കേരളം

kerala

ETV Bharat / entertainment

അല്ലു അര്‍ജുന്‍ അറസ്‌റ്റില്‍; പൊലീസിന് മുന്നില്‍ കോഫി കുടിച്ച് ഭാര്യയ്‌ക്ക് സ്‌നേഹ ചുംബനം നല്‍കി താരം; വീഡിയോ കാണാം - ALLU ARJUN ARRESTED

തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ അറസ്‌റ്റില്‍. സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുൻ അറസ്‌റ്റിലായത്. ഹൈദരാബാദിലെ ചിക്കഡ്‌പ്പള്ളി പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് നടനെ മാറ്റിയിട്ടുണ്ട്.

ALLU ARJUN  SANDHYA THEATER STAMPEDE CASE  അല്ലു അര്‍ജുന്‍ അറസ്‌റ്റില്‍  അല്ലു അര്‍ജുന്‍
Allu Arjun arrested (ETV Bharat)

By ETV Bharat Entertainment Team

Published : 20 hours ago

Updated : 17 hours ago

തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ അറസ്‌റ്റില്‍. സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹൈദരാബാദിലുള്ള ജൂബിലിഹില്‍സിലെ വസതിയില്‍ നിന്നാണ് അല്ലു അര്‍ജുനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത്.

ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. പൊലീസിനൊപ്പം പോകുന്നതിന് മുമ്പായി ഒരു കപ്പ് കോഫി കുടിച്ച്, ഭാര്യ സ്‌നേഹ റെഡ്‌ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അര്‍ജുനെയും വീഡിയോയില്‍ കാണാം. ഭാര്യയെ സ്‌നേഹ ചുംബനം നല്‍കി സമാനാധിപ്പിച്ച ശേഷമാണ് അല്ലു അര്‍ജുന്‍ പൊലീസ് വണ്ടിയില്‍ കയറിയത്.

Allu Arjun arrested (ETV Bharat)

അറസ്‌റ്റ് രേഖപ്പെടുത്തി ഹൈദരാബാദിലെ ചിക്കഡ്‌പ്പള്ളി പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് താരത്തെ മാറ്റിയിരുന്നു. അല്ലു അര്‍ജുന്‍റെ പിതാവും സംവിധായകനുമായ അല്ലു അരവിന്ദിന്‍റെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് താരത്തെ ചിക്കഡ്‌പ്പള്ളി പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് മാറ്റിയത്.

41 കാരനായ നടനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതായാണ് പുതിയ അപ്‌ഡേറ്റുകള്‍. ഗാന്ധി ആശുപത്രി സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലാണ് അല്ലു അര്‍ജുന്‍റെ വൈദ്യപരിശോധന നടത്തിയത്. വൈദ്യപരിശോധ പൂര്‍ത്തിയായ ശേഷം അല്ലു അര്‍ജുനെ നമ്പള്ളി കോടതിയില്‍ ഹാജരാക്കും.

അതേസമയം അല്ലു അർജുന്‍റെ ഹർജിയിൽ വാദം കേൾക്കുന്നത് വൈകുന്നേരം നാലു മണിയിലേക്ക് മാറ്റിയിട്ടുണ്ട്. അല്ലു അർജുന്‍റെ അറസ്‌റ്റിനെ തുടര്‍ന്ന്, തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഭാര്യ സുരേഖ കൊനിഡാല കുടുംബത്തെ സന്ദർശിച്ചു. അർജുന്‍റെ പിതൃസഹോദരിയാണ് സുരേഖ കൊനിഡാല.

ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന 'പുഷ്‌പ 2: ദി റൂള്‍' പ്രീമിയര്‍ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (35) യാണ് മരിച്ചത്.

ഭര്‍ത്താവ് ഭാസ്‌കര്‍, മക്കളായ ശ്രീതേജ്, സാന്‍വിക്ക് എന്നിവര്‍ക്കൊപ്പമാണ് യുവതി 'പുഷ്‌പ 2'വിന്‍റെ പ്രീമിയര്‍ ഷോ കാണാനെത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ തിയേറ്ററിലേയ്‌ക്ക് അപ്രതീക്ഷിതമായി എത്തുകയും ആരാധകരുടെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്‌തു.

ഈ അവസരത്തില്‍ തിയേറ്ററിലേയ്‌ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും അവരുടെ അവരുടെ 13 വയസ്സ് പ്രായമുള്ള മകന്‍ ശ്രീതേജും കുഴഞ്ഞു വീഴുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീ തേജ് ചികിത്സയില്‍ തുടരുകയാണ്.

തുടര്‍ന്ന് അപകടം നടന്ന സന്ധ്യ തിയേറ്റര്‍ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ശേഷമാണ് കേസില്‍ അല്ലു അര്‍ജുനെ പ്രതി ചേര്‍ക്കുന്നത്. അല്ലു അർജുനും താരത്തിന്‍റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെന്‍റിനും എതിരെ 105, 118 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തു.

അതേസമയം കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം തെലുങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നേരത്തെ അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അല്ലു അർജുൻ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ശ്രീ തേജിൻ്റെ ചികിത്സ ചെലവുകൾ വഹിക്കുമെന്നും കുടുംബത്തെ നേരില്‍ കാണുമെന്നും താരം വാഗ്‌ദാനം ചെയ്‌തിരുന്നു.

Also Read: ബോക്‌സ് ഓഫീസില്‍ കുതിച്ച് പുഷ്‌പ 2; ആറ് ദിനം കൊണ്ട് 1000 കോടിയിലേക്ക്.. - PUSHPA 2 BOX OFFICE DAY 6

Last Updated : 17 hours ago

ABOUT THE AUTHOR

...view details