ഹൈദരാബാദ്: 71-ാമത് മിസ് വേൾഡ് മത്സരത്തിൽ (71st Miss World pageant) ശ്രദ്ധേയയായി ഇന്ത്യയുടെ പ്രതിനിധി സിനി ഷെട്ടി (Sini Shetty). 2022 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് (Miss India World 2022) കീരീടം നേടിയ സിനി മിസ് വേൾഡ് മത്സരത്തിനിടെ ഐശ്വര്യ റായിയുടെ ഐതിഹാസിക ഗാനങ്ങൾക്ക് നൃത്തം ചെയ്‌തുകൊണ്ടാണ് തൻ്റെ കഴിവ് പ്രകടിപ്പിച്ചത്. 'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തിലെ 'നിംബൂദ', 'താൽ' ലെ 'താൽ സേ താൽ മില', ടബണ്ടി ഔർ ബബ്ലി'യിലെ 'കജ്‌രാ രേ' എന്നീ ഗാനങ്ങൾക്കാണ് സിനി മികച്ച പ്രകടനം കാഴ്‌ചവച്ചത്.
ലോകസുന്ദരി പട്ടം നേടിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട് ഐശ്വര്യ റായ്‌ക്ക് (Aishwarya Rai). ഐശ്വര്യയ്ക്കുള്ള ആദരവായിരുന്നു മിസ് വേൾഡ് ടാലൻ്റ് ഫൈനൽ റൗണ്ടിലെ സിനിയുടെ പ്രകടനം. തന്‍റെ പ്രകടനങ്ങൾ സിനി ആരാധകർക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഐശ്വര്യയോടുള്ള ആരാധനയും തന്നിലുണ്ടാക്കിയ സ്വാധീനവും വെളിവാക്കുന്നതായിരുന്നു സിനിയുടെ പ്രകടനം. ഐശ്വര്യ ബോളിവുഡിന്‍റെ അനുഗ്രഹമാണെന്നും, വളർച്ചയ്‌ക്കനുസരിച്ച് നൃത്തത്തിൽ മികവുകൾ വരുത്തിയത് എങ്ങനെയെന്നും സിനി വിശദീകരിച്ചു. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസും ബോളിവുഡ് നൃത്ത ശൈലികളും കൂട്ടിയിണക്കിയ സിനിയുടെ നൃത്തം ഐശ്വര്യയ്ക്കുള്ള ആദരവാണെന്നും സിനി പറഞ്ഞു.
സിനിയുടെ നൃത്ത ചുവടുകൾക്ക് ആരാധകരുടെ അഭിനന്ദന പ്രവാഹമായിരുന്നു. സിനിയുടെ കഴിവുകളെ പ്രശംസിച്ച ആരാധകർ, ബോളിവുഡിൽ സിനിക്ക് ഒരു നല്ല ഭാവി മുൻകൂട്ടി കാണുന്നതായും സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. മാർച്ച് 9 ന് മുംബൈയിൽ ഷെഡ്യൂൾ ചെയ്‌തിട്ടുള്ള മിസ് വേൾഡ് 2024 കിരീടം ആര് അണിയും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. 2022 ൽ മിസ് ഇന്ത്യ കിരീടത്തിൽ നിന്ന് ആഗോള വേദിയിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലേക്കുള്ള സിനിയുടെ യാത്ര തികച്ചും അഭിമാനകരം തന്നെ.
Also read: അവസരം ലഭിച്ചതിൽ സന്തോഷം, ഇതൊരു വലിയ ഉത്തരവാദിത്തം; മിസ്‌വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സിനി ഷെട്ടി