എറണാകുളം:എഴുപത്തിയേഴാം കാൻ ഫിലിം ഫെസ്‌റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡി സംവിധാനം ചെയ്‌ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്'. ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രിക്‌സ് അവാർഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിൽ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേന്ദ്ര കഥാപാത്രമായി തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹാറൂണും അഭിനയിക്കുന്നു.
ഇപ്പോൾ 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' ലോക സിനിമയുടെ ശ്രദ്ധയാകർഷിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. മലയാള നടൻ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നാതാണത്. അസീസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽക്കൂടി സ്‌ഥിരീകരിച്ചത്. മലയാളികളായ കനിയും ദിവ്യ പ്രഭയും ,ഹൃദു ഹാറൂണും ചലച്ചിത്ര മേളയിൽ തിളങ്ങിയപ്പോൾ, സോഷ്യൽ മീഡിയയിലൂടെയാണ് അസീസിന് അഭിനന്ദന പ്രവാഹം എത്തുന്നത്.
ചിത്രത്തിൽ താനും ഒരു പ്രധാന റോളിൽ അഭിനയിച്ചുവെന്ന് വെളിപ്പെടുത്തി അസീസ് തന്നെയാണ് സംവിധായകയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. നാല് മലയാളി താരങ്ങളാണ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രത്തിൻ്റെ കേന്ദ്ര അഭിനേതാക്കൾ എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണ് സമ്മാനിക്കുന്നത്.