കേരളം

kerala

ETV Bharat / entertainment

പ്രഭാസിന്‍റെ ജന്മദിനം ആഘോഷമാക്കി ആരാധകർ; അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ വമ്പൻ പ്രോജക്‌ടുകൾ - ACTOR PRABHAS BIRTHDAY TODAY

'ബാഹുബലി' എന്ന കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്‌മയമായി തീർന്ന പ്രഭാസിന്‍റെ 45-ാം പിറന്നാൾ ആഘോഷമാക്കി. താരത്തിൻ്റെ പിറന്നാളിനോടനുബന്ധിച്ച് 'ദി രാജാ സാബ്' ചിത്രത്തിൻ്റെ പുതിയ പോസ്‌റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ACTOR PRABHAS  ACTOR PRABHAS NEW PROJECTS  TELUGU CINEMA  പ്രഭാസ് പിറന്നാൾ
Actor Prabhas (ETV Bharat)

By ETV Bharat Kerala Team

Published : Oct 23, 2024, 10:58 PM IST

45 വയസ് പിന്നിട്ടപാൻ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന്‍റെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍. 'ബാഹുബലി' എന്ന കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്‌മയമായി തീർന്ന പ്രഭാസിന്‍റെ ജന്മദിനം വലിയ ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കൊണ്ടാടിയത്. പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകള്‍ താരം ഒരുക്കുകയും ചെയ്‌തു. പ്രഭാസിന്‍റെ ആറ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾ ആരാധകര്‍ക്ക് വേണ്ടി വീണ്ടും റിലീസ് ചെയ്‌തു . മിസ്‌റ്റര്‍ പെര്‍ഫെക്‌ട്, മിര്‍ച്ചി, ഛത്രപതി, റിബല്‍, ഈശ്വര്‍, സലാര്‍ എന്നീ ചിത്രങ്ങളാണ് റീ റിലീസിനെത്തിയത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമുള്ള അഭിനേതാവ് ആണെങ്കിലും പ്രഭാസ് അക്ഷരാർഥത്തിൽ അന്തർമുഖനാണ്. സിനിമ ചിത്രീകരണത്തിൻ്റെ ഭാഗമല്ലാതെ പൊതുവേദികളിൽ താരം പൊതുവെ പ്രത്യക്ഷപ്പെടാറില്ല. സിനിമ ചിത്രീകരണം ഇല്ലാത്ത സമയങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കാനാണ് പ്രഭാസ് കൂടുതല്‍ ആഗ്രഹിക്കുന്നത്. ഒപ്പമുള്ളവര സത്‌കരിക്കുന്നതിൽ ഏറെ ശ്രദ്ധാലുവാണ് അദ്ദേഹം. പ്രഭാസിന്‍റെ ബിരിയാണി കമ്പം തെലുഗു സിനിമാലോകത്ത് പ്രശസ്‌തമാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തന്‍റെ സഹപ്രവർത്തകർക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി പ്രഭാസ് വിരുന്നൊരുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട് ഇൻഡസ്ട്രിയിൽ. നടൻ സൂര്യയും, ദീപിക പദുകോണുമെല്ലാം പ്രഭാസിൻ്റെ സത്‌ക്കാര സ്വഭാവത്തെപ്പറ്റി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രഭാസിന്‍റെ സിനിമാ ജീവിതം:

1979 ഒക്ടോബർ 23 ന് മദ്രാസിൽ ആയിരുന്നു പ്രഭാസിൻ്റെ ജനനം. തെലുങ്ക് സിനിമ നിർമാതാവായ യു സൂര്യനാരായണ രാജുവിന്‍റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡിഎൻആർ വിദ്യാലയത്തിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളജിൽ നിന്നാണ് ബിടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ സിനിമാപാരമ്പര്യത്തിൻ്റെ പിൻബലത്തിൽ തന്നെയാണ് സിനിമയിലെത്തിയത്.

2002ലാണ് പ്രഭാസിന്‍റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി പരന്‍ഞെ സംവിധാനം ചെയ്‌ത 'ഈശ്വർ' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് വെള്ളിത്തിരയിൽ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് സൂപ്പര്‍ഹിറ്റ് ചിത്രമായ ബാഹുബലിയിലൂടെയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി. എസ്‌എസ് രാജമൗലി സംവിധാനം ചെയ്‌ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയ താരമാക്കി.

പ്രഭാസിന്‍റെ വരാനിരിക്കുന്ന വമ്പൻ പ്രോജെക്‌ടുകള്‍:

വമ്പന്‍ സിനിമാ പ്രോജെക്‌ടുകളാണ് പ്രഭാസിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഏകദേശം 2100 കോടി മൂല്യം വരുന്നതാണ് പുതിയ പ്രോജക്‌ടുകള്‍. പ്രശാന്ത്‌ നീലിൻ്റെ സലാർ, രണ്ടാം ഭാഗമായ - ശൗര്യംഗ പര്‍വ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്‌പിരിറ്റ്, മാരുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്‍റെതായി ഉടന്‍ തിയേറ്ററുകളില്‍ എത്തുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്‌തമായ വേഷമാണ് ദി രാജാസാബിലേത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റൊമാൻ്റിക് കോമഡി ഹൊറര്‍ എന്ന വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്‌ടറി നിര്‍മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് നായികമാര്‍. പ്രഭാസിന്‍റെ കരിയറിലെ സമാനതകളില്ലാത്ത വിജയമായിരുന്നു കല്‍ക്കിയുടേത്. താരപ്പകിട്ടുകൊണ്ടും ചിത്രത്തിന്‍റെ പ്രമേയം കൊണ്ടും അവതരണ രീതിയാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് താരത്തിൻ്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്‍റെ കരിയറിലെ തന്നെ പുതിയ അധ്യായത്തിന്‍റെ തുടക്കമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

2021ല്‍ യുകെ ആസ്ഥാനമായുള്ള 'ഈസ്റ്റേൺ ഐ' എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തെരഞ്ഞെടുത്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്‍റെ തെളിവുകൂടിയാണിത്. സര്‍വേ ഫലം പ്രകാരം സിനിമ, ടെലിവിഷൻ, സാഹിത്യം, സംഗീതം, സോഷ്യൽ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാൾ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം.

Also Read:കിടിലന്‍ സ്‌റ്റൈലില്‍ പ്രഭാസ്,'ദി രാജാ സാബി'ന്‍റെ പുതിയ പോസ്‌റ്റര്‍; പിറന്നാള്‍ ദിനത്തില്‍ മറ്റൊരു ബിഗ് സര്‍പ്രൈസ്

ABOUT THE AUTHOR

...view details