തിൽ പായൽ കപാഡിയ?

ഫീച്ചർ സംവിധാനത്തിലെ പായലിന്‍റെ അരങ്ങേറ്റത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. എന്നാൽ അന്താരാഷ്‌ട്ര വേദിയിൽ ഇത് ആദ്യമായല്ല പായലിന്‍റെ പേര് മുഴങ്ങുന്നത്. 2021-ൽ, പായലിന്‍റെ ഏറെ നിരൂപക പ്രശംസ നേടിയ 'എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്' എന്ന ഡോക്യുമെൻ്ററി കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ ഡയറക്‌ടേഴ്‌സ് ഫോർട്ട്‌നൈറ്റിൽ പ്രീമിയർ ചെയ്യുകയും ഓയിൽ ഡി ഓർ (ഗോൾഡൻ ഐ) അവാർഡ് നേടുകയും ചെയ്‌തിരുന്നു. സിനിഫോണ്ടേഷനിൽ ഇവരുടെ 'ആഫ്റ്റർനൂൺ ക്ലൗഡ്‌സ്' എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചിരുന്നു.

ശക്തമായ രഷ്ട്രീയം വിളിച്ചുപറയുന്നതാണ് പായല്‍ കപാഡിയയുടെ ഓരോ സൃഷ്‌ടികളും. അതിന് അവരുടെ സമരോത്സുകമായ ജീവിത യാഥാർഥ്യങ്ങളും ഊർജം പകർന്നിട്ടുണ്ടെന്ന് വേണം കരുതാൻ. ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയ പായലിന്‍റെ വിദ്യാര്‍ഥി ജീവിതം അത്രയെളുപ്പം പറഞ്ഞുപോകാൻ സാധിക്കുന്ന ഒരേടായിരുന്നില്ല.

ആന്ധ്രപ്രദേശിലെ ഋഷി വാലി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പായൽ ഡൽഹി സർവകലാശാലയ്‌ക്ക് കീഴിലെ സെയിന്‍റ് സ്റ്റീഫൻസ് കോളജിലാണ് എക്കണോമിക്‌സിൽ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് സിനിമ പഠിക്കാനായി പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്. രാജ്യത്ത് ഏറ്റവും ശക്തമായ രാഷ്‌ട്രീയവും കലയും നിലനിൽക്കുന്ന കാമ്പസുകളിലൊന്നായ പൂനെ എഫ്‌ടിഐഐയിലെ പായലിന്‍റെ വിദ്യാർഥി ജീവിതവും അതിൽനിന്നും വിഭിന്നമായിരുന്നില്ല.

സമരം, ജീവിതം, സിനിമ:2015ൽ ഗജേന്ദ്ര ചൗഹാൻ എന്ന ടെലിവിഷൻ താരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ കാമ്പസിൽ നാലുമാസം ക്ലാസുകൾ ബഹികരിച്ച് സമരം നടന്നു. സമരത്തിന്‍റെ മുൻപന്തിയിൽ പായലുമുണ്ടായിരുന്നു. പ്രതിഷേധിച്ചതിന്‍റെ പേരിൽ പായൽ കപാഡിയയ്‌ക്കെതിരെ കോളജ് അച്ചടക്ക നടപടി സ്വീകരിച്ചു. സ്ഥാപനത്തിന്‍റെ ഡയറക്‌ടർ പ്രശാന്ത് പത്രബെയുടെ ഓഫിസിന് മുന്നിൽ ധർണയിരുന്നതിന് അവർക്കെതിരെ പൂനെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.

അച്ചടക്ക നടപടിയുടെ ഭാഗമായി പായലിന് ലഭിച്ചിരുന്ന ഗ്രാന്‍റും എഫ്‌ടിഐഐ വെട്ടിക്കുറച്ചു. ഇങ്ങനെയൊരു സമരത്തിന്‍റെ പൊള്ളുന്ന ചരിത്രം കൂടിയുണ്ട് പായലിന് പറയാൻ. 2015ൽ സമരം നടക്കുന്ന വർഷമാണ് 'ആഫ്റ്റർനൂൺ ക്‌ളൗഡ്‌സ്' എന്ന 13 മിനിറ്റുള്ള ഹ്രസ്വസിനിമ പായൽ ഒരുക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ഈ ഷോർട്ട് ഫിലിം കാനിൽ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ കാമ്പസുകൾ സമരമുഖരിതമായ 2015, 2016 കാലം. 2016ൽ രോഹിത് വെമുലയുടെ ആത്മഹത്യയും കാമ്പസുകളെ ഇളക്കിമറിച്ചു. കാമ്പസുകളിലെ കാവിവൽക്കരണത്തിനെതിരെ ആദ്യം പ്രതികരിച്ച കാമ്പസുകളിൽ ഒന്നായിരുന്നു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. അന്ന് ആ സമരങ്ങളുടെ ഭാഗമായി പായൽ കപാഡിയയും ഉണ്ടായിരുന്നു.

സമരം തുടരുന്നതിനിടയിലും പായൽ തന്‍റെ സിനിമാപ്രവർത്തനവും സജീവമായി നിലനിർത്തി. 2021ൽ കാനിൽ 'ഗോൾഡൻ ഐ പുരസ്‌കാരം ലഭിച്ച പായലിന്‍റെ 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന ഡോക്യുമെന്‍ററിയിൽ തന്‍റെ വിദ്യാർഥി ജീവിതപരിസരം കൂടി പായൽ ഉൾപ്പെടുത്തിയിരുന്നു. ഡയറക്‌ടേഴ്‌സ് 'ഫോർട്ട്നൈറ്റ്' എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.

2014ൽ പുറത്തിറങ്ങിയ 'വാട്ടർമെലന്‍, ഫിഷ് ആൻഡ് ഹാഫ് ഗോസ്റ്റ്' ആണ് പായലിന്‍റെ ആദ്യ സിനിമ. 2017ൽ 'ദി ലാസ്റ്റ് മാങ്കോ ബിഫോർ ദി മൺസൂൺ' എന്ന സിനിമയും ഒരുക്കി. പായൽ തന്നെയാണ് ആ സിനിമയുടെ തിരക്കഥയും സംവിധാനവും, എഡിറ്റിങ്ങും നിർവഹിച്ചത്. 2018ൽ 'ആൻഡ് വാട്ട് ഈസ് ദി സമ്മർ സേയിങ്' എന്ന സിനിമയും പായൽ സംവിധാനം ചെയ്‌തു.

'ദയവായി ഇനിയൊരു 30 വർഷം കൂടി കാത്തിരിക്കരുത്':കാനിലെ പായൽ കപാഡിയയുടെ വാക്കുകളാണിത്. ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത് 30 വർഷങ്ങൾക്ക് ശേഷമാണല്ലോ. ഇനി ഇത്രയും വലിയൊരു ഇടവേളയുണ്ടാകരുതെന്നാണ് പായൽ പറയുന്നത്. തന്‍റെ സിനിമ സൗഹൃദത്തെ കുറിച്ചാണെന്നും വ്യത്യസ്‌തരായ മൂന്ന് സ്‌ത്രീകളെക്കുറിച്ചാണെന്നും അവാർഡ് പ്രസംഗത്തിൽ കപാഡിയ പറഞ്ഞു.

തന്‍റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ പായൽ തൻ്റെ നായികമാർക്കും നന്ദി പറഞ്ഞു. ദിവ്യ പ്രഭ, കനി കുസൃതി, ഛായ കദം എന്നിവരാണ് ഓൾ വി ഇമാജിൻ ആസ് ദി ലൈറ്റ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ALSO READ:കാനിൽ ചരിത്രമെഴുതി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ഗ്രാന്‍റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ

Last Updated : May 26, 2024, 1:11 PM IST

ABOUT THE AUTHOR

...view details