ന്യൂഡൽഹി: ബജറ്റിൽ ആരോഗ്യ മേഖലയ്‌ക്ക് 99,858.56 കോടി രൂപ അനുവദിച്ച് കേന്ദ്രം. 2024-2025 ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 89,974.12 കോടി രൂപയെക്കാൾ ഏകദേശം 11 ശതമാനം വർധനവാണ് ഇപ്രാവശ്യം ഉണ്ടായിട്ടുള്ളത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെൻ്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇരുനൂറ് ഡേകെയർ കാൻസർ സെൻ്ററുകൾ 2025-26 സാമ്പത്തിക വർഷത്തിൽ തന്നെ സ്ഥാപിക്കുന്നതായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റുകൾ വർധിപ്പിക്കുമെന്ന ലക്ഷ്യത്തോടെ അടുത്ത വർഷം മുതൽ മെഡിക്കൽ കോളജുകളിൽ 10,000 സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മരുന്നുകൾക്കും ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും കാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിനുള്ള 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് (ബിസിഡി) പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ട്രാസ്റ്റുസുമാബ് ഡെറക്‌സ്റ്റെകാൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നിവയുടെ കസ്റ്റംസ് തീരുവ സർക്കാർ 10 ശതമാനത്തിൽ നിന്ന് പൂജ്യമായി കുറച്ചിരുന്നു.
കൂടാതെ, രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുകയാണെങ്കിൽ 37 മരുന്നുകളും 13 പുതിയ മരുന്നുകളും രോഗി സഹായ പദ്ധതികൾക്ക് കീഴിലുള്ള മരുന്നുകളും അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎം ജൻ ആരോഗ്യ യോജന പ്രകാരം ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് ഏകദേശം ഒരു കോടി തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്നതായിരിക്കും.
മെഡിക്കൽ ടൂറിസം വ്യവസായം വിപുലീകരിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് സ്വകാര്യ മേഖലയുമായി സഹകരിച്ച് 'ഹീൽ ഇൻ ഇന്ത്യ' സംരംഭം പ്രോത്സാഹിപ്പിക്കും. ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ചികിത്സ ഇന്ത്യയിൽ തേടുന്ന വിദേശത്ത് നിന്നുള്ളവരെ ആകർഷിക്കാൻ സർക്കാർ സ്വകാര്യ ആശുപത്രികളുമായും ആരോഗ്യ പരിരക്ഷാ ദാതാക്കളുമായും ചേർന്ന് പ്രവർത്തിക്കും. ആയുഷ് മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 3,497.64 കോടി രൂപയിൽ നിന്ന് 3,992.90 കോടി രൂപയായി വർധിപ്പിച്ചു. ഇതിൽ 14.15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനായി അനുവദിച്ച 99,858.56 കോടി രൂപയിൽ 95,957.87 കോടി രൂപ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനും 3,900.69 കോടി രൂപ ആരോഗ്യ ഗവേഷണ വകുപ്പിനുമാണ് നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ, ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള വിഹിതം 2024-25 ലെ 36,000 കോടി രൂപയിൽ നിന്ന് 2025 - 26ലേക്ക് 37,226.92 കോടി രൂപയായി ഉയർത്തിട്ടുണ്ട്.
കൂടാതെ, ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്കുള്ള വിഹിതം 7,605.54 കോടി രൂപയിൽ നിന്ന് 9,406.00 കോടി രൂപയായി ഉയർത്തി. സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം 2024-25ൽ 18978.72 കോടി രൂപയിൽ നിന്ന് 2025-26ൽ 20,046.07 കോടി രൂപയായി ഉയർന്നു.
ന്യൂഡൽഹിയിലെ എയിംസിനുള്ള വിഹിതം 5,000 കോടി രൂപയിൽ നിന്ന് 5,200 കോടി രൂപയായും ഐസിഎംആറിന് 2024-25 സാമ്പത്തിക വർഷത്തിൽ 2,869.99 കോടി രൂപയിൽ നിന്ന് 3125.50 കോടി രൂപയായും ഉയർത്തി.
Also Read: പ്രതിരോധ മേഖലയ്ക്ക് വമ്പന്‍ തുക; ബജറ്റിൽ നീക്കിവച്ചത് 6.81 ലക്ഷം കോടി രൂപ