റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് വനിത നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ ജില്ലയിലെ അബുജ്‌മദ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടത്. മേഖലയില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി.
ഇന്ന് (ഓഗസ്റ്റ് 29) രാവിലെ എട്ട് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ല റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്. നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിപ്രദേശമായ അബുജ്‌മദ് മേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു സംഘം സ്ഥലത്തെത്തിയത്.