താരസംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തിരിച്ചു വരണമെന്ന ആവശ്യവുമായി നടി സീനത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്ത അമ്മ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. നമ്മളെല്ലാവരും സ്നേഹിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ കുറ്റപ്പെടുത്തുകയും വാക്കുകൾകൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്.
പക്ഷെ പ്രതികരിക്കാൻ ഭയം ആയിരുന്നു, ഏതു രീതിയിൽ പ്രതികരിച്ചാലും അതിന്നു താഴെ വരുന്ന സൈബർ ആക്രമണം അത് താങ്ങാൻ എല്ലാവർക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ അതൊരു നന്ദികേടാകുമെന്ന് സീനത്ത് തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചു.
സീനത്തിന്‍റെ തുറന്ന കത്ത്
മമ്മുക്കക്കും, ലാൽജിക്കും, ഒരു തുറന്ന കത്ത്.
എന്തിനാണ് സോഷ്യൽ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം,
എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും അറിയണം എന്നു തോന്നി.
നമ്മളെല്ലാവരും സ്നേഹിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ കുറ്റപ്പെടുത്തുകയും വാക്കുകൾകൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ പ്രതികരിക്കാൻ ഭയം ആയിരുന്നു, ഏതു രീതിയിൽ പ്രതികരിച്ചാലും അതിന്നു താഴെ വരുന്ന സൈബർ ആക്രമണം അത് താങ്ങാൻ എല്ലാവർക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ അതൊരു നന്ദികേടാകും.
ആരെന്തു ചെയ്‌താലും ആവശ്യത്തിന്നും അനാവശ്യത്തിന്നും പഴി കേൾക്കേണ്ടി വരുന്ന ഞങളുടെയൊക്കെ ശക്തിയായ മമ്മുട്ടി, മോഹൻലാൽ, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദി കേട്. അമ്മ എന്ന സഘടനക്ക് വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്പർമാരോട് കാണിക്കുന്ന നന്ദി കേട്.
1994-ൽ രൂപംകൊണ്ടതാണ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ. തുടക്കം മുതൽ ആ സംഘടനയിൽ ഒരു അംഗം ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അമ്മ എന്ന സംഘടന വെറുമൊരു താര സംഘടന മാത്രമല്ല ഒരു വലീയ ചാരിറ്റബിൾ ട്രസ്‌റ്റാണ്. എത്രയോ വീടില്ലാത്തവർക്ക് വീട് കൊടുക്കുകയും അമ്മയിലുള്ള 115 ഓളം ആളുകൾക്ക് 5000 രൂപ വീതം ഒന്നാം തിയതി മുടക്കം കൂടാതെ എത്തിക്കുകയും, എല്ലാ മെമ്പർമാർക്കും അഞ്ചു ലക്ഷത്തിന്‍റെ മെഡിക്കൽ ഇൻഷുറൻസ് കൊടുക്കുകയും ചെയ്യുന്ന സഘടനയാണ് അമ്മ.
പുതിയ കമിറ്റി രൂപം കൊണ്ടപ്പോൾ മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് 5000 രൂപക്ക് പുറമെ 2000 രൂപയുടെ മരുന്ന് എത്തിക്കാനും തീരുമാനിച്ചു. ഇതൊക്കെ ഇന്ത്യൻ സിനിമയിൽ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്?ചിലപ്പോൾ എന്‍റെ അറിവിന്‍റെ പരിമിതി ആവാം.
അമ്മയുടെ തുടക്കത്തിൽ ഇത്രയും ശക്തിയുള്ള ഒരു സംഘടനയാണ് അമ്മ എന്ന് ഒരിക്കലും കരുതിയില്ല. വർഷങ്ങൾ കൂടുംതോറും അമ്മയുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരുന്നു. ഇപ്പോൾ ആരൊക്കെയോ ചേർന്ന് അമ്മയെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്നു എന്നൊരു തോന്നൽ, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു, ഭയം ഉണ്ടാക്കുന്നു.
ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്‌താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹൻലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആൾക്കാർ.