മുംബൈ:ഓണ്‍ലൈന്‍ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലോ, വാലറ്റ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനുമാണ് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ബുധനാഴ്‌ചയാണ് (ജനുവരി 31) ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് ലഭിച്ചത് (Reserve Bank Of India).
പേടിഎമ്മിന് വിലക്ക്; നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന് ആര്‍ബിഐ, നിയന്ത്രണം ഫെബ്രുവരി 29 മുതല്‍ - റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
പേടിഎമ്മിനെതിരെ നടപടിയുമായി ആര്‍ബിഐ. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്ക്. ഐടി വിഭാഗത്തില്‍ വിപുലമായ ഓഡിറ്റിങ്ങെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
Published : Jan 31, 2024, 7:18 PM IST
എക്‌സിലാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള അക്കൗണ്ടുകളില്‍ നിന്നുള്ള സേവിങ്‌സ്, കറണ്ട് അക്കൗണ്ടുകളിലെ ബാലന്‍സ് ലഭ്യമായ പരിധി വരെ ഉപയോഗിക്കാമെന്നും ആര്‍ബിഐ അറിയിച്ചു. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്‌ടിന്‍റെ 35എ വകുപ്പ് അനുസരിച്ചാണ് ആര്‍ബിഐ നടപടി.
പിപിബിഎല്‍ (Paytm Payments Bank Ltd) സ്ഥാപനത്തിലെ ഐടി വിഭാഗത്തില്‍ വിപുലമായ ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചതായും ആര്‍ബിഐ അറിയിച്ചു. ഓഡിറ്റിങ് നടത്താന്‍ ഐടി ഓഡിറ്റ് കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഡിറ്റിങ്ങിലൂടെ ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ നിയന്ത്രണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും ആര്‍ബിഐ പറഞ്ഞു.