എറണാകുളം :കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. പ്രയാഗയ്ക്ക് ഒപ്പം നടൻ സാബു മോനും സ്റ്റേഷനിലെത്തി.
പ്രയാഗയ്ക്ക് നിയമസഹായവുമായി വന്നതാണെന്ന് സാബുമോൻ വ്യക്തമാക്കി. പൊലീസ് നോട്ടിസ് നൽകിയതനുസരിച്ചാണ് പ്രയാഗ മൊഴി നൽകാനെത്തിയതെന്നും സാബുമോൻ പറഞ്ഞു. നടൻ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് ഇന്ന് ചോദ്യം ചെയ്‌ത് വിട്ടയച്ചതിന് പിന്നാലെയാണ് പ്രയാഗ ചോദ്യം ചെയ്യലിന് ഹാജരായത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഹാജരായ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറിലേറെയാണ് നീണ്ടത്. നടന്‍റെ മൊഴി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഓംപ്രകാശ് പിടിയിലായ ഹോട്ടൽ മുറിയിലെത്തിയ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ നോട്ടിസ് നൽകിയാണ് വിളിച്ച് വരുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിമാന്‍ഡ് റിപ്പോർട്ടിൽ സിനിമ താരങ്ങൾ പ്രതിയുടെ മുറിയിൽ എത്തിയതായി പൊലീസ് സൂചിപ്പിച്ചിരുന്നു. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഉൾപ്പടെ ഇരുപതോളം പേരാണ് ഓം പ്രകാശിന്‍റെ മുറിയിലെത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്. ഓംപ്രകാശിന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിക്കും. ഓംപ്രകാശ് പിടിയിലായ ഹോട്ടൽ മുറിയിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് രാസലഹരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഓംപ്രകാശിന്‍റെയും കൂട്ടാളി ഷിഹാസിന്‍റെയും മുടിയും നഖവും പൊലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ പരിശോധന ഫലം ലഭിച്ച ശേഷം,
ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുക. ലഹരിക്കേസിൽ പിടിയിലായ ഓംപ്രകാശിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മരട് പൊലീസ് ഓംപ്രകാശിനെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിനെയും കഴിഞ്ഞ ഞായറാഴ്‌ചയാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഗുണ്ടാനേതാവ് പിടിയിലായത്. ഇയാളിൽ നിന്ന് കൊക്കെയ്‌ൻ പിടികൂടിയിരുന്നു. ഇരുവരും താമസിച്ചിരുന്ന മുറിയില്‍, കൈവശം വയ്‌ക്കാവുന്ന അളവില്‍, കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഇതോടെയാണ് മരട് പൊലീസ് ഇരുവര്‍ക്കുമെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ശനിയാഴ്‌ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറിയെടുത്തത്. മുറിയില്‍ ലഹരിയിടപാട് നടന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. കൊച്ചി ഡിസിപി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓംപ്രകാശിനെ ചോദ്യം ചെയ്‌തത്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാടുകള്‍ ഉള്‍പ്പടെ ഇരുപതിലേറെ കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ഈയിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
Also Read:ഹഹഹാ ഹിഹുഹു ഹഹഹാ; പരിഹാസവുമായി പ്രയാഗ മാര്‍ട്ടിന്‍