കേരളം

kerala

ETV Bharat / business

ഫോർഡിനെ കടക്കെണിയില്‍ നിന്ന് രക്ഷിച്ച ടാറ്റ; ഇത് രത്തന്‍ ടാറ്റയുടെ മധുര പ്രതികാരത്തിന്‍റെ കഥ

അറിയാത്ത പണിക്ക് പോകരുതായിരുന്നു എന്ന ബിൽ ഫോർഡിന്‍റെ പരിഹാസത്തിന് രത്തൻ ടാറ്റ പകരം വീട്ടിയത് ഫോർഡ് കമ്പനിയെ കടക്കെണിയിൽ നിന്ന് രക്ഷിച്ച്.

By ETV Bharat Kerala Team

Published : 4 hours ago

TATA JAGUAR LAND ROVER DEAL  BILL FORD AND RATAN TATA  TATA FORD REVENGE  RATAN TATA LATEST NEWS
Ratan Tata- File Photo (Etv Bharat)

പ്പുതൊട്ട് കര്‍പ്പൂരം വരെ എന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന വ്യവസായ ശൃംഖലയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രുപ്പിനെ ഇന്നുകാണുന്ന നിലയിലേക്ക് കൈപിടിച്ചുയർത്തിയത് രത്തൻ ടാറ്റ എന്ന ക്രാന്തദർശിയായ മനുഷ്യനും. ടാറ്റയേയും രത്തൻ ടാറ്റയേയും കുറിച്ചോർക്കുമ്പോൾ ടാറ്റയുടെ കാറുകളാകും പലർക്കും ആദ്യം ഓർമയിലെത്തുക. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായ കമ്പനികളിൽ ഒന്നാണ് രത്തൻ ടാറ്റ ജന്മം കൊടുത്ത ടാറ്റ മോട്ടോഴ്‌സ്.

ടാറ്റ മോട്ടോഴ്‌സ് ഇന്നുകാണുന്ന നിലയിലെത്തിയതിനു പിന്നിൽ രത്തൻ ടാറ്റയുടെ ആത്മവിശ്വാസത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും കരുത്തുണ്ട്. ഇന്ന് ലോകത്തെ എണ്ണംപറഞ്ഞ ആഡംബര കാർ കമ്പനികളായ ജാഗ്വറിനെയും ലാൻഡ് റോവറിനെയും വരെ നിയന്ത്രിക്കുന്നത് ഇന്ത്യൻ കമ്പനിയായ ടാറ്റയാണ് എന്നുപറയുമ്പോൾ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം. കാർ നിർമ്മാണ രംഗത്തെ അതികായരായ അമേരിക്കൻ കമ്പനി, ഫോർഡില്‍ നിന്ന് 2008 ൽ ആണ് ടാറ്റ ഗ്രൂപ്പ് ഈ കമ്പനികളെ ഏറ്റെടുക്കുന്നത്. ലോകത്തെ രണ്ട് മുന്തിയ കാർ ബ്രാൻഡുകൾ അന്ന് ടാറ്റ കൈപ്പിടിയിലായപ്പോൾ അത് രത്തൻ ടാറ്റ ഫോർഡ് കമ്പനിയോട് ചെയ്‌ത മധുര പ്രതികാരമായി മാറി.

നടക്കാതെപോയ ഡീലും ഫോർഡിന്‍റെ അപമാനവും

1998 ൽ ആണ് രത്തൻ ടാറ്റയുടെ കീഴില്‍ ടാറ്റ മോട്ടോഴ്‌സ് 'ടാറ്റ ഇൻഡിക്ക' എന്ന കാർ പുറത്തിറക്കുന്നത്. തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് വിപണിയിലെത്തിച്ച ഇന്ത്യയിലെ ആദ്യത്തെ കാറായിരുന്നു ഇൻഡിക്ക. എന്നാൽ ഈ കാറിന് ഇന്ത്യൻ വിപണിയിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. വിൽപന ഏതാനും യൂണിറ്റുകളിൽ ഒതുങ്ങിയത് ടാറ്റ ഗ്രുപ്പിന് വൻ നഷ്‌ടം വരുത്തിവെച്ചു. ഈ സാഹചര്യത്തിൽ ടാറ്റ മോട്ടോഴ്‌സ് എന്ന കമ്പനി വിറ്റൊഴിവാക്കാനാണ് പലരും രത്തൻ ടാറ്റയെ ഉപദേശിച്ചത്.

ആദ്യ ഇന്‍ഡിക്ക കാർ പുറത്തിറക്കുന്നു (X/ratantata)

ഭീമമായ കടം നികത്താൻ മറ്റ് വഴികൾ തെളിയാഞ്ഞതിനാൽ തന്നെ ഒടുവിൽ കമ്പനി വിൽക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഇതിനായി അന്നത്തെ പല മുൻനിര കമ്പനികളും രംഗത്തുവന്നെങ്കിലും കാർ നിർമാണ രംഗത്തെ അതികായരായ ഫോർഡിനെയാണ് അന്ന് രത്തൻ ടാറ്റ തെരഞ്ഞെടുത്തത്. തുടർന്ന് 1999-ൽ വില്‍പന സംബന്ധിച്ച ചർച്ചകൾക്കായി രത്തൻ ടാറ്റയും സംഘവും യു.എസിലേക്ക് പറന്നു. ഫോർഡ് മോട്ടോഴ്‌സിൻ്റെ ചെയർമാനായ ബിൽ ഫോർഡിനെ കാണാനായിരുന്നു ആ യാത്ര.

അപമാനിതനായി മടക്കം

ഇരുപാർട്ടികളും തമ്മിൽ ചർച്ച നടന്നെങ്കിലും വിൽപന നടന്നില്ല. അപമാനിതനായാണ് രത്തൻ ടാറ്റ അന്ന് യുഎസിൽ നിന്ന് മടങ്ങിയത്. അറിയാത്ത പണിക്ക് പോകരുതായിരുന്നു എന്ന വിധത്തിലുള്ള പരിഹാസ ശരങ്ങളാണ് അന്ന് ഇരു കമ്പനികളും തമ്മിൽ നടന്ന ചർച്ചയിൽ ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് തൊടുത്തുവിട്ടത്. അതുമാത്രമല്ല ടാറ്റ മോട്ടോഴ്‌സ് വാങ്ങുന്നതിലൂടെ താൻ രത്തൻ ടാറ്റയ്ക്ക് ഒരു ഉപകാരം ചെയ്യുകയാണെന്നും ഫോർഡ് പറഞ്ഞുവെച്ചു. ഇത്രയൊക്കെ പറഞ്ഞെങ്കിലും മറുത്തൊന്നും പറയാതെ കരാർ ഉപേക്ഷിച്ച് രത്തൻ ടാറ്റ ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

മടങ്ങിയെത്തി ടാറ്റ മോട്ടോഴ്‌സിന്‍റെ പാസഞ്ചർ കാർ വിപണി ഒന്നുകൂടി പരിഷ്‌കരിക്കുകയായിരുന്നു രത്തൻ ടാറ്റ ചെയ്‌തത്‌. അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ ഫലം കാണുന്ന കാഴ്‌ചയാണ് പിന്നീട് ഇന്ത്യൻ വ്യവസായ രംഗം കണ്ടത്. കാർ വിപണിയിൽ ചലനമുണ്ടാക്കിയ സുമോ, സഫാരി, പോലുള്ള നിരവധി വാഹനങ്ങൾ ടാറ്റ കുടുംബത്തിൽ നിന്ന് പിറന്നു. ടാറ്റ കാറുകൾ ഇന്ത്യൻ നിരത്തുകളിൽ സ്ഥിരം സാന്നിധ്യങ്ങളുമായി മാറി.

ഫോർഡിന്‍റെ വീഴ്‌ച

ഇന്ത്യൻ വിപണിയിൽ ടാറ്റ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ആഗോള വിപണിയിൽ ഫോർഡ് കിതക്കുന്ന കാഴ്‌ചയ്ക്കാണ് 2008 ൽ ലോകം സാക്ഷ്യം വഹിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ തങ്ങളുടെ കീഴിലുള്ള കമ്പനികൾ ഒന്നൊന്നായി വിറ്റൊഴിക്കേണ്ട ഗതികേടിലായി. അങ്ങനെയാണ് തങ്ങളുടെ മുന്തിയ കാർ ബ്രാൻഡുകളായ വോൾവോ , ജാഗ്വാർ , ലാൻഡ് റോവർ തുടങ്ങിയവ വില്പന നടത്താനാണ് കമ്പനി തീരുമാനിച്ചത്.

Ratan Tata poses with Jaguar's newly launched C-X16 car during India's Auto Expo, in New Delhi (Reuters)

അങ്ങനെ ഫോർഡ് കമ്പനി കടക്കെണിയിൽപ്പെട്ട് ഉഴലുമ്പോൾ അന്ന് രക്ഷകരായെത്തിയത് ഒരിക്കൽ ബിൽ ഫോർഡ് അപമാനിച്ചുവിട്ട രത്തൻ ടാറ്റ തന്നെയായിരുന്നു. ഒടുവിൽ 2.3 ബില്യൺ ഡോളറിനാണ് ടാറ്റ ഗ്രൂപ് ഫോർഡിൽ നിന്ന് ജാഗ്വാറും ലാൻഡ് റോവറും ഏറ്റെടുക്കുന്നത്. ഏറ്റെടുക്കൽ കരാർ ഒപ്പിടാൻ ബിൽ വേണ്ടി ബിൽ ഫോർഡിന് ഇന്ത്യയിലേക്ക് വരേണ്ടിവന്നത് ചരിത്രം. ഏറ്റെടുക്കൽ കരാർ ഒപ്പുവെക്കാന്‍ ടാറ്റാ ഗ്രൂപ്പിന്‍റെ ആസ്ഥാനമായ ബോംബെ ഹൗസിൽ എത്തിയപ്പോൾ 'നിങ്ങളുടെ ഈ ഏറ്റെടുക്കൽ ഞങ്ങൾക്ക് വലിയ രക്ഷയാണ്' എന്ന് ഫോർഡ് ചെയർമാൻ ബിൽ ഫോർഡിന് പറയേണ്ടിവന്നത് കാലം കാത്തുവച്ച കാവ്യനീതിയായി. ടാറ്റ 9,300 കോടി രൂപയുടെ കരാറിലൂടെയാണ് അന്ന് ടാറ്റ ഫോർഡിനെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

Ratan Tata, Chairman Tata Group and Phil Popham (Gulf News Archives)

അന്നുതൊട്ട് ജാഗ്വറും ലാൻഡ്റോവറും ടാറ്റയുടെ സ്വന്തമാണ്. ഫിർഡിന്‍റെ കൈവശമായിരുന്നപ്പോൾ നഷ്‌ടത്തിലോടിക്കൊണ്ടിരുന്ന ഈ കമ്പനികൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും ലാഭകരമായി നടക്കുന്ന ഓട്ടോമൊബൈൽ ഡിവിഷനുകൾക്കൊപ്പമാണ്. ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതിന് ശേഷമുള്ള ജാഗ്വാറിൻ്റെയും ലാൻഡ് റോവറിൻ്റെയും വാർഷിക വിറ്റുവരവിലുണ്ടായ കുതിപ്പ് രത്തൻ ടാറ്റ എന്ന ദീർഘദർശിയുടെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവാണ്.

Also Read: യുദ്ധം കെടുത്തിയ പ്രണയം, പിന്നെ യാത്ര തനിയേ; ഇത് രത്തന്‍ ടാറ്റയുടെ അമേരിക്കന്‍ പ്രണയകഥ

ABOUT THE AUTHOR

...view details