ടിനി ടോം ഇടിവി ഭാരതിനോട് (ETV Bharat) തന്നെ തേടിയെത്തുന്ന വേഷങ്ങളെ ചെറുതെന്നോ വലുതെന്നോ തരംതിരിക്കാറില്ലെന്ന് നടൻ ടിനി ടോം. എല്ലാ കഥാപാത്രങ്ങളെയും ആസ്വദിച്ചാണ് ചെയ്യാറുള്ളതെന്നും താരം ഇടിവി ഭാരതിനോട് പറഞ്ഞു. തനിക്ക് നേരെ വരുന്ന വിമർശനങ്ങളും ആക്രമണങ്ങളും തളർത്താറില്ല എന്നും താരം പറഞ്ഞു.
'അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും കൂവലും കയ്യടിയും കേട്ട് വളരെ കഷ്‌ടപ്പെട്ടാണ് സിനിമയിലെത്തിയത്. പെട്ടെന്നൊരു ദിവസം സിനിമ താരമായതല്ല. ലഭിക്കുന്ന കഥാപാത്രങ്ങൾ ചെറുതായി പോയി എന്ന പരാതിയുമില്ല. ഒരു ഉദാഹരണം പറയാം. ജോജു ജോർജ് നായകനായ ആന്‍റണി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് സംവിധായകൻ ജോഷി സാർ വിളിച്ചു.
ജോഷി സാർ അങ്ങനെയാണ് കഥാപാത്രവും കാര്യങ്ങളും ഒന്നും പറയില്ല, വരാൻ പറയും. സെറ്റിൽ ചെന്നു. രണ്ടുദിവസം മാത്രം ഷൂട്ടിങ്ങുള്ള കഥാപാത്രമാണ്. എന്നാൽ ചെന്ന പാടെ ഞെട്ടിപ്പോയി. എന്‍റെ ഫോട്ടോയുള്ള ഒരു വലിയ ഫ്ലക്‌സ്. എന്‍റെ കഥാപാത്രമായ വെടക്ക് സേവിയറിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്‌ത കേരള പൊലീസിന് അഭിനന്ദനങ്ങൾ എന്നായിരുന്നു ഫ്ലക്‌സിൽ എഴുതിയിരുന്നത്.
ജോഷി സാറിന്‍റെ തന്നെ പാപ്പൻ എന്ന ചിത്രത്തിൽ ഒരു പൊലീസ് വേഷം ചെയ്‌തിരുന്നു. പാപ്പനിൽ നന്മയുടെ ഭാഗത്താണെങ്കിൽ ആന്‍റണിയിൽ തിന്മയുടെ ഭാഗത്താണ്. കഥാപാത്രം വളരെ ബ്രൂട്ടലായ ഒരു കൊലപാതകമൊക്കെ ചെയ്യുന്നുണ്ട്. പിന്നീട് ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത് പോലും. രണ്ടുദിവസം മാത്രമായി തനിക്ക് വേഷം ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാനെന്‍റെ 100 ശതമാനം ആ ചിത്രത്തിനു വേണ്ടി പരിശ്രമിച്ചിട്ടുണ്ട്. ഒരു കലാകാരൻ അങ്ങനെയായിരിക്കണം എന്നു തന്നെയാണ് വിശ്വാസം.
ഇവിടത്തെ പല താരങ്ങളും മലയാള സിനിമയിലെ നിർമാതാക്കളോട് പെരുമാറുന്ന കാര്യമാലോചിക്കുമ്പോൾ സങ്കടം തോന്നും. പലരും സിനിമ സെറ്റിൽ കൃത്യസമയത്ത് എത്താറില്ല. ഉച്ചയ്‌ക്കോ വൈകിട്ടോ അവർക്ക് തോന്നുമ്പോൾ ആയിരിക്കും സെറ്റിൽ വരിക. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുതിർന്ന താരങ്ങളെ കുറിച്ച് അങ്ങനെയൊരു പരാതി കേട്ടിട്ട് പോലും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം മാതാവാണ് നിർമാതാവ്.
ഞങ്ങളൊക്കെ എന്തുമാത്രം കഷ്‌ടപ്പെട്ടിട്ടാണ് ഒരു നിർമാതാവിനെ സംഘടിപ്പിക്കുന്നത്. എനിക്ക് നിർമാതാക്കൾ ദൈവങ്ങളെ പോലെയാണ്. അവർ തന്നിട്ടുള്ള കാശാണ് എന്‍റെ വീടും ശരീരവും ഒക്കെ. ഒരു സിനിമയ്‌ക്ക് വേണ്ടി മുന്നിട്ടിറങ്ങുമ്പോൾ നിർമാതാവിന് ഒപ്പം നിൽക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത്തരം ആത്മാർഥത ജീവിത വിജയം നേടി തന്നിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ തനിക്കു നേരെ എയ്‌തുവിടുന്ന വിമർശനങ്ങൾ തളർത്താറില്ല. ഡിപ്രഷൻ അടിച്ചു ഒരിക്കൽ പോലും തല കുമ്പിട്ട് ഇരിക്കേണ്ടി വന്നിട്ടില്ല.
ഒരു സിനിമ ടിക്കറ്റ് എടുക്കുമ്പോൾ അതിൽ 64 ശതമാനം സർക്കാറിന് ടാക്‌സായി നൽകണം. വലിയൊരു ഭാഗം തുകയാണ് ലക്ഷൂറിയസ് ടാക്‌സായി സർക്കാർ പിടിക്കുന്നത്. ബിവറേജസിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് പോലും സർക്കാരിന് തൊഴിലാളികൾക്ക് കാശു കൊടുക്കേണ്ടതായി വരും. ഇതിപ്പോൾ ഒരു ഇടനിലക്കാരും ഇല്ലാതെ സർക്കാരിന് നേരിട്ട് ലഭിക്കുന്ന വരുമാനമാണ്. ഈ ടാക്‌സ് ഇവിടുത്തെ ജനങ്ങൾക്ക് തന്നെയാണ് ഉപകാരപ്പെടുന്നതും', -ടിനി ടോം പറഞ്ഞു നിർത്തി.
ALSO READ:നമുക്കും ഒന്നു പരീക്ഷിച്ചാലോ 'വിജയ് സേതുപതി സ്‌പെഷ്യൽ ചിക്കൻ ഫ്രൈ'