ബെംഗളൂരു : യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി അഴുക്കുചാലിൽ തള്ളി. രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. കെ വി ശ്രീനാഥ് (34) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മാധവ റാവുവിനെ സംപിഗെഹള്ളി സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബസവേശ്വര നഗറിലെ ഒരു ധനകാര്യ കമ്പനിയുടെ ശാഖയിൽ ഡെവലപ്‌മെന്‍റ് ഓഫിസറായിരുന്ന ശ്രീനാഥ് സാമ്പിഗെഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തനിസാന്ദ്രയിലെ അഞ്ജനാദ്രി ലേഔട്ടിലാണ് താമസിച്ചിരുന്നത്. മെയ് 28ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ ശ്രീനാഥ് വീട്ടിൽ തിരിച്ചെത്തിയില്ല. മെയ് 29ന് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ശ്രീനാഥിന്‍റെ ഭാര്യ സാമ്പിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അന്വേഷണത്തിൽ, മെയ് 28 ന് കെആർ പുരത്തെ വിജിനാപുരിലുള്ള മാധവ റാവുവിന്‍റെ വീട്ടിൽ ശ്രീനാഥ് പോയതായി കണ്ടെത്തി. എന്നാൽ, തിരിച്ച് പോയതിന്‍റെ ഒരു സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ മാധവ് റാവുവിനെയും കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാധവ് റാവുവിന്‍റെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാധവറാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
രണ്ട് വർഷമായി ശ്രീനാഥും മാധവ് റാവുവും തമ്മില്‍ പരിചയമുണ്ട്. ചിട്ടിപ്പണത്തിനായി ശ്രീനാഥിന് മാധവ് റാവു 5 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, ചിട്ടിപ്പണ വിഷയത്തിൽ അടുത്തിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പണം തിരികെ നൽകണമെന്ന് മാധവ് റാവു ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു.