ന്യൂഡൽഹി:ഇലക്ട്രിക് വാഹന (ഇവി) നിരയിലെ ഏറ്റവും പുതിയ എസ്‌യുവി, കാസ്‌പർ ഇലക്ട്രിക് സബ് കോംപാക്റ്റ് പുറത്തിറക്കി ഹ്യുണ്ടായ് മോട്ടോഴ്‌സ്. '2024 ബുസാൻ ഇൻ്റർനാഷണൽ മോട്ടോർ ഷോ'യിലാണ് കാസ്‌പർ ഇലക്ട്രികിന്‍റെ പുത്തന്‍ പതിപ്പ് അനാച്ഛാദനം ചെയ്‌തത്. നിലവിലുള്ള കാസ്‌പറിനെ അപേക്ഷിച്ച് അല്‍പം കൂടി വലിയ ബോഡിയാണ് പുതിയ മോഡലിനുള്ളത്.
230 മില്ലിമീറ്റർ നീളവും 15 മില്ലിമീറ്റർ വീതിയും ഹ്യുണ്ടായി പുതിയ മോഡലിന് വർധിപ്പിച്ചിട്ടുണ്ട്. കാറിനുള്ളില്‍ മെച്ചപ്പെട്ട സ്ഥലവും ഡ്രൈവിങ് സ്ഥിരതയും നല്‍കുന്നതാണിത്. ഹ്യുണ്ടായിയുടെ Ioniq മോഡലുകൾക്ക് സമാനമായ ഒരു പിക്‌സൽ ഗ്രാഫിക് തീമാണ് ഫ്രണ്ട് ആൻഡ് റിയർ ടേൺ സിഗ്നൽ ലാമ്പ് ഡിസൈനിൽ കൊടുത്തിരിക്കുന്നത്.
49kWh നിക്കൽ-കൊബാൾട്ട്-മാംഗനീസ് (NCM) ബാറ്ററിയാണ് കാസ്‌പർ ഇലക്ട്രിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 315 കിലോമീറ്റർ വരെ ഡ്രൈവിങ് റേഞ്ച് നല്‍കും. വെറും 30 മിനിറ്റിനുള്ളിൽ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാമെന്നതും കാസ്‌പര്‍ ഇലക്ട്രിക്കിന്‍റെ സവിശേഷതയാണ്.
വാഹനത്തിന്‍റെ V2L (വെഹിക്കിള്‍-ടു-ലോഡ്) ഫങ്ഷൻ, ബാഹ്യ ഉപകരണങ്ങളിലേക്ക് 220 വോൾട്ടേജ് പവർ നൽകാൻ കാറിനെ അനുവദിക്കും. കൂടാതെ ട്രങ്കിൻ്റെ നീളം 100 മില്ലീമീറ്ററോളം വർധിപ്പിച്ചിട്ടുണ്ട്. പുതിയ കാസ്‌പറിലേക്ക് വരുമ്പോള്‍ 47 ലിറ്ററിന്‍റെ അധിക കാർഗോ സ്പേസുമുണ്ട്.
ഇൻ്റീരിയറിൽ 10.25 ഇഞ്ച് എൽസിഡി ക്ലസ്റ്റർ, നാവിഗേഷൻ സിസ്റ്റം, ഇലക്ട്രോണിക് ഗിയർ ഷിഫ്റ്റ് കോളം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, സ്റ്റിയറിങ് വീലിൻ്റെ മധ്യഭാഗത്ത് ചാർജിങ് സ്റ്റാറ്റസ്, വോയ്‌സ് റെക്കഗ്നിഷൻ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ കാണിക്കുന്ന നാല് പിക്‌സൽ ലൈറ്റുകളും കൊടുത്തിരിക്കുന്നു.
ഹ്യുണ്ടായ് മോട്ടോർ അടുത്ത മാസം മുതല്‍ ലോങ് റേഞ്ച് മോഡലിൻ്റെ മുൻകൂർ ഓർഡർ സ്വീകരിക്കുകയും മറ്റ് ട്രിം മോഡലുകൾ പിന്നീട് അവതരിപ്പിക്കുകയും ചെയ്യും. Ioniq 5, 6, Kona Electric, ST1 കൊമേഴ്‌സ്യൽ ഡെലിവറി മോഡൽ, ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന Xcient ഫ്യുവൽ സെൽ ട്രക്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന ഇലക്ട്രിക് മോഡലുകളും ഹ്യുണ്ടായ് പ്രദർശിപ്പിച്ചു.
Also Read: രാജ്യത്ത് ഇരുചക്രവാഹന വില്‍പ്പന കുതിച്ചുയര്‍ന്നു; കാര്‍ വില്‍പ്പനയിലും, കയറ്റുമതിയിലും ഇടിവ് - TWO WHEELER SALES INCREASED