തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പതാക അനാച്ഛാദനം ചെയ്‌തു. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നടന്‍ വിജയ് ആണ് പതാക ഉയര്‍ത്തിയത്. തമിഴക വെട്രി കഴകത്തിന്‍റെ ഗാനവും പുറത്തുവിട്ടു. ചുവപ്പും മഞ്ഞയും നിറമുള്ള പാര്‍ട്ടി പതാകയില്‍ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളും ഉണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് താരം തമിഴക വെട്രി കഴകമെന്ന എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാർട്ടി ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്‌റ്റർ ചെയ്‌തു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്‍റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്‌താവനയിൽ വിജയ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടിയിൽ രണ്ട് കോടി അംഗങ്ങളെ ചേർക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്.
ഓഗസ്‌റ്റ് 19ന് (തിങ്കളാഴ്‌ച) പനയൂരിലെ പാർട്ടി ഓഫീസിൽ, വിജയ്‌യുടെ ചിത്രമുള്ള മഞ്ഞക്കൊടിയുമായി വിജയ് റിഹേഴ്‌സൽ ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 9.15നാണ് തൻ്റെ പാർട്ടി പതാകയും, പാര്‍ട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടത്. 300ലധികം പാര്‍ട്ടി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.