ബെംഗളൂരു (കർണാടക) : 13 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള കർണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ ജലക്ഷാമം. കഴിഞ്ഞ ഒരാഴ്‌ചയായി സിലിക്കൺ സിറ്റി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. ജലവിതരണം കൃത്യമായി നടക്കാത്തതും ഭൂഗർഭജലനിരപ്പ് അനുദിനം താഴുന്നതും കുഴൽക്കിണറുകൾ വറ്റിവരണ്ടതുമാണ് ജലക്ഷാമത്തിന് കാരണം. കൂടാതെ, കാലവർഷത്തിൽ മഴയുടെ അഭാവം കാവേരി നദീതട വൃഷ്‌ടിപ്രദേശത്തെ വരൾച്ചയിലാക്കിയതും ഭൂഗർഭജലനിരപ്പ് കുറഞ്ഞതും ജലക്ഷാമം വർധിക്കാനുള്ള മറ്റൊരു കാരണമാണ്.
മഹാദേവ്പൂർ, കെ ആർ പുര, യശ്വന്ത്പൂർ, യലഹങ്ക, ദാസറഹള്ളി, ബടരായൺപുര നിയമസഭ അധികാരപരിധിയിലെ 110 വില്ലേജുകൾ ബിബിഎംപിയിൽ (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) ഉൾപ്പെടുത്തിയിട്ട് ഏകദേശം 16 വർഷം കഴിഞ്ഞു. അവിടെയും താമസക്കാർക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
കോർപ്പറേഷന് 50 ശതമാനം വരുമാനം നൽകുന്ന മഹാദേവപൂർ നിയമസഭ മണ്ഡലത്തിലും ജലക്ഷാമം രൂക്ഷമാണ്. മഹാദേവ്പൂരിലെ എല്ലാ വാർഡുകളിലും വെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിലാണെന്നാണ് റിപ്പോർട്ട്. ഈ മണ്ഡലത്തിൽ വരുന്ന വർത്തൂർ, ഹഗദൂർ തുടങ്ങിയ വാർഡുകളിൽ കുഴൽക്കിണറുകളും വറ്റിവരണ്ടു. നിത്യോപയോഗത്തിന് ടാങ്കർ വെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ ജനങ്ങൾ. ടാങ്കർ ബുക്ക് ചെയ്‌താലും എത്താൻ ഒരാഴ്‌ച എടുക്കുമെന്നതിനാൽ തദ്ദേശ ജനപ്രതിനിധികൾക്കെതിരെ ജനരോഷം ഉയരുന്നുണ്ട്.
കെ ആർ പുരയിലെ അവസ്ഥയും ഇതുതന്നെയാണ്. ദേവസാന്ദ്ര വാർഡിന്‍റെ സ്ഥിതി ആശങ്കാജനകമാണ്. കുടിവെള്ള വിതരണത്തിന് നിരവധി പ്രശ്‌നങ്ങളാണ് ദിനംപ്രതി നേരിടുന്നത്. ആഴ്‌ചയിൽ രണ്ടുതവണ വെള്ളം നൽകിയിരുന്ന ബിബിഎംപി ഇപ്പോൾ ആഴ്‌ചയിലൊരിക്കൽ, അതും അരമണിക്കൂർ മാത്രമാണ് വെള്ളം നൽകുന്നത്.