സെബാ ദുല്‍ഹന്‍ മെഹന്തിക്ക് ഡിമാൻഡേറെ കാസർകോട്: റമദാനിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മൈലാഞ്ചി. നിരവധി കമ്പനികളുടെ മൈലാഞ്ചികൾ വിപണിയിൽ ഉണ്ടെങ്കിലും രാസപദാര്‍ഥങ്ങള്‍ ഒന്നും ചേര്‍ക്കാത്തതും കലര്‍പ്പില്ലാത്തതുമായ മൈലാഞ്ചി കൂട്ട് ഒരുക്കുകയാണ് ഉപ്പളയിലെ ശൈഖ് അഖ്‌തർ.
25 വര്‍ഷമായി ശൈഖ് അഖ്‌തറിന്‍റെ മൈലാഞ്ചി മൊഞ്ച് വിപണിയിൽ എത്താൻ തുടങ്ങിയിട്ട്. കല്യാണമായാലും പെരുന്നാളായാലും കലർപ്പില്ലാത്ത സെബാ ദുല്‍ഹന്‍ മെഹന്തിക്ക് വൻ ഡിമാൻഡാണ്. കൈക്കും നഖങ്ങളിലും മുടിയിലും ഇടാൻ പ്രത്യേകം പ്രത്യേകം മൈലാഞ്ചിക്കൂട്ടാണ് തയ്യാറാക്കുന്നത്.
രാജസ്ഥാനിലെ തോട്ടത്തില്‍ നിന്ന് പൊടിച്ചെടുത്ത് കൊണ്ടുവരുന്ന മൈലാഞ്ചി ഉപ്പളയിലെ ഇവരുടെ ഫാക്‌ടറിയില്‍ എത്തിച്ച് നീലഗിരി എണ്ണ ഉള്‍പ്പെടെയുളള മറ്റു സാധനങ്ങളും ചേര്‍ത്ത് പരിശുദ്ധമായ രീതിയിലാണ് മൈലാഞ്ചി ഉണ്ടാക്കുന്നത്. മെഷീനില്‍ തയ്യാറാക്കുന്ന മൈലാഞ്ചി പാകറ്റിലും, ട്യൂബിലുമാക്കിയാണ് വില്‍പനക്കെത്തിക്കുന്നത്.
പെരുന്നാളിനായി ദിവസവും 8000 ട്യൂബുകള്‍ വരെ ഇവിടെ നിന്നും നിർമ്മിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ഇവരുടെ മൈലാഞ്ചി എത്തിക്കുന്നത്. ഒരു തരത്തിലുള്ള കൃത്രിമ വസ്‌തുക്കളും ചേര്‍ക്കാത്തതുകൊണ്ടുതന്നെ തങ്ങളുണ്ടാക്കുന്ന ഉത്പന്നത്തിന് യാതൊരു വിധ പരാതിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അഖ്‌തര്‍ പറയുന്നു.
രണ്ട് പെരുന്നാളുകൾക്ക് പുറമെ വിഷുവും ഓണവും അടക്കമുള്ള ആഘോഷങ്ങൾക്കും ഇവരുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ചിലതരം ഗുളികകള്‍ കഴിക്കുന്നവര്‍ മൈലാഞ്ചിയിടുമ്പോള്‍ അലര്‍ജിയുണ്ടോയെന്ന് പരിശോധിക്കണമെന്ന് മാത്രമാണ് ഇവര്‍ പറയുന്നത്. ഒരാഴ്‌ച വരെ മൈലാഞ്ചിയുടെ നിറം മങ്ങാതെ നിൽക്കും.
ആദ്യം റീടൈൽ ആയാണ് വ്യവസായം തുടങ്ങിയത് എങ്കിൽ ഇപ്പോൾ ഹോൾസെയിൽ ആയാണ് വില്‍പന. യുപി സ്വദേശികളായ അഞ്ചുപേർ ശൈഖ് അഖ്‌തറിനൊപ്പം മൈലാഞ്ചി ഉണ്ടാക്കുന്ന ജോലിയില്‍ സഹായത്തിനായുണ്ട്.