വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ അദ്ദേഹത്തിന്‍റെ ഗാനങ്ങൾക്ക് പിന്നിൽ ഒളിപ്പിച്ച ഇന്ദ്രജാല ശക്തിയെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ല. വർഷം 1991, തമിഴ് നടനും സംവിധായകനുമായ യുഗി സേതു 'മാതങ്ങൾ ഏഴ്' എന്ന പേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. സംഗീത സംവിധായകനാകട്ടെ സാക്ഷാൽ വിദ്യാസാഗർ.
യുഗി സേതു തന്നെ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ രമ്യ കൃഷ്‌ണൻ ആയിരുന്നു നായിക. 'കവിതൈ പാട നേരമില്ലൈ' എന്ന, 1987ൽ പുറത്തിറങ്ങിയ വിജയചിത്രത്തിന് ശേഷം യുഗി സേതു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'മാതങ്ങൾ ഏഴ്'. ചിത്രത്തിൽ നായകന്‍റെയും നായികയുടെയും പ്രണയ നിമിഷങ്ങൾ പകർത്തുന്ന "മീട്ട് എനൈ മീട്ട്" എന്ന ഒരു ഗംഭീര ഗാനം വിദ്യാജി ഈണമിടുന്നു. ഈണം കേട്ട ഉടനെ ഗാനത്തിന് സംവിധായകൻ പച്ചക്കൊടി വീശുകയായിരുന്നു.
വിദ്യാസാഗറിനെ സംബന്ധിച്ചിടത്തോളം ഈ ഗാനത്തിന്‍റെ ഈണം വ്യക്തിപരമായി ഏറെ പ്രിയപ്പെട്ടതായിരുന്നു. ഗാനത്തെ തമിഴ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുമുണ്ടായിരുന്നു. 1991ൽ ചിത്രീകരണം പൂർത്തിയാക്കിയ 'മാതങ്ങൾ ഏഴ്' പ്രൊഡക്ഷൻ സംബന്ധമായ നൂലാമാലകളിൽ കുടുങ്ങി ആ വർഷം പ്രദർശനത്തിന് എത്തിയില്ല. പിന്നീട് രണ്ട് വർഷം പെട്ടിയിലിരുന്ന ചിത്രം 1993 ജൂലൈ മാസത്തിലാണ് റിലീസ് ചെയ്യുന്നത്.
റിലീസിങ് മുടങ്ങി പെട്ടിയിലായി പോകുന്ന ഏതൊരു ചിത്രത്തിന്‍റെയും തലവര തന്നെയായിരുന്നു 'മാതങ്ങൾ ഏഴ്' എന്നസിനിമയ്‌ക്കും നേരിടേണ്ടി വന്നത്. കാലം തെറ്റി ഇറങ്ങിയ സിനിമ പ്രേക്ഷകർ തിരസ്‌കരിച്ചു. സിനിമയുടെ പരാജയം സിനിമയുടെ ഗാനങ്ങളെയും ബാധിച്ചു എന്ന് വേണം പറയാൻ. പ്രേക്ഷക പിന്തുണയില്ലാതെ തിയേറ്റർ വിട്ട ചിത്രത്തെയും ചിത്രത്തിലെ ഗാനങ്ങളെയും തമിഴ് ജനത വളരെ പെട്ടന്ന് മറന്നു.
തന്‍റെ ഈണത്തിൽ ആത്മവിശ്വാസം ഉണ്ടായിരുന്ന വിദ്യാജി മറ്റൊരു രൂപത്തിലോ ഭാവത്തിലോ ഈണത്തെ പുനർജനിപ്പിക്കാൻ തയ്യാറായി കാത്തു നിന്നിരിക്കണം. വർഷം 1997. ജയറാമിനെ നായകനാക്കി കമൽ 'കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്' എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു.