കേരളം

kerala

ETV Bharat / entertainment

'ഇത് ചരിത്ര നിമിഷം, ഇനിയാണ് ഞങ്ങളുടെ ശരിക്കുള്ള ജോലികള്‍ തുടങ്ങുന്നത്': രേവതി - Revathi reacts over Hema Committee - REVATHI REACTS OVER HEMA COMMITTEE

ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള വീഡിയോ കോളിന്‍റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് കൊണ്ടാണ് രേവതിയുടെ പ്രതികരണം. ഒരു ഡബ്ല്യൂസിസി അംഗം എന്ന നിലയില്‍ ഈ റിപ്പോര്‍ട്ടിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് രേവതി.

HEMA COMMITTEE REPORT  REVATHI FACEBOOK POST  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  രേവതി
Revathi reacts over Hema Committee report (Facebook Official)

By ETV Bharat Entertainment Team

Published : Aug 20, 2024, 11:04 AM IST

ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് നടനിയും സംവിധായികയുമായ രേവതി. റിപ്പോർട്ടിൽ കാസ്‌റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് രേവതിയുടെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം. 'ഇത് ചരിത്ര നിമിഷം' എന്ന അടിക്കുറിപ്പോടെ ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള വീഡിയോ കോളിന്‍റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു നടി.

'2024 ഓഗസ്‌റ്റ് 19, ഉച്ചയ്‌ക്ക് 2.30. തീര്‍ച്ചയായും ഇതൊരു ചരിത്ര നിമിഷമാണ്. അഞ്ചു വര്‍ഷത്തെ കോടതി സ്‌റ്റേകള്‍ക്കും ഡബ്ല്യൂസിസിക്കുള്ളിലെ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കും അഭിഭാഷകരുമായുള്ള സംവാദങ്ങള്‍ക്കും അവരുടെ ഉപദേശങ്ങള്‍ക്കും മറ്റ് തടസ്സങ്ങള്‍ക്കും ഒടുവില്‍ 235 പേജുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കി. ഇനിയാണ് ഞങ്ങളുടെ ശരിക്കുള്ള ജോലികള്‍ തുടങ്ങുന്നത്.

റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കി അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഒരു ഡബ്ല്യൂസിസി അംഗം എന്ന നിലയില്‍ ഈ റിപ്പോര്‍ട്ടിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സമൂഹത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു വ്യക്‌തിത്വം നല്‍കിയ ഫിലിം ഇന്‍ഡസ്‌ട്രിയെ കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു മേഖലയാക്കി പരിവര്‍ത്തനം ചെയ്യാന്‍ ഞങ്ങള്‍ തുടര്‍ന്നും പരിശ്രമിക്കും.

ഇതിനൊപ്പം പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ ദീര്‍ഘനാളത്തെ വൈകാരിക യുദ്ധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലെ യഥാര്‍ഥ സന്തോഷത്തിന്‍റേതാണ്. ഉദ്വേഗഭരിതമായ ഈ അവസാനം തീര്‍ച്ചയായും എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ഡബ്യൂസിസി എന്ന നിലയില്‍ ഞങ്ങളെ വിശ്വസിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.' -രേവതി കുറിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖും റിപ്പോര്‍ട്ടില്‍ പ്രതികരിച്ചു. റിപ്പോർട്ടിൽ പറഞ്ഞ പ്രകാരമുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നടന്നിട്ടുണ്ടെങ്കിൽ അത് ആരൊക്കെ ആർക്കൊക്കെ നേരെ എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നാണ് സിദ്ദിഖിന്‍റെ പ്രതികരണം. മാധ്യമങ്ങളിലൂടെ മനസിലാക്കിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഗൗരവമായി റിപ്പോർട്ട് പഠിക്കേണ്ടതുണ്ടെന്നും, ശേഷം മാത്രം ആധികാരികമായ പ്രതികരണം ഉണ്ടാകൂവെന്നും സിദ്ദിഖ് വ്യക്തമാക്കി.

റിപ്പോര്‍ട്ടില്‍ സ്ത്രീകൾ ഷൂട്ടിംഗ് സെറ്റുകളിൽ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഉന്നയിച്ച കാര്യങ്ങൾ ഗൗരവത്തിൽ എടുക്കുന്നുവെന്ന് നടൻ ബാബുരാജ് പ്രതികരിച്ചു. 'ഇക്കാലത്ത് വസ്ത്രം മാറുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും കാരവൻ പോലുള്ള സംവിധാനങ്ങൾ അനുവദിച്ചില്ലെങ്കിൽ അതു തെറ്റ് തന്നെയാണ്. മാധ്യമങ്ങൾ റിപ്പോർട്ടിലെ ചില പ്രസക്തഭാഗങ്ങൾ മാത്രമാണ് എടുത്തു പറയുന്നത്. വസ്‌തുതകൾ കൃത്യമായി ബോധ്യപ്പെട്ടാൽ മാത്രമേ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞതു പോലെ ആർക്കൊപ്പം നിൽക്കണമെന്ന് തീരുമാനിക്കാൻ കഴിയുകയുളളു.' - ബാബുരാജ് പറഞ്ഞു.

Also Read:'ഇത് സ്‌ത്രീകളുടെ ശബ്‌ദം, ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയില്‍'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ പ്രതികരിച്ച് ഡബ്ല്യൂസിസി - WCC reacts to Hema Committee report

ABOUT THE AUTHOR

...view details