ഓസ്‌കര്‍ 2025ലേയ്‌ക്കുള്ള ചുരുക്കപട്ടികയില്‍ ഇടംപിടിക്കാതെ പോയി ബ്ലെസ്സിയുടെ 'ആടുജീവിതം'. പൃഥ്വിരാജ് നായകനായി എത്തിയ 'ആടുജീവിത'ത്തിലെ ഗാനങ്ങളാണ് 97-ാമത് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. ഡിസംബര്‍ 17ന് ഓസ്‌കര്‍ ചുരുക്കപട്ടിക പ്രഖ്യാപിക്കുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും നിരാശയുടെ നിമിഷങ്ങളായിരുന്നു.
'ആടുജീവിത'ത്തിന്‍റെ ഒറിജിനല്‍ സ്‌കോര്‍, ഇസ്‌തിഗ്‌ഫര്‍, പുതുമഴ എന്നീ ഗാനങ്ങളുമാണ് ഓസ്‌കര്‍ പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. 89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്‍റെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 15 ഗാനങ്ങളും 20 ഒറിജിനല്‍ സ്‌കോറുകളുമാണ് ചുരുക്കപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
എആര്‍ റഹ്‌മാന്‍ ആണ് 'ആടുജീവിത'ത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്‌മാന്‍ മലയാള സിനിമയിലേയ്‌ക്ക് തിരിച്ചുവന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
അതേസമയം അടുത്തിടെ പ്രഖ്യാപിച്ച ഗ്രാമി അവാര്‍ഡിലും 'ആടുജീവിത'ത്തിന് നിരാശയായിരുന്നു. ചിത്രത്തിലെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്‌ക്ക് അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടിരുന്നു. പുരസ്‌കാര സമിതി നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ട്രാക്ക് തള്ളിക്കളഞ്ഞത്. എആര്‍ റഹ്‌മാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓസ്‌കറിലും ഗ്രാമിയിലും ഇടംപിടിച്ചില്ലെങ്കിലും 'ആടുജീവിതം' ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. അടുത്തിടെയാണ് 'ആടുജീവിതം' ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം സ്വന്തമാക്കിയത്. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് സിനിമയ്‌ക്ക് ലഭിച്ചത്.
2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും 'ആടുജീവിതം' അവാര്‍ഡുകള്‍ തൂത്തുവാരിയിരുന്നു. മികച്ച സംവിധായകന്‍, നടന്‍ ഉള്‍പ്പെടെ ഒണ്‍പത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു.