ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ഇന്ത്യന്‍ റെയിൽവേയ്ക്ക് നിരാശ. 2025-26 സാമ്പത്തിക വർഷത്തേക്ക് റെയില്‍വേ മേഖലയില്‍ വമ്പന്‍ പദ്ധതികളൊന്നും തന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടില്ല. ബജറ്റ് പ്രസംഗത്തിന്‍റെ ഭാഗമായി ധനമന്ത്രി റെയിൽവേയുടെ ആകെ വിഹിതം പരാമർശിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ പ്രസംഗത്തിനുശേഷം പുറത്തിറക്കിയ ബജറ്റ് രേഖകളിൽ മൂലധന വിഹിതം പരാമർശിച്ചു. മൂലധന ചെലവ് തുടർച്ചയായ രണ്ടാം വർഷവും 2.52 ലക്ഷം കോടിയില്‍ നിലനിർത്തുകയാണ് ചെയ്‌തിരിക്കുന്നത്. സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ പാതകള്‍, വാഗണുകൾ, ട്രെയിനുകൾ എന്നിവയുടെ നിർമ്മാണം, വൈദ്യുതീകരണം, സിഗ്നലിങ്, സ്റ്റേഷൻ വികസനം എന്നിവയ്ക്കാണ് പണം ചെലവഴിക്കുക.
പുതിയ പാതയുണ്ടാക്കുന്നതിനായി 32235.24 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാത ഇരട്ടിപ്പിക്കലിന് 32000 കോടി, പാത ദീര്‍ഘിപ്പിക്കല്‍ 22800 കോടി, ഇലക്‌ട്രിക്കല്‍ പ്രൊജക്‌ട് 6150 കോടി എന്നിങ്ങനെയാണ് വകയിരുത്തല്‍. എന്നാല്‍
ഗേജ് പരിവർത്തനം (4550), റോളിങ് സ്റ്റോക്ക് (58894.93) മെച്ചപ്പെടുത്തലുകൾ തുടങ്ങിയ പ്രധാന പദ്ധതികൾക്കുള്ള ഫണ്ടിൽ വലിയ പരിഷ്‌കാരങ്ങളോ വർധനവോ ഇല്ലാത്തതിനാൽ, റെയിൽവേ മേഖല വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി റെയിൽവേയുടെ വരുമാനം ഇത്തവണ മൂന്ന് ലക്ഷം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ALSO READ: 'ബിഹാര്‍.. ബിഹാര്‍... വാ തുറന്നാല്‍ ബിഹാര്‍'; ധനമന്ത്രിയ്‌ക്ക് ട്രോള്‍ മഴ
അതേസമയം ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ റെയിൽവേ ഓഹരികളും കൂപ്പുകുത്തി. ഐആർസിടിസി, ഐആർഎഫ്‌സി, ആർവിഎൻഎൽ, ടിറ്റാഗഡ് റെയിൽസിസ്റ്റംസ്, റെയിൽടെൽ, ആര്‍ഐടിഇഎസ്, ജുപിറ്റര്‍ വാഗണ്‍സ്, ബിഇഎംഎൽ, ടെക്‌സ്‌മാകോ റെയിൽ, കോൺകോർ തുടങ്ങിയ വിവിധ ഓഹരികൾ ബജറ്റിന് ശേഷം എട്ട് ശതമാനം വരെയാണ് ഇടിഞ്ഞത്.