ന്യൂഡൽഹി: പേടിഎമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയാനായി, കമ്പനിയുമായി ആഴത്തിലുള്ള ഇടപഴകൽ ഇതുവരെ നടന്നിട്ടില്ലെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ എം ദാമോദരന്‍. പേയ്‌മെന്‍റ് ബാങ്ക് ബിസിനസില്‍ റിസർവ് ബാങ്കിന്‍റെ നടപടിക്ക് പിന്നാലെ പേടിഎം ഉടമ വൺ97 കമ്മ്യൂണിക്കേഷൻസ്, പ്രശ്‌നങ്ങള്‍ പഠിക്കാനായി ഉപദേശക സമിതിയെ നിയോഗിച്ചിരുന്നു.ഈ പാനലിന്‍റെ മേധാവിയാണ് സെബിയുടെ മുൻ ചെയർമാന്‍ കൂടിയായ എം ദാമോദരൻ.
തങ്ങൾ ഒരു ബാഹ്യ ഉപദേശ സമിതി ആണെന്നും പേടിഎം ഇപ്പോള്‍ ആർബിഐയുമായാണ് ഡീല്‍ ചെയ്യുന്നതെന്നും എം ദാമോദരന്‍ പറഞ്ഞു. പേടിഎം പേയ്‌മെന്‍റ് ബാങ്ക്സ് ലിമിറ്റഡിന് എതിരെ ആർബിഐ ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
ഫെബ്രുവരി 29-ന് ശേഷം വാലറ്റുകൾ, ഫാസ്‌ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയിൽ നിക്ഷേപങ്ങളോ ഇടപാടുകളോ ടോപ്പ്-അപ്പുകളോ നല്‍കരുതെന്ന് പേടിഎമ്മിനോട് ജനുവരി 31ന് ആര്‍ബിഐ ഉത്തരവിട്ടിരുന്നു. പിന്നീട്, മാർച്ച് 15 വരെ സമയപരിധി നീട്ടി നല്‍കുകയും ചെയ്‌തു. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചത്.
ഫെബ്രുവരി 9 ന് ആണ് എം ദാമോദരന്‍റെ നേതൃത്വത്തിൽ ഉപദേശക സമിതി രൂപീകരിക്കുന്നതായി പേടിഎം പ്രഖ്യാപിച്ചത്. ആര്‍ബിഐ ഉത്തരവിലും റെഗുലേറ്ററി കാര്യങ്ങളിലും കമ്പനിക്ക് ഉപദേശം നല്‍കാനായാണ് കമ്മിറ്റി രൂപീകരിച്ചത്.