സമ്പന്നരും അതിസമ്പന്നരും ലോകത്ത് നിരവധിയുണ്ടെങ്കിലും നമ്മുടെ ഭൂമിയില്‍ ഇന്ന് വരെ ഒരു ട്രില്യണയർ അഥവ ലക്ഷം കോടിപതി ഉണ്ടായിട്ടില്ല. ഒരു ട്രില്യണ്‍ എന്നാല്‍ 10^12, അഥവാ 1,000,000,000,000!. നിലവില്‍ ലോകത്ത് ലക്ഷം കോടിപതി ഇല്ലെങ്കിലും രണ്ട് വർഷത്തിനുള്ളിൽ 'കളി' മാറുമെന്നാണ് വെൽത്ത് ട്രാക്കിങ് കമ്പനിയായ ഇൻഫോർമ കണക്റ്റിന്‍റെ പുതിയ റിപ്പോർട്ട് പറയുന്നത്.
സ്‌പേസ് എക്‌സിന്‍റെയും ടെസ്‌ലയുടെയും ഉടമയായ എലോണ്‍ മസ്‌ക് 2027-ഓടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചികയിൽ 237 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്‍റെ നിലവിലെ ആസ്‌തി. മസ്‌കിന്‍റെ സമ്പത്തിന്‍റെ ശരാശരി വാർഷിക വളർച്ചാ നിരക്കും വാർഷിക വളർച്ച നിരക്ക് ശരാശരി 110 ശതമാനമായി തുടരുകയും ചെയ്യുകയാണെങ്കിൽ മസ്‌ക് രണ്ട് വര്‍ഷത്തിനുള്ളില്‍ ട്രില്യണയര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നിലവിലെ വളർച്ചാ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, ലോക ശതകോടീശ്വര സൂചികയിൽ പതിമൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ വ്യവസായ ഭീമന്‍ ഗൗതം അദാനി 2028-ഓടെ രണ്ടാമത്തെ ലക്ഷം കോടീശ്വരന്‍ ആയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞത് ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ ആസ്‌തിയാണ് അദാനിക്ക് 2028 ഓടെ പ്രതീക്ഷിക്കുന്നത്. അദാനി സമ്പത്തിലെ നിലവിലെ 123 ശതമാനം ശരാശരി വാർഷിക വളർച്ച നിരക്ക് തുടരുകയാണെങ്കിൽ ഇത് സാധ്യമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.