അരുണ്‍ ചന്തുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ 'ഗഗനചാരി'യുടെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജൂണ്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഗഗനചാരി. അടുത്തിടെ ക്ഷണിക്കപ്പെട്ട അതിഥികൾക്കുമുന്നിൽ ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ നടത്തുകയുണ്ടായി. മികച്ച അഭിപ്രായമാണ് ചിത്രം കണ്ടവർക്കെല്ലാം.
ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ ശ്രദ്ധേയ അംഗീകാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. കേരളത്തിലെ ചില സ്വകാര്യ ഇവൻ്റുകളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ ഇഫക്‌ട്‌സ് എന്നീ വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്‌സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലൊക്കെ പ്രദർശിപ്പിക്കപ്പെട്ടു.
അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ അടക്കം വിവിധ ഫെസ്റ്റുകളിലും ഗഗനചാരി മികച്ച നിരൂപക പിന്തുണയോടെ പ്രദർശിപ്പിക്കപ്പെട്ടു. 'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്‌ത ചിത്രമാണ് 'ഗഗനചാരി'. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ അജിത് വിനായകയാണ് ചിത്രം നിർമ്മിക്കുന്നത്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.